ലക്ഷദ്വീപില്‍ നടപ്പിലാക്കുന്നത് കാവി അജണ്ടയാണെന്ന് മുഖ്യമന്ത്രി പിണറായി

single-img
31 May 2021
pinarayi vijayan kerala covid management

ലക്ഷദ്വീപില്‍ കാവി അജണ്ട നടപ്പാക്കുന്നുവെന്ന് നിയമസഭയില്‍ മുഖ്യമന്ത്രി. ലക്ഷദ്വീപ് ജനതയുടെ തനതായ ജീവിതത്തെ ഇല്ലാതാക്കുന്നുവെന്നും തെങ്ങിലടക്കം കാവി നിറം പൂശുന്നുവെന്നും മുഖ്യമന്ത്രി പറഞ്ഞു. ലക്ഷദ്വീപില്‍ കോര്‍പറേറ്റ് താല്‍പര്യങ്ങള്‍ അടിച്ചേല്‍പ്പിക്കുന്നുവെന്നും ദ്വീപിലെ പ്രധാന ഭക്ഷണമായ ഗോമാംസം നിരോധിച്ചുവെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. സമാധാനപരമായ ജീവിത രീതിയാണ് ലക്ഷദ്വീപ് ജനതയുടേത്. ഇപ്പോളഅ നടക്കുന്നത് സ്വേച്ഛാധിപത്യപരമായ ഭരണരീതിയാണെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. ലക്ഷദ്വീപ് ജനതക്ക് ഐക്യദാര്‍ഢ്യം അര്‍പ്പിച്ച് കേരള നിയമസഭ ഇന്ന് പ്രമേയം പാസാക്കുന്നതിനിടെയായിരുന്നു മുഖ്യമന്ത്രിയുടെ പ്രസംഗം.

ലക്ഷദ്വീപ് ജനതയുടെ തനതായ ജീവിതരീതികളെ ഇല്ലാതാക്കി കാവി അജണ്ടകളും കോര്‍പ്പറേറ്റ് താത്പര്യങ്ങളും അടിച്ചേല്‍പ്പിക്കാനുള്ള ശ്രമങ്ങളാണ് ഇപ്പോള്‍ അവിടെ നടന്നുകൊണ്ടിരിക്കുന്നത്.
തെങ്ങുകളില്‍ കാവി നിറം പൂശിക്കൊണ്ട് ആരംഭിച്ച് ഇപ്പോള്‍ ആ ജനതയുടെ ആവാസ വ്യവസ്ഥകളെയും ജീവിതത്തെയും സ്വാഭാവിക ബന്ധങ്ങളെയും തകര്‍ക്കുന്നതായി വളര്‍ന്നുകഴിഞ്ഞിരിക്കുന്നു. പൗരത്വഭേദഗതി ബില്ലിനെതിരായി ദ്വീപില്‍ നേരത്തെ സ്ഥാപിച്ചിരുന്ന ബാനറുകള്‍ എടുത്തുമാറ്റുകയും എഴുതിയവരെ അറസ്റ്റ് ചെയ്യുന്നതിനുമുള്ള നടപടികളും ലക്ഷദ്വീപില്‍ ഉണ്ടായി. പൊതുവെ സമാധാനപരമായി ജീവിക്കുകയും അതിഥികളെ സ്‌നേഹവായ്പ്പുകൊണ്ട് വീര്‍പ്പുമുട്ടിക്കുകയും ചെയ്യുന്ന രീതി യാണ് ലക്ഷദ്വീപിലെ ജനത സാധാരണനിലക്ക് സ്വീകരിക്കുന്നത്. കുറ്റകൃത്യങ്ങള്‍ അത്യപൂര്‍വ്വമായിത്തീര്‍ന്ന ലക്ഷദ്വീപില്‍ ഗുണ്ടാ ആക്ട് കൊണ്ടുവരുന്നതിനുള്ള നടപടിയും സ്വീകരിച്ചുകഴിഞ്ഞിരിക്കുകയാണ്. ഇത്തരത്തില്‍ പ്രതിഷേധങ്ങള്‍ ഉയര്‍ന്നുവരുമ്പോള്‍ അവയെ നേരിടുന്നതിന് മുന്‍കൂട്ടിയുള്ള തയ്യാറെടുപ്പുകളും നടത്തിക്കൊണ്ടാണ് ഇത്തരം നടപടികള്‍ സ്വീകരിച്ചിരിക്കുന്നത്. സ്വേച്ഛാധിപത്യപരമായ ഭരണരീതി ഇതിലൂടെ തുടര്‍ന്നും വികസിച്ചുവരികയായിരുന്നു – മുഖ്യമന്ത്രി പറഞ്ഞു.

ലക്ഷദ്വീപ് ജനതക്ക് ഐക്യദാര്‍ഢ്യം അര്‍പ്പിച്ചുകൊണ്ട് കേരള നിയമസഭ പ്രമേയം ഐക്യകണ്‌ഠേന പസാക്കി. അനൂപ് ജേക്കബ്, എന്‍ ഷംസുദ്ദീന്‍ പി ടി തോമസ് എന്നിവര്‍ നിര്‍ദേശിച്ച ഭേദഗതികളോടെയാണ് പ്രമേയം പാസാക്കിയത്.

ചട്ടം 118 പ്രകാരമുള്ള പ്രത്യേക പ്രമേയത്തെ പ്രതിപക്ഷവും പിന്തുണച്ചു. ലക്ഷദ്വീപില്‍ നടപ്പാക്കുന്നത് സംഘപരിവാര്‍ അജണ്ടയാണെന്നും അത് മുളയിലേ നുള്ളണമെന്നും പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍ പറഞ്ഞു. സാംസ്‌കാരിക – മതേതര മൂല്യങ്ങളുടെ കടക്കല്‍ കാത്തിവെക്കാനുള്ള ശ്രമത്തെ ചെറുത്ത് തോല്‍പ്പിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.