വാക്സിനേഷൻ സ്വീകരിക്കുന്നവർക്ക് സൗജന്യ ബിയർ വാ​ഗ്ദാനം ചെയ്ത് ജോ ബൈഡന്‍

single-img
3 June 2021

രാജ്യത്ത് കൊവിഡിനെതിരെ വാക്സിൻ സ്വീകരിക്കുന്നവർക്ക് സൗജന്യ ബിയർ വാ​ഗ്ദാനം ചെയ്ത് അമേരിക്കന്‍ പ്രസിഡന്‍റ് ജോ ബൈഡന്‍. അമേരിക്കയുടെ സ്വാതന്ത്ര്യദിനത്തോട് അനുബന്ധിച്ച് ജൂലൈ നാല് ദേശീയ അവധി ദിനത്തില്‍ രാജ്യത്തെ 70 ശതമാനം ആളുകളിലേക്കും വാക്സീൻ എത്തിക്കാനുള്ള പദ്ധതിയാണ് ഈ പ്രഖ്യാപനം വഴി വൈറ്റ് ഹൗസ് ലക്ഷ്യമാക്കുന്നത്.

‘വാക്സിന്‍ ഒരു ഷോട്ട് നേടു, ഒരു ബിയര്‍ കഴിക്കുക’ എന്നാണ് പ്രചാരണത്തില്‍ കഴിഞ്ഞ ദിവസം ബൈഡന്‍ ആഹ്വാനം ചെയ്തത്.വിമുഖത കാണിക്കുന്ന ജനങ്ങളിലേക്ക് വാക്സിനേഷൻ പ്രോത്സാഹിപ്പിക്കുന്നതിനുള്ള ഈ പദ്ധതിയിലേക്ക് നിരവധി ആനുകൂല്യങ്ങളാണ് ഹൗസ് വാ​ഗ്ദാനം ചെയ്തിരിക്കുന്നത്.

വാക്സിനേഷന്റെ ഫലവും പ്രാധാന്യവും ജനങ്ങളിലേക്ക് കൃത്യമായി എത്തിക്കുന്നതിനും രാജ്യത്തെ സ്വകാര്യ മേഖലയുടെയും പൊതുമേഖലയുടെയും പങ്കാളിത്തവും ഭരണകൂടം ഉറപ്പാക്കിയിട്ടുണ്ട്.നിലവില്‍ ആന്‍ഹ്യൂസര്‍ ബുഷ് പോലെയുള്ള മദ്യകന്പനി മുതല്‍ ബാര്‍ബര്‍ ഷോപ്പുകള്‍ വരെയാണ് വാക്സീന്‍ പദ്ധതിയിലേക്ക് വൈറ്റ്ഹൌസ് എത്തിച്ചിരിക്കുന്നത്.

ഇപ്പോള്‍ തന്നെ അമേരിക്കയിലെ ജനസംഖ്യയുടെ 62.8 ശതമാനം പേർ ഇതുവരെ ഒരു ഡോസ് വാക്സീനെങ്കിലും സ്വീകരിച്ചിട്ടുള്ളവരാണ്. 133.6 ദശലക്ഷം പേർ പൂർണ്ണമായി വാക്സീൻ സ്വീകരിച്ചവരാണ്.