H10N3 പക്ഷിപ്പനി മനുഷ്യരിലേക്ക് പടരുന്നു; ചൈനയില്‍ ആദ്യ കേസ് സ്ഥിരീകരിച്ചു

single-img
1 June 2021

പക്ഷിപ്പനിയുടെ H10N3 വകഭേദം ആദ്യമായി മനുഷ്യനില്‍ സ്ഥിരീകരിച്ചു. ചൈനയുടെ കിഴക്കന്‍ പ്രവിശ്യയായ ജിയാങ്‌സുവിലാണ് പക്ഷിപ്പനി വൈറസിനെ മനുഷ്യനില്‍ കണ്ടെത്തിയത്.
പക്ഷിപ്പനി പടര്‍ത്തുന്ന ഏവിയന്‍ ഇന്‍ഫ്‌ലുവന്‍സ് വൈറസിന്റെ നിരവധി വകഭേദങ്ങള്‍ ലോകമെമ്പാടും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഇതില്‍ H5N8 ഉള്‍പ്പെടെയുള്ള വകഭേദങ്ങള്‍ മനുഷ്യനില്‍ പടരുന്ന കേസുകള്‍ നേരത്തെ സ്ഥിരീകരിച്ചിട്ടുണ്ട്. H10N3 വകഭേദം ഇതാദ്യമായാണ് മനുഷ്യനില്‍ സ്ഥിരീകരിക്കുന്നത്.

സെയ്ജിയാങ് നഗരത്തിലെ 41കാരനിലാണ് പക്ഷിപ്പനി വൈറസ് സ്ഥിരീകരിച്ചത്. ഇയാളുടെ ആരോഗ്യനില തൃപ്തികരമാണ്. കോഴിഫാമുകളില്‍ നിന്നാണ് രോഗം പകരുന്നതെന്നും പകര്‍ച്ചവ്യാധിയായി മാറാനുള്ള സാധ്യത വളരെ കുറവാണെന്നും അധികൃതര്‍ വ്യക്തമാക്കി.
പക്ഷിപ്പനിയുടെ തീവ്രത കുറഞ്ഞ വൈറസ് വകഭേദമാണ് H10N3. പക്ഷിപ്പനിയില്‍ H5N8 വകഭേദമാണ് പക്ഷികളെ സാരമായി ബാധിക്കുന്നത്. വടക്കു-കിഴക്കന്‍ ചൈനയിലെ ഷെന്യാങ് നഗരത്തില്‍ കഴിഞ്ഞ ഏപ്രിലില്‍ പക്ഷിപ്പനിയുടെ H5N8 വകഭേദം റിപ്പോര്‍ട്ട് ചെയ്തിരുന്നു.

കേരളത്തില്‍ കഴിഞ്ഞ വര്‍ഷം പക്ഷിപ്പനി ആശങ്കയാഴ്ത്തിയിരുന്നു. ആലപ്പുഴയിലും കുട്ടനാട്ടിലും ആയിരക്കണക്കിന് താറാവുകളുടെയും കോഴികളുടെയും നാശത്തിന് വഴിയൊരുക്കിയത് H5N8 ഏവിയന്‍ ഇന്‍ഫ്‌ലുവന്‍സ വൈറസാണ്. അത് കൊണ്ടു തന്നെ ജാഗ്രതയായിരിക്കണമെന്നാണ് ആരോഗ്യവകുപ്പിന്റെ നിര്‍ദേശം.