കേരളത്തില്‍ കൊവിഡ് വ്യാപനം കുറയുന്നതായി വിലയിരുത്തല്‍

single-img
2 June 2021

സംസ്ഥാനത്തെ കൊവിഡ് വ്യാപനം കുറയുന്നതായി വിലയിരുത്തല്‍. പ്രതിദിന രോഗ ബാധിതരേക്കാള്‍ രോഗമുക്തരുണ്ടാവുന്ന സ്ഥിതി അടുത്ത ദിവസങ്ങളിലും തുടര്‍ന്നേക്കും. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കിലും ക്രമാനുഗതമായ കുറവ് രേഖപ്പെടുത്തുന്നത് ആശാവഹമാണ്. രണ്ടാഴ്ചയ്ക്കുള്ളില്‍ ടിപിആര്‍ പത്ത് ശതമാനത്തില്‍ താഴെയാക്കാനാകുമെന്നാണ് ആരോഗ്യ വകുപ്പിന്റെ വിലയിരുത്തല്‍.

അതേസമയം മരണനിരക്ക് ഉയരുന്നത് സംസ്ഥാനത്തിന് ആശങ്കയാകുകയാണ്. ഇന്നലത്തെ 194 മരണങ്ങള്‍ ഉള്‍പ്പെടെ സംസ്ഥാനത്തെ കൊവിഡ് മരണം 9000 കവിഞ്ഞു. തിരുവനന്തപുരം ജില്ലയിലാണ് കൊവിഡ് മരണങ്ങള്‍ കൂടുതല്‍. ഇതുവരെ 1793 പേര്‍ തിരുവനന്തപുരത്ത് കൊവിഡിന് കീഴടങ്ങി. തലസ്ഥാന ജില്ലയിലെ മരണനിരക്ക് 0.71 ശതമാനം. സംസ്ഥാന ശരാശരിയേക്കാള്‍ ഉയര്‍ന്ന നിരക്കാണ് ഇത്.

ഇന്നലെ ഒറ്റ ദിവസം മാത്രം 44 മരണങ്ങളാണ് തിരുവനന്തപുരത്ത് റിപ്പോര്‍ട്ട് ചെയ്തത്. ഏറ്റവും കുറവ് കൊവിഡ് മരണങ്ങള്‍ ഇടുക്കിയിലാണ്. 63. 60 വയസിന് മുകളില്‍ പ്രായമുള്ള 6584 പേരാണ് സംസ്ഥാനത്ത് കൊവിഡ് മൂലം മരിച്ചത്. 41 നും 59 നും ഇടയില്‍ പ്രായമുള്ള 2048 പേരും, 18നും 40 ഇടയിലുള്ള 363 പേരും, 17 വയസില്‍ താഴെയുള്ള 14 കുട്ടികളും കൊവിഡ് മൂലം മരിച്ചുവെന്നാണ് സര്‍ക്കാര്‍ നല്‍കുന്ന കണക്ക്.

അതേ സമയം കേരളത്തില്‍ ജൂണ്‍ 9 വരെയാണ് ലോക്ക്ഡൗണ്‍. കൂടുതല്‍ ഇളവുകള്‍ പല മേഖലയ്ക്കും അനുവദിച്ചിട്ടുണ്ട്.