ലക്ഷദ്വീപിൽ പുതിയ വിജ്ഞാപനങ്ങൾ അതേപടി നടപ്പാക്കില്ല; അമിത് ഷാ ഉറപ്പുനൽകിയതായി ദ്വീപ് എംപി

single-img
31 May 2021

ലക്ഷദ്വീപിൽ പുതിയ അഡ്മിനിസ്ട്രെറ്റര്‍ പ്രഫുല്‍ പട്ടേല്‍ ഇറക്കിയ നിലവിലെ വിജ്ഞാപനങ്ങൾ അതേപടി നടപ്പാക്കുകയില്ലെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ ഉറപ്പുനൽകിയതായി ദ്വീപ് എം പി പി പി മുഹമ്മദ് ഫൈസൽ അറിയിച്ചു.

ഇന്ന് അമിത് ഷായുമായി കൂടിക്കാഴ്ച നടത്തിയ പിന്നാലെയാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. പ്രഫുല്‍ പട്ടേലിന്‍റെ നിര്‍ദ്ദേശത്താല്‍ ഇറക്കപ്പെട്ട വിവാദ വിജ്ഞാപനങ്ങളില്‍ ഒന്നിലും തുടര്‍നടപടികള്‍ സ്വീകരിക്കില്ലെന്ന് അമിത് ഷാ തനിക്ക് ഉറപ്പു നല്‍കിയെന്ന് മുഹമ്മദ് ഫൈസൽ മാധ്യമങ്ങളോട് പറഞ്ഞു.

എന്നാല്‍ തനിക്ക് ലഭിച്ച ആഭ്യന്തര മന്ത്രിയുടെ ഉറപ്പ് പാലിക്കപ്പെടുന്നില്ലെങ്കിൽ സമരം വീണ്ടും തുടരുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ലക്ഷദ്വീപില്‍ അഡ്മിനിസ്ട്രേറ്ററുടെ ജനദ്രോഹ നടപടികളില്‍ പ്രതിഷേധിച്ച് രൂപീകരിച്ച സേവ് ലക്ഷദ്വീപ് ഫോറം ഇപ്പോഴത്തെ സാഹചര്യത്തില്‍ തുടര്‍നടപടികള്‍ സ്വീകരിക്കുന്നതുമായി ബന്ധപ്പെട്ട് യോഗം വിളിച്ചു ചേര്‍ത്തിട്ടുണ്ട്. എന്തുവന്നാലും അഡ്മിനിസ്ട്രേറ്ററെ മാറ്റണമെന്ന ആവശ്യത്തിൽ തന്നെ ഉറച്ചുനിന്ന് പോരാട്ടം തുടരുമെന്നും മുഹമ്മദ് ഫൈസൽ വ്യക്തമാക്കി.