ലോക്ക്ഡൗണില്‍ ഇന്നുമുതല്‍ നിലവില്‍ വരുന്ന ഇളവുകള്‍ ഏതെല്ലാം?

single-img
1 June 2021

സംസ്ഥാനത്ത് ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങളില്‍ ഇന്നുമുതല്‍ കൂടുതല്‍ ഇളവുകള്‍ നിലവില്‍ വരും. പ്രഭാത, സായാഹ്ന നടത്തത്തിന് ഇന്നുമുതല്‍ അനുമതിയുണ്ട്. രാവിലെ അഞ്ച് മുതല്‍ ഏഴ് വരെയും വൈകിട്ട് ഏഴ് മുതല്‍ ഒന്‍പത് വരെയുമാണ് നടത്തത്തിന് അനുമതി. ഹയര്‍സെക്കന്ററി പരീക്ഷയുടെ മൂല്യനിര്‍ണയവും ഇന്ന് തുടങ്ങും. 79 ക്യാമ്പുകളിലായി 26,000 അധ്യാപകരാണ് മൂല്യനിര്‍ണയത്തിന് പങ്കാളികളാകുന്നത്.

ജൂണ്‍ ഏഴ് മുതല്‍ സര്‍ക്കാര്‍ ഓഫീസുകളില്‍ 50 ശതമാനം ജീവനക്കാരുമായി പ്രവര്‍ത്തിക്കാം. തൃശൂരില്‍ വ്യാപാരികളും മന്ത്രിമാരുമായി നടത്തിയ ചര്‍ച്ചയെ തുടര്‍ന്ന് ശക്തന്‍ മാര്‍ക്കറ്റ് പ്രവര്‍ത്തിച്ചുതുടങ്ങി. കൊവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചാണ് പ്രവര്‍ത്തനം. മൊത്തവ്യാപാര കടകള്‍ക്ക് പുലര്‍ച്ചെ ഒന്നുമുതല്‍ 8 വരെയും ചെറുകിട വ്യാപാര കേന്ദ്രങ്ങള്‍ രാവിലെ 8 മുതല്‍ 12 വരെയും തുറക്കാം. തൊഴിലാളികളുടെ എണ്ണത്തിലും നിയന്ത്രണമുണ്ട്. മത്സ്യ, മാംസ കടകള്‍ക്ക് തിങ്കള്‍, ബുധന്‍, ശനി ദിവസങ്ങളില്‍ തുറക്കാം.

അതേ സമയം ഇന്നലെ സംസ്ഥാനത്ത് 12,300 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. തിരുവനന്തപുരം 1750, മലപ്പുറം 1689, പാലക്കാട് 1300, എറണാകുളം 1247, കൊല്ലം 1200, തൃശൂര്‍ 1055, ആലപ്പുഴ 1016, കോഴിക്കോട് 857, കോട്ടയം 577, കണ്ണൂര്‍ 558, കാസര്‍ഗോഡ് 341, പത്തനംതിട്ട 277, ഇടുക്കി 263, വയനാട് 170 എന്നിങ്ങനേയാണ് ജില്ലകളില്‍ രോഗ ബാധ സ്ഥിരീകരിച്ചത്. 89,345 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 13.77 ആണ്. റുട്ടീന്‍ സാമ്പിള്‍, സെന്റിനല്‍ സാമ്പിള്‍, സിബി നാറ്റ്, ട്രൂനാറ്റ്, പി.ഒ.സി.ടി. പി.സി.ആര്‍., ആര്‍.ടി. എല്‍.എ.എം.പി., ആന്റിജന്‍ പരിശോധന എന്നിവ ഉള്‍പ്പെടെ ഇതുവരെ ആകെ 1,97,95,928 സാമ്പിളുകളാണ് പരിശോധിച്ചത്.