എല്ലാമൊരു സ്വപ്‌നം പോലെ തോന്നുന്നു; മകനെ പരിചയപ്പെടുത്തി ശ്രേയ ഘോഷാല്‍

single-img
2 June 2021

മനോഹരമായ പാട്ടുകളിലൂടെ മലയാളി പ്രേക്ഷകര്‍ക്ക് പ്രിയങ്കരിയായ ഗായികയാണ് ശ്രേയ ഘോഷാല്‍. വ്യക്തിജീവിതത്തിലെ ഏറെ സന്തോഷം നിറഞ്ഞ ഒരു ഘട്ടത്തിലൂടെയാണ് അവര്‍ കടന്നുപോകുന്നത്. ആദ്യമായി അമ്മയായതിന്റെ സന്തോഷം സോഷ്യല്‍ മീഡിയയിലൂടെ ആരാധകരുമായി അവര്‍ പങ്കുവച്ചിരുന്നു. ഇപ്പോഴിതാ മകന് തങ്ങള്‍ ഇട്ടിരിക്കുന്ന പേരും പങ്കുവച്ചിരിക്കുകയാണ് ശ്രേയ.

ദേവ്‌യാന്‍ മുഖോപാധ്യായ എന്നാണ് മകനു പേരിട്ടതെന്ന് ശ്രേയ പറയുന്നു. ഭര്‍ത്താവിനും മകനുമൊപ്പമുള്ള ചിത്രവും ശ്രേയ സോഷ്യല്‍ മീഡിയയിലൂടെ പങ്കുവച്ചിട്ടുണ്ട്. ‘ദേവ്‌യാന്‍ മുഖോപാധ്യായയെ പരിചയപ്പെടുത്തുകയാണ്. ഞങ്ങളുടെ ജീവിതത്തെ എക്കാലത്തേക്കും മാറ്റിക്കൊണ്ട് മെയ് 22ന് അവന്‍ എത്തി. ഒരു അമ്മയ്ക്കും അച്ഛനും മാത്രം സ്വന്തം കുഞ്ഞിനോട് തോന്നുന്ന ഒരുതരം സ്‌നേഹം കൊണ്ട് ആദ്യ കാഴ്ചയില്‍ത്തന്നെ അവന്‍ ഞങ്ങളുടെ ഹൃദയം നിറച്ചു. പരിശുദ്ധവും നിയന്ത്രിക്കാനാവാത്തതുമായ സ്‌നേഹം. ഇപ്പോഴും ഒരു സ്വപ്‌നം പോലെയാണ് തോന്നുന്നത്. ജീവിതത്തിലെ ഈ മനോഹര സമ്മാനത്തിന് ശൈലാദിത്യയും ഞാനും ഏറെ കടപ്പെട്ടവരായിരിക്കും’, ശ്രേയ ഫേസ്ബുക്കില്‍ കുറിച്ചു. ബാല്യകാല സുഹൃത്ത് കൂടിയായ ശൈലാദിത്യ മുഖോപാധ്യായയുമായുള്ള ശ്രേയ ഘോഷാലിന്റെ വിവാഹം 2015 ഫെബ്രുവരി 5ന് ആയിരുന്നു.