സുശീൽ കുമാറിന് ജയിലില്‍ പ്രോട്ടീൻ കൂടിയ ഭക്ഷണവും സപ്ലിമെൻററി ഫുഡും നല്‍കണം; ഉത്തരവിട്ട്‌ ഡൽഹി കോടതി

single-img
8 June 2021

രാജ്യത്തിന്റെ മുൻ ജൂനിയർ ദേശീയ ഗുസ്തി ചാമ്പ്യനായ സാഗർ റാണയുടെ കൊലപാതക കേസിൽ അറസ്റ്റിലായ ദേശീയ ഗുസ്തി താരം സുശീൽ കുമാർ സമർപ്പിച്ച പ്രത്യേക ഭക്ഷണ ഹര്‍ജിയിൽ കോടതി ഉത്തരവ്. സുശീലിന് ജയിലിൽ പ്രത്യേക ഭക്ഷണം നൽകാൻ ഉത്തരവിടണമെന്ന് ആവശ്യപ്പെട്ട് അഭിഭാഷകൻ പ്രദീപ് റാണയാണ് ചീഫ് മെട്രോപൊളിറ്റൻ മജിസ്‌ട്രേറ്റ് സത്‌വീർ സിങ് ലാംബ മുമ്പാകെ പ്രത്യേക അപേക്ഷ നൽകിയത്.

ഈ അപേക്ഷയിന്മേല്‍ സുശീൽ കുമാറിന് പ്രോട്ടീൻ കൂടിയ ഭക്ഷണവും സപ്ലിമെൻററി ഫുഡും നൽകാൻ ഡൽഹി കോടതി ഉത്തരവിടുകയയിരുന്നു. ഡല്‍ഹി പോലീസ് സുശീൽ കുമാറിനെതിരെ കൊലപാതകം, തട്ടിക്കൊണ്ടുപോകൽ, ഗൂഢാലോചന എന്നീ കുറ്റങ്ങളാണ് ചുമത്തിയിരിക്കുന്നത്.

കൊലപാതകത്തെ തുടര്‍ന്ന് ഒളിവില്‍ പോയതിനാല്‍ ഡൽഹി കോടതി സുശീൽ കുമാറിനും മറ്റ് ഒമ്പത് പേർക്കുമെതിരെ ജാമ്യമില്ലാ വാറണ്ട് പുറപ്പെടുവിക്കുകയും, സുശീൽ കുമാറിൻറെ മുൻകൂർ ജാമ്യാപേക്ഷ തള്ളുകയും ചെയ്തിരുന്നു. ഒളിവിൽ കഴിയവേ സുശീൽ കുമാർ ആദ്യം ഹരിദ്വാറിലേക്കും പിന്നീട് ഋഷികേശിലേക്കും തുടർന്ന് ഡൽഹിയിൽ തിരിച്ചെത്തി ഹരിയാനയിലെ വിവിധയിടങ്ങളിൽ കഴിയുകയാണെന്നും സൂചന ലഭിച്ചിരുന്നു.

ഇതേതുടർന്ന്, പോലീസ് ലുക്ക് ഔട്ട്‌ നോട്ടീസ് പുറപ്പെടുവിക്കുകയും ​വിവരം നൽകുന്നവർക്ക്​ ഒരു ലക്ഷം രൂപ പാരിതോഷികം പ്രഖ്യാപിക്കുകയും ചെയ്തു. മേയ് 22ന് അറസ്റ്റിലായ സുശീൽ കുമാർ ഇപ്പോള്‍ പോലീസ് കസ്റ്റഡിയിലാണ്.