മഴക്കാലമാണ്, വ്യക്തിശുചിത്വം ഉറപ്പാക്കണം: ജലജന്യ രോഗങ്ങള്‍ക്കെതിരെ ജാഗ്രതയെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ്

single-img
31 May 2021

കാലവര്‍ഷം വരാനിരിക്കെ കോവിഡിനൊപ്പം ജലജന്യ രോഗങ്ങള്‍ക്കെതിരെയും ജാഗ്രത പാലിക്കണമെന്ന് മന്ത്രി വീണ ജോര്‍ജ്.വ്യക്തിശുചിത്വവും പരിസര ശുചിത്വവും പാലിക്കണം. ശുദ്ധജലത്തോടൊപ്പം മലിനജലം കലരാതിരിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കണം. ഇതിലൂടെയാണ് ജലജന്യ രോഗങ്ങളായ വയറിളക്കം, മഞ്ഞപ്പിത്തം, ടൈഫോയ്ഡ്, കോളറ തുടങ്ങിയവ പടര്‍ന്നുപിടിക്കുക. വേനല്‍ക്കാലത്തും തുടര്‍ന്ന് വരുന്ന മഴക്കാലത്തുമാണ് വയറിളക്ക രോഗങ്ങള്‍ കൂടുതലായി സംസ്ഥാനത്ത് റിപ്പോര്‍ട്ട് ചെയ്യുന്നത്. ശുദ്ധജലംമാത്രം കുടിക്കുക എന്നതാണ് വയറിളക്ക രോഗങ്ങളെ പ്രതിരോധിക്കാനുള്ള മാര്‍ഗം.

കോവിഡ് പ്രതിരോധത്തിനായി നാം ചെയ്യുന്ന ഫലപ്രദമായ കൈകഴുകല്‍ ജലജന്യ രോഗങ്ങളെയും പ്രതിരോധിക്കാന്‍ സഹായിക്കും. തുടര്‍ന്നുള്ള ദിവസങ്ങളില്‍ ആരോഗ്യ വകുപ്പ് നല്‍കുന്ന മാര്‍ഗനിര്‍ദേശങ്ങള്‍ എല്ലാവരും കൃത്യമായി പാലിക്കണമെന്നും മന്ത്രി വ്യക്തമാക്കി.
വയറിളക്ക രോഗങ്ങള്‍ ശരീരത്തിലെ ജലാംശവും പോഷകാംശവും ധാതുലവണങ്ങളും നഷ്ടപ്പെടുത്തുന്നു. നിര്‍ജലീകരണം സംഭവിക്കാതിരിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കണം. യഥാസമയം ചികിത്സ ലഭിക്കാതിരുന്നാല്‍ രോഗിയുടെ ജീവനുതന്നെ ഭീഷണിയാകും.

വീട്ടില്‍ എന്തൊക്കെ കാര്യങ്ങള്‍ ശ്രദ്ധിക്കണം

90 ശതമാനം വയറിളക്ക രോഗങ്ങളും വീട്ടില്‍ ലഭ്യമാകുന്ന പാനീയങ്ങള്‍കൊണ്ട് ഭേദമാക്കാന്‍ കഴിയും. ഉപ്പിട്ട കഞ്ഞിവെള്ളം, കരിക്കിന്‍ വെള്ളം, ഉപ്പും പഞ്ചസാരയും ചേര്‍ത്ത നാരങ്ങ വെള്ളം, ഉപ്പിട്ട മോരുംവെള്ളം തുടങ്ങിയവ ചികിത്സയ്ക്ക് ഉപയോഗിക്കാം. ഛര്‍ദിയോ വയറിളകിയോമൂലം ജലാംശം നഷ്ടപ്പെട്ടാല്‍ വീണ്ടും ഇവ നല്‍കണം. പാനീയചികിത്സകൊണ്ട് നിര്‍ജലീകരണവും അതുവഴിയുണ്ടാകുന്ന മരണങ്ങളും കുറയ്ക്കാന്‍ സാധിക്കുന്നു. ജലാംശ ലവണാംശ നഷ്ടം പരിഹരിക്കാന്‍ ഡോക്ടറുടെയോ ആരോഗ്യ പ്രവര്‍ത്തകരുടെയോ നിര്‍ദേശാനുസരണം കൃത്യമായ അളവിലും ഇടവേളകളിലും ഒആര്‍എസ് ലായനി കൊടുക്കാം