ഇറുകിയ പാന്‍റ്സ് ധരിച്ച് പാർലെമന്‍റിലെത്തി; വനിതാ എംപിയോട് പുറത്തുപോകാനാവശ്യപ്പെട്ട് ടാൻസാനിയ സ്പീക്കർ

single-img
6 June 2021

ലോകത്തിൽ ആദ്യമായി വസ്ത്ര ധാരണത്തെച്ചൊല്ലി ഒരു എംപിയ്ക്ക് പാർലമെന്‍റിൽ സദാചാര പ്രശ്നങ്ങൾ നേരിടേണ്ടി വന്നിരിക്കുകയാണ്. ‘ശരീരത്തോട് വളരെ ഇറുകിയ പാന്‍റ്സ് ധരിച്ചെന്ന്’ പറഞ്ഞുകൊണ്ട് ടാൻസാനിയയിലെ വനിതാ പാർലമെന്‍റ് അംഗത്തിനോട് സ്പീക്കർ പുറത്തുപോകാൻ ആവശ്യപ്പെടുകയായിരുന്നു.

ടാൻസാനിയയിലെ എംപിയായ കണ്ടസ്റ്റർ സിക്വാലേയാണ് കഴിഞ്ഞ ദിവസം ‘ഇറുകിയ വസ്ത്രം ധരിച്ച്’ പാർലെമന്‍റിലെത്തിയത്. എംപി ധരിച്ചിരുന്നപാന്‍റ്സ് ഇറുകിയതാണെന്ന് സഭയിലെ ഒരു പുരുഷ എംപി ഉയർത്തി. പിന്നാലെ സ്പീക്കർ ഇടപെട്ടതോടെ സംഭവം വിവാദമാവുകയായിരുന്നു. ടാന്‍സാനിയന്‍ ഭരണ കക്ഷി അംഗവും സിക്വാലേയുടെ സഹപ്രവർത്തകനുമായ ഹുസൈൻ അമറാണ് സഭയിലെ വനിതാ അംഗങ്ങളുടെ വസ്ത്ര ധാരണത്തെക്കുറിച്ച് പരാതിപ്പെട്ടത്.

പാർലമെന്‍റ് എന്നത് ടാൻസാനിയയുടെ കണ്ണാടിയാണെന്നും അതിനാല്‍വനിതാ എംപിമാർ അവർ ധരിക്കുന്ന വസ്ത്രങ്ങളുടെ കാര്യത്തിൽ ശ്രദ്ധാലുവായിരിക്കണണെന്നും അമർ പറയുകയും ചെയ്തു. എന്നാല്‍ വനിതാ അംഗത്തിന്‍റെ വസ്ത്ര ധാരണം ചർച്ചയായതിന് പിന്നാലെ വിഷയത്തിൽ ഇടപെട്ട സ്പീക്കർ സിക്വാലേയോട് പുറത്തുപോയി നല്ലരീതിയില്‍ വസ്ത്രം ധരിച്ച് തിരിച്ചുവരാൻ ആവശ്യപ്പെടുകയായിരുന്നു.

ഈ മാസം ഒന്നിനാണ് വിവാദമായ സംഭവം നടന്നതെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്. അതേസമയം, സ്പീക്കറുടെ ആവശ്യപ്രകാരം എംപി സഭ വിട്ട് പുറത്ത് പോയിരുന്നോ എന്ന് വ്യക്തമല്ല. സംഭവത്തില്‍ സ്പീക്കര്‍ക്കെതിരെ മറ്റു വനിതാ എംപിമാർ പ്രതിഷേധിക്കുകയും ചെയ്തിരുന്നു. സിക്വാലേയ്ക്കെതിരായ നടപടി ശരിയായില്ലെന്നും അവർ നല്ല രീതിയിലാണ് വസ്ത്രം ധരിച്ചതെന്നും വിവാദ നടപടയിൽ ക്ഷമ ചോദിക്കണമെന്നുമാണ് സഹപ്രവർത്തകർ ആവശ്യപ്പെട്ടത്.