കെ സുധാകരന്‍ കെപിസിസി അധ്യക്ഷനാകും; പ്രഖ്യാപനം വൈകില്ലെന്ന് സൂചന

single-img
8 June 2021
k sudhakaran kpcc president

കെപിസിസി അധ്യക്ഷനായി കെ സുധാകരന്റെ പേര് ഉടന്‍ പ്രഖ്യാപിച്ചേക്കും. ഇതിനുള്ള നടപടിക്രമങ്ങള്‍ ഹൈക്കമാന്റ് പൂര്‍ത്തിയാക്കി. ഗ്രൂപ്പുകളില്‍ നിന്ന് കടുന്ന എതിര്‍പ്പുകളുണ്ടായിട്ടും അതൊന്നും കണ്ടില്ലെന്ന് നടിച്ചാണ് കെ സുധാകരനെ പ്രഖ്യാപിക്കാനുള്ള നീക്കം. വലിയ ലക്ഷ്യങ്ങളും പ്രതീക്ഷകളുമാണ് സുധാകരന്റെ സ്ഥാനലബ്ധിയിലൂടെ കോണ്‍ഗ്രസ് ദേശീയ നേതൃത്വത്തിനുള്ളത്.

സംസ്ഥാന കോണ്‍ഗ്രസിനെ എക്കാലവും നിയന്ത്രിച്ചുവന്ന ഗ്രൂപ്പുകളെ നിയന്ത്രിക്കുകയാണ് ഇതില്‍ ആദ്യത്തേത്. സാധാരണക്കാരായ പാര്‍ട്ടി പ്രവര്‍ത്തകര്‍ക്ക് ആത്മവിശ്വാസം നല്‍കി അവരെ പ്രാദേശിക ഘടകങ്ങളില്‍ സജീവമാക്കാന്‍ സുധാകരന് കഴിയുമെന്നാണ് ഹൈക്കമാന്റിന്റെ പ്രതീക്ഷ. മുതിര്‍ന്ന ഗ്രൂപ്പുമാനേജര്‍മാരുടെ സമ്മര്‍ദ ശക്തിയെ അതിജീവിക്കാനാകാതെ വിഎം സുധീരന്‍ രാജിവച്ചിരുന്നു. സമാന സാഹചര്യത്തില്‍ ഒറ്റയാന്‍ ശൈലിയില്‍ പ്രവര്‍ത്തിക്കുന്ന സുധാകരന് അടിതെറ്റില്ലെന്നാണ് ദേശീയ നേതൃത്വത്തിന്റെ വിലയിരുത്തല്‍. രാഹുല്‍ ഗാന്ധിയുടെ കടുത്ത നിലപാടാണ് സമ്മര്‍ദങ്ങള്‍ക്കുപരിയായി സുധാകരനില്‍ തന്നെ നിലുറപ്പിക്കാന്‍ ദേശീയ നേതൃത്വത്തെ നിര്‍ബന്ധിതമാക്കിയത്.

കെപിസിസി അധ്യക്ഷ സ്ഥാനത്തേക്ക് കെ സുധാകരനെ നിര്‍ദേശിച്ച് മുതിര്‍ന്ന നേതാവും എംപിയുമായ ശശി തരൂരടക്കമുള്ള നേതാക്കള്‍ രംഗത്തെത്തിയിരുന്നു.