ബിജെപിയുടെ അക്കൌണ്ട് കേരളത്തിൽ പൂട്ടിയെങ്കിലും കെ സുരേന്ദ്രന്റെ അക്കൌണ്ടിലുള്ളത് 100 കോടി രൂപ ബാലൻസ്; വെളിപ്പെടുത്തലുമായി ബിജെപി നേതാവ്

single-img
1 June 2021

സംസ്ഥാനത്തെ നിയമസഭാ തിരഞ്ഞെടുപ്പ് കഴിഞ്ഞപ്പോള്‍ കേരളത്തിൽ ബി ജെ പിയുടെ അക്കൗണ്ട് പൂട്ടിയെങ്കിലും സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രന്റെ അക്കൗണ്ടിൽ 100 കോടി രൂപ എത്തിയെന്ന് ആരോപണവുമായി പാർട്ടി നേതാവ് സി ജയകൃഷ്ണൻ. തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി ബിജെപി കേന്ദ്രനേതൃത്വം നൽകിയ ഫണ്ട് കെ. സുരേന്ദ്രൻ തട്ടിയെടുത്തെന്ന് സി ജയകൃഷ്ണൻ ഫെയ്സ്ബുക്കിൽ എഴുതുകയായിരുന്നു.

എ ക്ലാസ് മണ്ഡലങ്ങളായ 25 സീറ്റുകളില്‍ നിര്‍ത്തിയ സുരേന്ദ്രന്റെ അടുപ്പക്കാരായ സ്ഥാനാര്‍ഥികളിലൂടെ 50 കോടിയും ബി ക്ലാസ്, സി ക്ലാസ് മണ്ഡലങ്ങളായ ബാക്കി സീറ്റുകളിലൂടെ 50 കോടിയില്‍ പരം രൂപയും സുരേന്ദ്രന് ലഭിച്ചിട്ടുണ്ട് എന്ന് സി ജയകൃഷ്ണൻ പറയുന്നു.

പോസ്റ്റിന്റെ പൂര്‍ണ്ണരൂപം വായിക്കാം:

നിയമസഭാതെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചു മൂന്നാം നാള് ആണെന്ന് തോന്നുന്നു സുരേന്ദ്രന്‍ എന്നെ കാണാന്‍ വീട്ടില്‍ വന്നത്. കോന്നി ഉപതെരഞ്ഞെടുപ്പില്‍ സുരേന്ദ്രന് വേണ്ടി പരിശ്രമിച്ചതിന്റെ നന്ദിസൂചകമായിട്ടാണെന്ന് തോന്നി കോന്നി സീറ്റില്‍ മത്സരിക്കാന്‍ താല്പര്യമുണ്ടോ എന്ന് ചോദിച്ചു. അപ്രതീക്ഷിതമായിരുന്നു ആ ചോദ്യം. സുരേട്ടന്‍ മത്സരിക്കുന്നില്ലേ ?? മുതിര്‍ന്ന നേതാക്കള്‍ ഇവിടെ മത്സരിക്കും എന്നൊക്കെയാണ് വിചാരിച്ചത് എന്ന് ഞാന്‍ പറഞ്ഞപ്പോള്‍ ജയകൃഷ്ണന്റെ തീരുമാനം എന്താണ് എന്ന മറുപടിയാണ് അധ്യക്ഷന്‍ കേട്ടറിഞ്ഞത്.
പാര്‍ട്ടിക്ക് വേണ്ടി പഞ്ചായത്ത് പരിധിക്കപ്പുറം മത്സരിച്ച പരിചയം കൊണ്ട് ‘മത്സരിക്കാം’ എന്ന ഉത്തരം നല്‍കി.. എ ക്ലാസ് മണ്ഡലം ആയത് കൊണ്ട് ഫണ്ടിങ്ങിന്റെ കാര്യത്തില്‍ ഒരു കുറവും ഉണ്ടാകില്ലെന്ന് കരുതിക്കൂടിയാണ് സമ്മതം മൂളിയത്.

എന്റെ നോമിനിയായി ജയകൃഷ്ണന്റെ പേര് നിര്‌ദേശിക്കുമെന്നും തികച്ചും എന്നോടുള്ള വ്യക്തിപരമായ താല്പര്യം കൊണ്ടാണ് സ്ഥാനാര്‍ഥിപട്ടികയില്‍ ഉള്‍ക്കൊള്ളിക്കാന്‍ പോകുന്നതെന്നും പറഞ്ഞിട്ട് പോയ സുരേന്ദ്രന്‍ 2 ദിവസം കഴിഞ്ഞു വിളിച്ചിട്ട് പ്രചാരണത്തിന് പാര്‍ട്ടി നല്‍കുന്ന ഫണ്ടിനെക്കുറിച്ചു പറയുന്നു. തുക കേട്ട് ഞാന്‍ ഞെട്ടി.

എ ക്ലാസ് മണ്ഡലത്തിന് കേന്ദ്രനേതൃത്വം നല്‍കുന്ന തുകയുടെ 6ല്‍ ഒന്ന് മാത്രമാണ് സുരേന്ദ്രന്‍ ഓഫര്‍ ചെയ്തിരിക്കുന്നത്.. ബാക്കി തുകയോ എന്ന് ചോദിച്ചപ്പോള്‍ തല്ക്കാലം ഇത്രയൊക്കെ പ്രതീക്ഷിച്ചാല്‍ മതിയെന്നും ഫണ്ട് വരുമെന്നും എന്തേലും കൂടെ തരാന്‍ ശ്രമിക്കാം ഞാനുമുണ്ട് പ്രചാരണത്തിന് എന്നുമുള്ള മറുപടിയും….. കാര്യം വ്യക്തമായി… 2 ദിവസം ഇരുന്ന് ആലോചിചിട്ടാണ് കടം വരുത്തിവെച്ച് മത്സരിക്കണോ എന്നുള്ള കാര്യത്തില്‍ ‘വേണ്ട’ എന്ന തീരുമാനത്തിലേക്കെത്തിചേര്‍ന്നത്. അത് സുരേന്ദ്രനെ വിളിച്ചു പറയുകയും ചെയ്തു /എതാനും ദിവസങ്ങള്‍ കഴിഞ്ഞു ബിജെപി സ്ഥാനാര്‍ഥിപട്ടിക പ്രഖ്യാപിച്ചു.

പല മണ്ഡലങ്ങളിലും അപ്രതീക്ഷിത സ്ഥാനാര്‍ഥികള്‍. എന്റെ ജില്ലയായ പത്തനംതിട്ടയില്‍ പെടുന്ന എ ക്ലാസ് മണ്ഡലങ്ങളായ അടൂര്‍, തിരുവല്ല, ആറന്മുള… (പറയാന്‍ സീറ്റുകള്‍ ഒരുപാടുണ്ട് ) പലയിടത്തെയും സ്ഥാനാര്‍ഥികളെ കുറിച്ച് കേട്ട് കേള്‍വി പോലുമില്ല. വാര്‍ഡ് തെരഞ്ഞെടുപ്പില്‍ പോലും മത്സരിക്കാത്തവര്‍ ബിജെപിയുടെ 40% അസംബ്ലിസീറ്റുകളില്‍ മത്സരിക്കുന്നു.. ഇതാണ് ഇതിന്റെ പിന്നാമ്പുറകഥകളിലേക്ക് എന്നെ എത്തിച്ചത്… ഒരു എ ക്ലാസ് മണ്ഡലത്തിന് കേന്ദ്രത്തില്‍ നിന്ന് കിട്ടുന്നത് 3കോടി മുതല്‍ 5 കോടി വരെയാണ്. ഈ ക്യാറ്റഗറിയില്‍ ഉള്ള നാല്പതോളം മണ്ഡലങ്ങള്‍ ഉണ്ട്.

പിന്നീടുള്ള 59 മണ്ഡലങ്ങള്‍ ബി ക്യാറ്റഗറിയില്‍ ഉള്‍പ്പെടുന്നതാണ് 2 കോടി മുതല്‍ 4 കോടി വരെയാണ് ഈ മണ്ഡലങ്ങള്‍ക്ക് നീക്കി വച്ചിരിക്കുന്നത്. സി ക്യാറ്റഗറിയില്‍ വരുന്ന 41 സീറ്റില്‍ 1-2 കോടിയും. ഘടകകക്ഷികളുടെ സീറ്റുകളും ഇതില്‍ ഉള്‍പെടും. സുരേന്ദ്രന്‍ മുതിര്‍ന്നനേതാക്കളെ പലരെയും തഴഞ്ഞുകൊണ്ട് തന്റെ ഇഷ്ടക്കാര്‍ക്കും മറ്റും സീറ്റുകള്‍ വാരിക്കോരി കൊടുത്തതോടെ എനിക്ക് കാര്യം വ്യക്തമായി ഫിഫ്റ്റി ഫിഫ്റ്റി വീതിച്ചെടുക്കുക. ഒരു എ ക്ലാസ് മണ്ഡലത്തിന് അനുവദിച്ച 4 കോടി കോടിയില്‍ നിന്ന് 2 കോടി കിട്ടിയാല്‍ എന്താ കൈയ്ക്കുമോ??

മുതിര്‍ന്നനേതാക്കളോടും മറ്റും വിലപേശാന്‍ പറ്റില്ല അടുപ്പക്കാരോട് മൂന്നില്‍ രണ്ടോ, ഫിഫ്റ്റിഫിഫ്റ്റി യോ ഒക്കെ ആയി കാശ് വീതിച്ചെടുക്കാം.. എ ക്ലാസ് മണ്ഡലങ്ങളായ 25 സീറ്റുകളില്‍ നിര്‍ത്തിയ സുരേന്ദ്രന്റെ അടുപ്പക്കാരായ സ്ഥാനാര്‍ഥികളിലൂടെ 50 കോടിയും ബി ക്ലാസ്, സി ക്ലാസ് മണ്ഡലങ്ങളായ ബാക്കി സീറ്റുകളിലൂടെ 50 കോടിയില്‍ പരം രൂപയും സുരേന്ദ്രന് ലഭിച്ചിട്ടുണ്ട്.. ചുരുക്കത്തില്‍ ഈ ഇലക്ഷന്‍ കഴിഞ്ഞപ്പോള്‍ ബിജെപിയുടെ അകൗണ്ട് കേരളത്തില്‍ പൂട്ടിയെങ്കിലും കെ സുരേന്ദ്രന്റെ അകൗണ്ടില്‍ 100 കോടി രൂപ ബാലന്‍സ് ആയി കിടപ്പുണ്ട്,. കോന്നിയിലെ കണക്ക് ഈ നൂറ് കോടിക്കിടയില്‍ മുക്കിക്കളയരുത് കേട്ടോ ഒടുവില്‍. സംസ്ഥാനഅധ്യക്ഷന്‍ തന്നെ മത്സരിച്ച കോന്നിയില്‍ അമിത് ഷാ അനുവദിച്ച 5 കോടിയും അപ്പാടെ നമ്മുടെ അധ്യക്ഷന്‍ വിഴുങ്ങി.

ബിജെപിയുടെ മുഴുവന്‍ ഇലക്ഷന്‍ഫണ്ടും ഉപയോഗിച്ച് തെരഞ്ഞെടുപ്പ് നടന്ന ഒരേയൊരു സീറ്റെയുള്ളു അത് മഞ്ചേശ്വരം ആണ് ( തൃശൂര്‍.നേമം ഒഴിച്ച് ) അതിന്റെ പ്രയോജനം അവിടെ ഉണ്ടായി 2019 നെ അപേക്ഷിച്ചു 10000 വോട്ട് അവിടെ ബിജെപിക്ക് വര്‍ധിച്ചു അതെ സമയം പോസ്റ്റര്‍ പോലും വേണ്ടത്ര ഒട്ടിക്കാതെ ഇലക്ഷന്‍ ഫണ്ട് മൊത്തമായി വിഴുങ്ങിയ കോന്നിയില്‍ 20000 വോട്ട് 2019നെ അപേക്ഷിച്ചു കുറയുകയും ചെയ്തു. എ ക്ലാസ് ക്യാറ്റഗറിയില്‍ പെടുന്ന കഴക്കൂട്ടം മണ്ഡലത്തില്‍ ശോഭ സുരേന്ദ്രനെ സ്ഥാനാര്‍ഥിയാക്കാതെ തങ്ങളുടെ നോമിനികളെ സ്ഥാനാര്‍ഥികള്‍ ആക്കുവാന്‍ ആകുന്നത് പയറ്റിസുരേന്ദ്രനും മുരളീധരനും.

ശോഭ സ്ഥാനാര്‍ഥി ആയാല്‍ വീതം വെപ്പ് നടക്കില്ലെന്ന് അധ്യക്ഷന് അറിയാമായിരുന്നു.ശോഭയോടുള്ള വ്യക്തിവിരോധം ഒന്നുമല്ലായിരുന്നു അതിന് കാരണം.രണ്ടു രണ്ടരകോടി രൂപ വഴുതിപോകുമല്ലോ എന്നുള്ള ഭയം മലപ്പുറം ലോക്‌സഭാഉപതെരഞ്ഞെടുപ്പിന്റെ കണക്ക് ഞാനിതില്‍ ചേര്‍ത്തിട്ടില്ലെന്ന് വിനയപുരസ്സരം അറിയിക്കുന്നു..’