രാംദേവ് പറഞ്ഞത് പൗരന്റെ മൗലികവകാശമായ അഭിപ്രായ സ്വാതന്ത്രം; മെഡിക്കൽ അസോസിയേഷനോട് ഡൽഹി ഹൈക്കോടതി

single-img
3 June 2021

പതഞ്ജലി പുറത്തിറക്കിയ കൊറോണില്‍ മെഡിസിന്‍ കൊവിഡ് ഭേദമാക്കുമെന്ന രീതിയില്‍ വ്യാജ പ്രചരണം നടത്തുന്ന ബാബ രാംദേവിനെതിരെ ഡല്‍ഹി മെഡിക്കല്‍ അസോസിയേഷന്‍ സമര്‍പ്പിച്ച ഹര്‍ജിയില്‍ വിവാദ പ്രസ്താവനയുമായി ജഡ്ജ് സി ഹരിശങ്കര്‍.

രാംദേവ് ഉയര്‍ത്തിയ വാദങ്ങള്‍ പൗരന്റെ അഭിപ്രായ സ്വാതന്ത്ര്യവുമായി ബന്ധപ്പെട്ടതാണെന്നാണ് ഡല്‍ഹി ഹൈക്കോടതി ജസ്റ്റിസ് സി ഹരിശങ്കര്‍ അഭിപ്രായപ്പെടുകയായിരുന്നു. രാജ്യത്തെ പൗരന്റെ മൗലികവകാശമായ അഭിപ്രായ സ്വാതന്ത്ര്യമായേ രാംദേവിന്റെ കൊറോണില്‍ അനുബന്ധ പ്രസ്താവനകളെ കാണാനാകൂഎന്ന് അഭിപ്രായപ്പെട്ട ജസ്റ്റിസ് തനിക്ക് ഹോമിയോപ്പതി വ്യാജമാണെന്ന് തോന്നിയാല്‍ ഹോമിയോ ഡോക്ടര്‍മാര്‍ എനിക്കെതിരെ കേസ് ഫയല്‍ ചെയ്യുമോ എന്നും ചോദിച്ചു.

അതിനാല്‍ ഇതുപോലുള്ള വിഷയങ്ങളില്‍ ഹരജി നല്‍കി സമയം കളയാതെ കൊറോണ വൈറസിന് മരുന്ന് കണ്ടുപിടിക്കാനാണ് ഐ എം എ ശ്രമിക്കേണ്ടതെന്നും ജസ്റ്റിസ് ഹരി ശങ്കര്‍ പറഞ്ഞു. അതേസമയം ബാബ രാംദേവിന്റെ വ്യാജ പ്രചരണങ്ങള്‍ ജനങ്ങള്‍ക്കിടയില്‍ തെറ്റിദ്ധാരണയുണ്ടാക്കിയെന്നും നിരവധി പേര്‍ വാക്‌സിനേഷനെടുക്കേണ്ടതില്ലെന്ന തീരുമാനത്തിലേക്കെത്തിയെന്നുമാണ് ഇതിന് മറുപടിയായി ഐ എം എയുടെ അഭിഭാഷകന്‍ ജഡ്ജിനോട് പറഞ്ഞത്.