കോഴിക്കോട്ട് വാക്സിന്‍ എടുത്ത യുവതി കുഴഞ്ഞുവീണു, പരാതിയുമായി കുടുംബം

single-img
3 June 2021

കോഴിക്കോട് ജില്ലയിലെ വടകര ആയഞ്ചേരി പഞ്ചായത്തിലെ കടമേരി കുടുംബാരോഗ്യകേന്ദ്രത്തില്‍ തീക്കുനി സ്വദേശിനിക്ക് തുടരെ രണ്ട് ഡോസ് കോവിഡ് വാക്സിന്‍ നല്‍കിയതായി പരാതി. തീക്കുനിയിലെ കാരക്കണ്ടി നിസാറിന്റെ ഭാര്യ റജിലയ്ക്ക് (46) രണ്ടുഡോസ് കോവിഷീല്‍ഡ് വാക്സിന്‍ നല്‍കിയതായാണ് പരാതി. ചൊവ്വാഴ്ച വൈകീട്ടാണ് സംഭവം. രാത്രി ഏഴുമണിയോടെ കുഴഞ്ഞുവീണ റജുലയെ വടകര സീയെം ആശുപത്രിയിലും പിന്നീട് കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു.

രണ്ട് ഡോസ് നല്‍കിയിട്ടില്ലെന്നും ആദ്യതവണ സിറിഞ്ച് കുത്തിയപ്പോള്‍ രക്തം കണ്ടതിനാല്‍ വാക്സിന്‍ നല്‍കാതെ പിന്നീട് വീണ്ടും കുത്തുകയായിരുന്നുവെന്നും ആയഞ്ചേരി പി.എച്ച്.സി. മെഡിക്കല്‍ ഓഫീസര്‍ ഡോ. വിജിത്ത് വ്യക്തമാക്കി.

കുടുംബം പറയുന്നത് ഇങ്ങനെ-

ചൊവ്വാഴ്ച മൂന്നരമണിക്കാണ് നിസാറും ഭാര്യയും പി.എച്ച്.സി.യില്‍ വാക്സിനേഷനായി എത്തിയത്. രണ്ടുപേരും അടുത്തടുത്ത കസേരകളിലാണ് ഇരുന്നത്. ഒരു നഴ്സ് വന്ന് ഇടവേളപോലും നല്‍കാതെ റജുലയ്ക്ക് രണ്ടുതവണ വാക്സിന്‍ കുത്തിവെച്ചു. നിസാറിന് ഒരുതവണമാത്രം കുത്തിയപ്പോള്‍ ഭാര്യയ്ക്ക് രണ്ടുതവണ കുത്തിയല്ലോ എന്നുചോദിച്ചു. രണ്ട് ഡോസ് എടുത്തതായി എഴുതിത്തരണമെന്ന് ആവശ്യപ്പെട്ടെങ്കിലും കിട്ടിയില്ല. വിഷയം പഞ്ചായത്തധികൃതരെയും നിസാര്‍ ധരിപ്പിച്ചു.

ബുധനാഴ്ച ഒരു തീര്‍പ്പുണ്ടാക്കിത്തരാമെന്ന ഉറപ്പിലാണ് മടങ്ങിയത്. രാത്രി ഏഴുമണിയോടെ ഭക്ഷണം കഴിക്കുന്നതിനിടയില്‍ റജുല കുഴഞ്ഞുവീഴുകയായിരുന്നു. തുടര്‍ന്ന് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ബുധനാഴ്ച രാവിലെ എം.ആര്‍.ഐ. സ്‌കാനിങ്ങിന് പുറത്തേക്ക് കുറിച്ചുകൊടുക്കുകയായിരുന്നു. പുറത്തെ സ്വകാര്യ സ്‌കാനിങ് സെന്ററില്‍നിന്ന് 2000 രൂപ നല്‍കിയാണ് സ്‌കാനിങ് നടത്തിയത്.

സ്‌കാനിങ്ങിന് വിധേയമാക്കിയപ്പോള്‍ രണ്ട് ഇന്‍ജക്ഷന്‍ എടുത്തതിന്റെ അടയാളം വ്യക്തമായി കണ്ടിരുന്നുവെന്ന് നിസാര്‍ പറഞ്ഞു. ഇടതുവശം തളര്‍ന്ന നിലയിലാണ്. അത് ക്രമേണ ശരിയാകുമെന്നാണ് ഡോക്ടര്‍മാര്‍ പറഞ്ഞത്.

എന്നാല്‍ ഇവരുടെ ആരോഗ്യനിലയില്‍ കുഴപ്പമില്ലെന്ന് മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പല്‍ ഡോ. വി.ആര്‍. രാജേന്ദ്രന്‍ പറഞ്ഞു. എല്ലാവിധ ചികിത്സകളും നല്‍കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. എന്നാല്‍, പരാതിയില്‍ ഉറച്ചുനില്‍ക്കുന്നുവെന്നുവാണ് നിസാറിന്റെ വാദം.