കുഴല്‍പ്പണം വയനാട്ടിലേക്കുമൊഴുകി, സികെ ജാനുവിന് കെ സുരേന്ദ്രന്‍ 10 ലക്ഷം രൂപ നല്‍കിയെന്ന് ജനാധിപത്യ രാഷ്ട്രീയ പാര്‍ട്ടി നേതാവ് പ്രസീത

single-img
2 June 2021

സികെ ജാനുവിന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍ 10 ലക്ഷം രൂപ നല്‍കിയെന്ന് ജനാധിപത്യ രാഷ്ട്രീയ പാര്‍ട്ടി സംസ്ഥാന ട്രഷറര്‍ പ്രസീത അഴീക്കോട്. കണ്ണൂരില്‍ വാര്‍ത്താ സമ്മേളനം നടത്തിയാണ് അവര്‍ ആരോപണം ഉന്നയിച്ചത്. ജാനു ചോദിച്ചത് 10 കോടി രൂപയാണെന്നും പ്രസീത പറയുന്നു. പ്രസീതയുടെ ഫോണ്‍ സംഭാഷണം വാട്‌സാപ്പിലൂടെ പുറത്തായിരുന്നു. ഇതിന് പിന്നാലെയാണ് ആരോപണം പൊതുമധ്യത്തില്‍ വിളിച്ചുപറഞ്ഞ് പ്രസീത രംഗത്ത് വന്നത്. ആരോപണം സികെ ജാനു നിഷേധിച്ചു.

കെ.സുരേന്ദ്രന്റെ വിജയ് യാത്രയുടെ സമാപനത്തിന് മുന്നോടിയായി മാര്‍ച്ച് 6 നാണ് ജാനുവിന് പണം നല്‍കിയതെന്ന് പ്രസീത പറയുന്നു. പണം കിട്ടിയതോടെയാണ് അമിത് ഷാ പങ്കെടുത്ത പരിപാടിക്ക് ജാനു എത്തിയത്. സുരേന്ദ്രന്‍ ജാനുവിന് പണം കൊടുത്തത് തെരഞ്ഞെടുപ്പ് പ്രവര്‍ത്തനത്തിനല്ലെന്നും വ്യക്തിപരമായാണ് നല്‍കിയതെന്നും ഇവര്‍ കുറ്റപ്പെടുത്തുന്നു.

എന്‍ഡിഎ വിട്ട് ഇടതുപക്ഷത്തേക്ക് പോയ ജാനു, ഈ സമയത്ത് നേതാക്കളോട് പണം വാങ്ങിയെന്നും, അത് കൊടുക്കാതെ തിരികെ എന്‍ഡിഎയിലേക്ക് വരാനാവില്ലെന്നുമായിരുന്നു ജാനു പറഞ്ഞത്. അതിന് വേണ്ടിയായിരുന്നു പത്ത് ലക്ഷം രൂപ വാങ്ങിയത്. ഇതിന് ശേഷവും സി കെ ജാനുവിന് സുരേന്ദ്രന്‍ പണം നല്‍കിയെന്നും ആരോപണമുണ്ട്. ബത്തേരിയില്‍ മാത്രം 1.75 കോടി തെരഞ്ഞെടുപ്പിനെന്ന് പറഞ്ഞ് ഒഴുക്കിയെന്നാണ് വിവരം.

സി കെ ജാനു ആദിവാസികളുടെ തലയെണ്ണി പണം വാങ്ങുകയാണ്. തലപോയാലും താമര ചിഹ്നത്തില്‍ മത്സരിക്കില്ലെന്ന് പറഞ്ഞ ജാനു പണത്തിന് വേണ്ടിയാണ് വാക്കു മാറ്റിയതെന്ന് പ്രസീത ആരോപിക്കുന്നു.