രാജ്യത്ത് പുതിയ കൊവിഡ് വകഭേദം, ഗുരുതര രോഗലക്ഷണമുള്ള വൈറസ്

single-img
7 June 2021

രാജ്യത്ത് പുതിയ കൊവിഡ് വകഭേദം കണ്ടെത്തിയതായി റിപ്പോര്‍ട്ട്. വകഭേദം സംഭവിച്ച ബി 1.1.28.2 വൈറസിനെയാണ് കണ്ടെത്തിയത്. പൂനെയില നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജിയില്‍ നടത്തിയ ജീനോം സീക്വന്‍സിംഗിലാണ് വകഭേദം കണ്ടെത്തിയത്. എലി വര്‍ഗത്തില്‍പ്പെട്ട ജീവിയില്‍ നടത്തിയ പഠനത്തിലാണ് പുതിയ വൈറസിനെ ഐസൊലേറ്റ് ചെയ്തെടുത്തിയിരിക്കുന്നത്.

ബ്രസീല്‍, ബ്രിട്ടന്‍ തുടങ്ങിയ രാജ്യങ്ങളില്‍ നിന്നെത്തിയവരിലാണ് പുതിയ കൊവിഡ് വകഭേദം കണ്ടെത്തിയത്. രോഗം ബാധിച്ചവരില്‍ ഗുരുതര രോഗലക്ഷണങ്ങളാണ് കണ്ടെത്തിയിരിക്കുന്നത്. മറ്റ് കൊവിഡ് ബാധയുടെ ലക്ഷണങ്ങളായ ഭാരം കുറയല്‍, കടുത്ത പനി തുടങ്ങിയവയും പുതിയ വകഭേദം ബാധിച്ചവരില്‍ പ്രകടമാകുന്നുണ്ട്. പകര്‍ച്ചാ സാധ്യത കൂടുതലാണെന്നും റിപ്പോര്‍ട്ടുകളുണ്ട്.

അതേ സമയം രാജ്യത്ത് കഴിഞ്ഞ 24മണിക്കൂറിനിടെ 1,00,636 കൊവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു. രണ്ടാം തരംഗത്തിലെ കൊവിഡ് വ്യാപനം കുറയുന്ന ഘട്ടത്തില്‍ 2427 ആണ് മരണനിരക്ക്. രോഗമുക്തി നിരക്ക് 94 ശതമാനത്തിലേക്ക് അടുക്കുകയാണ്.

14 ലക്ഷത്തിലധികം ആളുകളാണ് രാജ്യത്ത് ആകെ കൊവിഡ് ചികിത്സയിലുള്ളത്. മഹാരാഷ്ട്രയിലെ ആകെ മരണ സംഖ്യ ഒരു ലക്ഷം കടന്നതായി ആരോഗ്യമന്ത്രാലയം അറിയിച്ചു. രാജ്യത്തെ ടെസ്റ്റ് പോസിറ്റിവിറ്റി 6.3 ശതമാനത്തിലെത്തി. കഴിഞ്ഞ ദിവസത്തെ അപേക്ഷിച്ച് നേരിയ വര്‍ധനവാണിത്.