വികസനം ലക്ഷ്യമാക്കിയ പോസിറ്റീവ് ബജറ്റ്; ആരോഗ്യവും ഭക്ഷണവും ഉറപ്പാക്കാന്‍ പദ്ധതികള്‍; 20000 കോടി രൂപയുടെ കൊവിഡ് പാക്കേജ്

single-img
4 June 2021

ധനമന്ത്രി കെ.എന്‍ ബാലഗോപാലിന്റെയും രണ്ടാം പിണറായി സര്‍ക്കാരിന്റെയും ആദ്യ ബജറ്റ് നിയമസഭയില്‍ അവതരിപ്പിച്ചു. ചരിത്ര വിജയം സമ്മാനിച്ച ജനങ്ങള്‍ക്ക് നന്ദി അറിയിച്ചാണ് ധനമന്ത്രി ബജറ്റ് പ്രസംഗം ആരംഭിച്ചത്. രാഷ്ട്രീയ കുതിരക്കച്ചവടത്തില്‍ നിന്ന് കേരളത്തെ രക്ഷിക്കുന്നതില്‍ ഇടതുപക്ഷത്തിന്റെ പങ്ക് വലുതായിരുന്നു. കേന്ദ്ര അന്വേഷണ ഏജന്‍സികളുടെ അന്വേഷണം കൂടി വന്നപ്പോള്‍ ഒന്നാം പിണറായി സര്‍ക്കാര്‍ നേരിട്ടത് വലിയ പ്രതിസന്ധികളായിരുന്നു. അതെല്ലാം മറികടന്നുള്ള വിജയമാണുണ്ടായത്. വികസന കാഴ്ചപ്പാട് ഉള്‍ക്കൊള്ളുന്ന ബജറ്റാണ് ടി.എം തോമസ് ഐസക് ഈ വര്‍ഷം അവതരിപ്പിച്ചത്. അതിലെ പ്രഖ്യാപനങ്ങള്‍ എല്ലാം നടപ്പാക്കും. കോവിഡാനന്തര കേരളത്തിന്റെ നിര്‍മിതിയില്‍ ഒരുമിച്ച് നില്‍ക്കാമെന്ന് ധനമന്ത്രി പറഞ്ഞു.വികസനം ലക്ഷ്യമിടുന്ന പോസിറ്റീവ് ബജറ്റാണിതെന്ന് ധനമന്ത്രി പറഞ്ഞു. പ്രകടന പത്രികയിലെ പ്രഖ്യാപനങ്ങള്‍ നടപ്പാക്കാന്‍ സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധരാണെന്നും അദ്ദേഹം പറഞ്ഞു. കോവിഡ് സംസ്ഥാനത്തിന്റെ പൊതുവരുമാനത്തെ ബാധിച്ചു. ജിഎസ്ടി വിഹിതം അനുവദിക്കുന്നതിലുണ്ടായ കാലതാമസവും സംസ്ഥാനത്തെ ബാധിച്ചു. ഓരോ ധനകാര്യ കമ്മിഷനുകള്‍ വരുമ്പോഴും കേരളത്തിനുള്ള കേന്ദ്ര വിഹിതം കുറയുകയാണെന്നും ധനമന്ത്രി പറഞ്ഞു.കൊവിഡ് സൃഷ്ടിച്ച വെല്ലുവിളി നേരിടുന്നതിനായി 20,000 കോടിയുടെ രണ്ടാം കൊവിഡ് പാക്കേജ് ധനമന്ത്രി കെ എന്‍ ബാലഗോപാല്‍ ബജറ്റില്‍ പ്രഖ്യാപിച്ചു.ആരോഗ്യ അടിയന്തരാവസ്ഥ നേരിടുന്നതിന് 2800 കോടി രൂപയും ഉപജീവനം പ്രതിസന്ധിയിലായവര്‍ക്ക് നേരിട്ട് പണം കൈയിലെത്തിക്കുന്നതിനായി 8900 കോടി രൂപയും സാമ്പത്തിക പുനരുജ്ജീവനത്തിനായി വിവിധ ലോണുകള്‍, പലിശ, സബ്‌സിഡി എന്നിവയ്ക്കായി 8300 കോടിയും ഈ പാക്കേജിലൂടെ ലഭ്യമാക്കും.കൊവിഡിനെ നേരിടാന്‍ എല്ലാ പ്രാഥമികാരോഗ്യ കേന്ദ്രങ്ങളിലും 10 ബെഡുകള്‍ ഉള്ള ഐസോലേഷന്‍ വാര്‍ഡിനായി 635 കോടി നീക്കി വച്ചു. കൊവിഡിനെതിരായ യുദ്ധം അവസാനിച്ചിട്ടില്ലെന്നും മൂന്നാം തരംഗത്തിന്റെ വരവ് ഒഴിവാക്കുക വലിയ വെല്ലുവിളിയാണെന്നും ധനമന്ത്രി ബജറ്റ് അവതരണത്തില്‍ പറഞ്ഞു.കൃഷിഭവനുകളെ സ്മാര്‍ട് ആക്കാനുള്ള പദ്ധതിക്ക് ആദ്യഘട്ടമെന്ന നിലയില്‍ 10 കോടി രൂപ വകയിരുത്തി. കര്‍ഷകര്‍ക്ക് 2,600 കോടി രൂപ വായ്പ ലഭ്യമാക്കും. ഉല്‍പന്നങ്ങളുടെ ശേഖരണത്തിനും സംഭരണത്തിനും അഞ്ച് അഗ്രോ പാര്‍ക്കുകള്‍ സ്ഥാപിക്കും. നാലു ശതമാനം പലിശയില്‍ 2,000 കോടി രൂപ വായ്പ നല്‍കും.സെന്റര്‍ ഫോര്‍ ഡിസീസ് കണ്‍ട്രോളിന് 50 ലക്ഷം രൂപയും തോട്ടം മേഖലയുടെ വികസനത്തിന് 2 കോടി രൂപയും വകയിരുത്തി. പാല്‍ മൂല്യവര്‍ധന ഉല്‍പന്നങ്ങള്‍ക്കായി ഫാക്ടറി സ്ഥാപിക്കും.ദാരിദ്ര്യനിര്‍മാര്‍ജന പദ്ധതികള്‍ക്കായി തദ്ദേശസ്ഥാപനങ്ങള്‍ക്ക് പത്തു കോടി രൂപ വകയിരുത്തി. അണക്കെട്ടുകളിലെ മണല്‍ നീക്കം ചെയ്യാന്‍ പദ്ധതി നടപ്പാക്കും. ഈ വര്‍ഷം 10,000 ഓക്‌സിലറി കുടുംബശ്രീ യൂണിറ്റുകള്‍ തുടങ്ങും. വിഷരഹിത പച്ചക്കറികള്‍ കുടുംബശ്രീ വഴി ശേഖരിച്ച് വിതരണം ചെയ്യും. നേരത്തെ പ്രഖ്യാപിച്ച രണ്ടു ലക്ഷം ലാപ്‌ടോപ് വിദ്യാര്‍ഥികള്‍ക്ക് സമയബന്ധിതമായി നല്‍കും. വിദ്യാര്‍ഥികള്‍ക്ക് ടെലി ഓണ്‍ലൈന്‍ കൗണ്‍സിലിങ് നല്‍കുന്നതിന് സ്ഥിരം സംവിധാനം. വെര്‍ച്വല്‍, ഓഗ്മെന്റ് സംവിധാനം പഠനത്തിനായി ഉപയോഗപ്പെടുത്താന്‍ 10 കോടി രൂപ വകയിരുത്തും. ശ്രീനാരായണഗുരു ഓപ്പണ്‍ സര്‍വകലാശാലയ്ക്ക് 10 കോടി രൂപയും ആയുഷ് വകുപ്പിന് 20 കോടി രൂപയും വകയിരുത്തി.തീരദേശത്തിൻ്റെ അടിസ്ഥാന സൗകര്യവികസനത്തിനും തീരസംരക്ഷണത്തിനും 5300 കോടി ചെലവുവരുമെന്ന് ധനമന്ത്രി. ആദ്യഘട്ടമായി 1500 കോടി കിഫ്ബി നല്‍കും. അടുത്ത കാലവര്‍ഷത്തിനു മുന്‍പ് ഇതിന്റെ ഗുണഫലം ലഭിക്കും. നാലു വര്‍ഷം കൊണ്ട് പദ്ധതി പൂര്‍ത്തിയാക്കും. കടലാക്രമണം ചെറുക്കാന്‍ ശാസ്ത്രീയ രീതികള്‍ നടപ്പാക്കും. കടല്‍ഭിത്തികള്‍ ട്രൈപോഡ് ഉപയോഗിച്ച് നേരെയാക്കും. നദീസംരക്ഷണത്തിന് പാക്കേജ്. നദികളും ജലാശയങ്ങളും സംരക്ഷിക്കും.വിനോദസഞ്ചാരമേഖലയുടെ മാര്‍ക്കറ്റിങ്ങിന് 50 കോടിരൂപ അധികം. കെഎഫ്‌സി 400 കോടിരൂപയുടെ വായ്പ ലഭ്യമാക്കും. ടൂറിസം പുനരുജ്ജീവന പാക്കേജിന് സര്‍ക്കാര്‍ വിഹിതമായി 30 കോടി. മലബാര്‍ ലിറ്റററി ടൂറിസം സര്‍ക്യൂട്ട് പ്രഖ്യാപിച്ചു. ബയോ ഡൈവേഴ്‌സിറ്റി പാക്കേജ് കൊല്ലത്ത്. ഇതിനു രണ്ടിനുമായി 50 കോടി വകയിരുത്തി.കുട്ടികളുടെ കലാവാസനകള്‍ പരിപോഷിപ്പിക്കുന്നതിന് സൃഷ്ടികള്‍ വിക്ടേഴ്സ് ചാനലിലൂടെ സംപ്രേഷണം ചെയ്യുന്നതിന് നടപടി. കെ.ആര്‍ ഗൗരിയമ്മയ്ക്ക് സ്മാരകം നിര്‍മിക്കാന്‍ രണ്ടു കോടി രൂപ. വ്യവസായ സംരംഭകത്വ പരിപാടിക്ക് 50 കോടി വകയിരുത്തി. സഞ്ചരിക്കുന്ന മാവേലി സ്റ്റോറുകളുടെ എണ്ണം വര്‍ധിപ്പിക്കും.14.32 ലക്ഷം പ്രവാസികള്‍ കോവിഡിനെ തുടര്‍ന്ന് തിരികെയെത്തി. പ്രവാസികള്‍ക്ക് കുറഞ്ഞ പലിശയ്ക്ക് 1,000 കോടിരൂപ വായ്പ നല്‍കും. കോവിഡ് പശ്ചാത്തലത്തില്‍ പുതിയ നികുതി നിര്‍ദ്ദേശങ്ങളില്ല.കെഎഫ്‌സിയുടെ വായ്പ അടുത്ത 5 വര്‍ഷം കൊണ്ട് 10,000 കോടിയായി ഉയര്‍ത്തും. ഈ വര്‍ഷം 4,500 കോടിരൂപയുടെ പുതിയ വായ്പ കെഎഫ്‌സി അനുവദിക്കും. കെഎഫ്‌സിയില്‍നിന്ന് വായ്പ എടുത്ത് 2020 മാര്‍ച്ചുവരെ കൃത്യമായി തിരിച്ചടച്ചവര്‍ക്ക് കോവിഡ് പ്രതിസന്ധിയില്‍നിന്ന് കരകയറുന്നതിന് 20 ശതമാനം അധിക വായ്പ അനുവദിച്ചിരുന്നു. ഇത്തരം സംരംഭകര്‍ക്ക് 20 ശതമാനം വായ്പകൂടി അധികമായി നല്‍കും. ഇതിനായി 50 കോടി വകയിരുത്തി. പ്രതിസന്ധി നേരിടുന്നവര്‍ക്ക് വായ്പാ തിരിച്ചടവിന് 1 വര്‍ഷം മൊറട്ടോറിയം. കെഎസ്ആര്‍ടിസി സിഎന്‍ജി ബസുകള്‍ക്കായി 100 കോടി വകയിരുത്തി. ഗതാഗതക്കുരുക്ക് ഒഴിവാക്കാന്‍ പഠനത്തിന് 5 കോടിയും വകയിരുത്തി.