കെ സുരേന്ദ്രനെതിരായ കോഴ കേസ് ക്രൈം ബ്രാഞ്ച് അന്വേഷിക്കും; തെരഞ്ഞെടുപ്പ് കമ്മീഷൻ റിപ്പോർട്ട് തേടി

single-img
8 June 2021

സംസ്ഥാന നിയമസഭാ തെരഞ്ഞെടുപ്പില്‍ മഞ്ചേശ്വരത്ത് സ്ഥാനാർത്ഥിത്വത്തിൽ നിന്നും പിന്മാറാൻ ബിഎസ്പി സ്ഥാനാർത്ഥി കെ സുന്ദരയ്ക്ക് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ കോഴ നൽകിയെന്ന ആരോപണം ജില്ലാ ക്രൈം ബ്രാഞ്ച് ഡിവൈഎസ്പിയുടെ നേതൃത്വത്തില്‍ അന്വേഷിക്കും. അതേസമയം, സംഭവത്തില്‍ ബദിയടുക്ക പോലീസ് ഇന്നലെ കേസ് രജിസ്റ്റർ ചെയ്തിരുന്നു.

മജിസ്ട്രേറ്റ് കോടതിയുടെ അനുമതിയോടെയാണ് 171 ബി വകുപ്പ് അനുസരിച്ച് സുരേന്ദ്രനെതിരെ കേസെടുത്തിരിക്കുന്നത്. കോഴ നല്‍കിയെന്ന ആരോപണങ്ങളുടെ അടിസ്ഥാനത്തിൽ മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷൻ ടിക്കാറാം മീണ സംഭവത്തില്‍ റിപ്പോർട്ട് തേടിയിട്ടുണ്ട്.നിയമസഭാ തെരഞ്ഞെടുപ്പ് കൈക്കൂലി സംബന്ധിച്ച പരാതിയിൽ സംസ്ഥാന പോലീസ് മേധാവിയിൽ നിന്നും ജില്ലാ കളക്ടറിൽ നിന്നും റിപ്പോർട്ട് തേടിയതായി മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ ടിക്കാറാം മീണ അറിയിക്കുകയും ചെയ്തു.

സുരേന്ദ്രനെതിരെ തെരഞ്ഞെടുപ്പ് കൈക്കൂലി കേസ് തെളിഞ്ഞാൽ ആറ് വർഷം വരെ തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിൽ നിന്നും വിലക്ക് ഏർപ്പെടുത്തുമെന്നും അദ്ദേഹം വ്യക്തമാക്കി.