കെഎസ്ആര്‍ടിസി എന്ന പേര് മാറ്റില്ല, തുടര്‍ന്നും ഉപയോഗിക്കുമെന്ന് കര്‍ണാടക

single-img
4 June 2021

കെഎസ്ആര്‍ടിസിയെന്ന പേര് മാറ്റില്ലെന്ന് കര്‍ണാടക അറിയിച്ചു. തങ്ങളുടെ ഹര്‍ജിയില്‍ അന്തിമവിധിയൊന്നും ഇതുവരെ വന്നിട്ടില്ലെന്നും, കേരളത്തിന്റെ അവകാശവാദങ്ങള്‍ വസ്തുതാപരമായി തെറ്റാണെന്നും കര്‍ണാടക ആര്‍ടിസി എംഡി പ്രസ്താവനയിലൂടെ അറിയിച്ചു.

തങ്ങളുടെ ഹര്‍ജി പരിഗണിക്കുന്ന ഇന്റെലക്ച്വല്‍ പ്രോപ്പര്‍ട്ടി അപ്പലേറ്റ് ബോര്‍ഡിനെ കേന്ദ്രം കഴിഞ്ഞ ഏപ്രിലില്‍ ഓര്‍ഡിനന്‍സിലൂടെ പിരിച്ചുവിട്ടിരുന്നു. ബോര്‍ഡ് പരിഗണിച്ചുവന്നിരുന്ന ഹര്‍ജികള്‍ ഹൈക്കോടതിയിലേക്ക് മാറ്റുകയും ചെയ്തു. ട്രേഡ്മാര്‍ക്ക് രജിസ്ട്രിയുടെ വിധി ഇതുവരെ തങ്ങള്‍ക്ക് ലഭിച്ചിട്ടില്ല. അതുകൊണ്ടുതന്നെ കെഎസ്ആര്‍ടിസിയെന്ന പേര് തുടര്‍ന്നും ഉപയോഗിക്കും. ഇതിന് നിയമപരമായി യാതൊരു തടസവുമില്ലെന്നാണ് കേരളത്തിന്റെ അവകാശവാദങ്ങള്‍ നിഷേധിച്ചുകൊണ്ട് കര്‍ണാടക ആര്‍ടിസി എംഡി നിരത്തുന്ന വാദങ്ങള്‍.

കേരളം വിധിയുടെ പകര്‍പ്പ് നല്‍കിയാല്‍ വിശദമായ മറുപടി നല്‍കുമെന്നും കര്‍ണാടക ആര്‍ടിസി എംഡി പ്രസ്താവനയിലൂടെ അറിയിച്ചു. കര്‍ണാടക ആര്‍ടിസി ഉദ്യോഗസ്ഥര്‍ വിധിയുടെ പകര്‍പ്പ് നല്‍കാനാവശ്യപ്പെട്ട് ഗതാഗതമന്ത്രി ആന്റണി രാജുവിനെയും സമീപിച്ചിട്ടുണ്ട്. ഇത് ലഭിച്ച ശേഷമായിരിക്കും തുടര്‍ നിയമനടപടികള്‍. എന്നാല്‍ കെഎസ്ആര്‍ടിസി എന്ന പേര് കര്‍ണാടകത്തിന് വിട്ടു നല്‍കാനാകില്ലെന്ന് കെഎസ്ആര്‍ടിസി എംഡി ബിജു പ്രഭാകര്‍ ആവര്‍ത്തിച്ചു.