കൊവിഡ് വ്യാപനം; തിരുവനന്തപുരം ജില്ലയിലെ ഗ്രാമീണ മേഖലകളില്‍ കര്‍ശന നിയന്ത്രണം

single-img
31 May 2021

തിരുവനന്തപുരം ജില്ലയിലെ ഗ്രാമീണ മേഖലകളിലും നിയന്ത്രണം കര്‍ശനമാക്കാന്‍ തീരുമാനം. ലോക്ക്ഡൗണ്‍ ലംഘിക്കുന്നവര്‍ക്കെതിരെ അറസ്റ്റും പിഴയും ഉണ്ടായേക്കും. രോഗികളുടെ എണ്ണം 2000 കടന്നതോടെയാണ് നഗര മേഖലയ്‌ക്കൊപ്പം ഗ്രാമീണ മേഖലയിലും നിയന്ത്രണം കടുപ്പിക്കാന്‍ തീരുമാനിച്ചത്. മാസ്‌ക് ധരിക്കാത്തവര്‍ ഗ്രാമീണ മേഖലയില്‍ കൂടിവരുന്നുവെന്നും പൊലീസ് കണ്ടെത്തിയിട്ടുണ്ട്. കൂട്ടം കൂടരുതെന്നു പ്രത്യേക നിര്‍ദേശം നല്‍കിയിട്ടുണ്ട്. പ്രവര്‍ത്തനനാമതിയുള്ള സ്ഥാപനങ്ങളും കൊവിഡ് മാനദണ്ഢങ്ങള്‍ പാലിക്കുന്നുണ്ടെന്നു ഉറപ്പുവരുത്തണമെന്നു നിര്‍ദേശം നല്‍കിയിട്ടുണ്ട്.

അനാവശ്യമായി പുറത്തിറങ്ങുന്നവര്‍ക്കെതിരെ കര്‍ശന നടപടിയുണ്ടായേക്കും. ഷാഡോ പൊലീസിനേയും വിന്യസിക്കും. എല്ലാ പൊലീസ് സ്റ്റേഷനുകള്‍ക്കും ഇതു സംബന്ധിച്ച് പ്രത്യേക നിര്‍ദേശം നല്‍കിയിട്ടുണ്ട്. വിഴിഞ്ഞം , അഞ്ചുതെങ്ങ് ഹാര്‍ബറുകളില്‍ പ്രത്യേക പൊലീസിനെ വിന്യസിക്കും.

അതേ സമയം ഇന്നലെ 19,894 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു.മലപ്പുറം 3015, തിരുവനന്തപുരം 2423, തൃശൂര്‍ 2034, എറണാകുളം 1977, പാലക്കാട് 1970, കൊല്ലം 1841, ആലപ്പുഴ 1530, കോഴിക്കോട് 1306, കണ്ണൂര്‍ 991, കോട്ടയം 834, ഇടുക്കി 675, കാസര്‍ഗോഡ് 532, പത്തനംതിട്ട 517, വയനാട് 249 എന്നിങ്ങനേയാണ് ജില്ലകളില്‍ രോഗബാധ സ്ഥിരീകരിച്ചത്. 1,24,537 സാമ്പിളുകളാണ് പരിശോധിച്ചത്. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 186 മരണങ്ങളാണ് കോവിഡ് മൂലമാണെന്ന് സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 8641 ആയി.