കൊടകര കുഴല്‍പ്പണവുമായി ബിജെപിക്ക് ബന്ധമില്ലെന്ന് ആവര്‍ത്തിച്ച് കെ സുരേന്ദ്രന്‍; നടക്കുന്നത് കുപ്രചരണങ്ങള്‍

single-img
3 June 2021

കൊടകര കുഴല്‍പ്പണകേസുമായി ബിജെപിക്ക് ബന്ധമുണ്ടെന്ന ആരോപണം നിഷേധിച്ച് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍. കുഴല്‍പ്പണം ബിജെപിയുടേതാണെന്നാണ് ഇപ്പോള്‍ പുറത്തുവരുന്ന കുപ്രചരണങ്ങള്‍. ആസൂത്രിതമായി വലിയൊരു പുകമറ സൃഷ്ടിച്ചുകൊണ്ടിരിക്കുകയാണ്. സി കെ ജാനുവിനെ പറ്റിയുള്ള ആരോപണങ്ങള്‍ പാര്‍ട്ടിയില്‍ തന്നെ ഉയര്‍ന്ന ആരോപണങ്ങളാണെന്നും താന്‍ പണം നല്‍കിയിട്ടില്ലെന്നും സുരേന്ദ്രന്‍ പറഞ്ഞു.

ഇതുവരെയും അന്വേഷണത്തോട് സഹകരിക്കാതിരുന്നിട്ടില്ലെന്നും പൊലീസ് രണ്ടരമാസമായി എന്താണ് കണ്ടെത്തിയതെന്നും സുരേന്ദ്രന്‍ ചോദിച്ചു. ഇപ്പോള്‍ നടക്കുന്ന നീക്കം മുഴുവന്‍ ആസൂത്രിതവും രാഷ്ട്രീയപ്രേരിതവുമാണ്. എന്ത് ഉദ്ദേശിച്ചായാലും ഒന്നും നടക്കാന്‍ പോകുന്നില്ല എന്നാണ് മുഖ്യമന്ത്രിയോട് പറയാനുള്ളത്. സ്വര്‍ണക്കടത്തും ഡോളര്‍ക്കടത്തുമായി ബന്ധപ്പെട്ട കേസുകളിലൊക്കെ കൃത്യമായി അന്വേഷണം നടക്കും’.

കൊടകര കേസില്‍ ബിജെപിക്ക് ബന്ധമില്ലാത്തത് കൊണ്ടാണ് അതിന് പിന്നില്‍ ആരാണെന്ന് തെളിയണം എന്നാഗ്രഹിക്കുന്നത്. ബിജെപി നേതാക്കളെ ചോദ്യം ചെയ്യലിന് വിളിപ്പിച്ചത് അകാരണമായാണ്. മാധ്യമങ്ങള്‍ നുണപ്രചാരണം നടത്തിക്കൊണ്ടിരിക്കുകയാണ്. കേസിനെ രാഷ്ട്രീയമായി നേരിടാണോ നിസഹകരിക്കാനോ ശ്രമിച്ചിട്ടില്ല. കള്ളപ്പണം ബിജെപിക്ക് വേണ്ടി വന്നതല്ലെന്ന് നൂറ് ശതമാനം ഉറപ്പുള്ളത് കൊണ്ടാണ് കേരള പൊലീസിന്റെ അന്വേഷണത്തോട് സഹകരിക്കുന്നത്. സ്വര്‍ണക്കടത്ത് സമയത്ത് സിപിഎം എന്താണ് ചെയ്തത്? വെളുപ്പിന് നാല് മണിക്ക് തലയില്‍ മുണ്ടിട്ടാണ് പലരും മാധ്യമങ്ങളെ പേടിച്ച് പോയത്. സിപിഐഎമ്മിനെ അനുകൂലിക്കുന്ന ഒരു വിഭാഗം മാധ്യമങ്ങളുടെ സഹായത്തോടെ ബിജെപിക്കെതിരെ കുപ്രചാരവേല നടത്തുകയാണ്. പണത്തിന്റെ ഉറവിടം അന്വേഷിക്കുന്നതിന് പകരം ശൂന്യതയില്‍ നിന്ന് കഥയുണ്ടാക്കുകയാണ് പൊലീസ്. ബാക്കി തുക കണ്ടെത്താന്‍ പൊലീസിന് കഴിയാത്തത് എന്തുകൊണ്ടാണ് എന്നും കെ സുരേന്ദ്രന്‍ ചോദിച്ചു.