ദമ്പതികള്‍ക്ക് മൂന്ന് കുട്ടികള്‍ വരെയാകാം; രണ്ട് കുട്ടികള്‍ നയത്തെ റദ്ദാക്കി ചൈന

single-img
31 May 2021

ഇതുവരെ സ്വീകരിച്ചുവന്ന രണ്ട് കുട്ടികള്‍ നയത്തെ റദ്ദാക്കുകയാണെന്നും ഇനിമുതല്‍ ദമ്പതികള്‍ക്ക് മൂന്ന് കുട്ടികള്‍ വരെ ആകാമെന്നും പ്രഖ്യാപിച്ച് ചൈനീസ് സര്‍ക്കാര്‍. രാജ്യത്തെ പുതിയ ജനനങ്ങളില്‍ കാര്യമായ കുറവുണ്ടായതായി അടുത്തിടെയുള്ള കണക്കുകള്‍ വ്യക്തമാക്കിയതിനെത്തുടര്‍ന്നാണ് ഈ പുതിയ നയം മാറ്റം വരാനുള്ള കാരണം. 2016 -ലായിരുന്നു നൂറ്റാണ്ടുകള്‍ പഴക്കമുള്ള ‘ഒരു കുടുംബത്തിന് ഒരു കുട്ടി’ എന്ന നയം ആദ്യം ചൈന റദ്ദാക്കുന്നത്.

കാരണം ശിശു ജനനനിരക്ക് കുത്തനെ കുറഞ്ഞതോടെയാണ് രണ്ട് ശിശുക്കള്‍ വരെ ആകാമെന്നുള്ള പുതിയ നയം അവതരിപ്പിക്കുകയായിരുന്നു. അതേസമയം കുട്ടികളെ വളര്‍ത്തുന്നതിനുള്ള ഉയര്‍ന്ന ചിലവ് കണക്കിലെടുക്കുമ്പോള്‍ ആളുകള്‍ ഇപ്പോഴും ഒന്നില്‍ കൂടുതല്‍ കുട്ടികള്‍ ആവാം എന്ന തീരുമാനത്തില്‍ നിന്നും സ്വയം പിറകോട്ട് നടക്കുകയാണ് എന്നാണ് റിപ്പോര്‍ട്ടുകള്‍.ജനതയെ സംബന്ധിച്ച് കുടുംബത്തെ വളര്‍ത്തുന്നതിനേക്കാള്‍ അവര്‍ സ്വാതന്ത്ര്യത്തിനും ജോലിക്കും പ്രാധാന്യം നല്‍കുന്നവരാണ്. അതിനാല്‍ രാജ്യത്ത് പ്രതീക്ഷിച്ച രീതിയിലുള്ള ജനസംഖ്യാ വര്‍ദ്ധനവ് ഒന്നും ഉണ്ടായില്ല.

ഈ കാരണവും ഇപ്പോള്‍ ചൈന മൂന്ന് കുട്ടികള്‍ വരെയാകാമെന്നുള്ള പുതിയ നയം കൊണ്ടുവന്നത്തിന്റെ പിന്നിലുണ്ട്. പത്തുവര്‍ഷത്തില്‍ ഒരിക്കല്‍ നടത്തുന്ന സെന്‍സസ് പ്രകാരം ചൈനയിലെ ജനസംഖ്യ പതിറ്റാണ്ടുകളില്‍ ഏറ്റവും കുറഞ്ഞ വേഗതയിലാണ് വളര്‍ന്നുകൊണ്ടിരിക്കുന്നത്. ഈ മാസം ആദ്യം പുറത്തിറക്കിയ ചൈനയുടെ സെന്‍സസ് പ്രകാരം കഴിഞ്ഞ വര്‍ഷം ഏകദേശം 12 ദശലക്ഷം കുഞ്ഞുങ്ങളാണ് ജനിച്ചത്.

ഈ കണക്കനുസരിച്ച്, 2016 -ലെ 18 ദശലക്ഷത്തില്‍ നിന്ന് വലിയ ഇടിവാണ് ഇപ്പോള്‍ ഉണ്ടായിട്ടുള്ളത്. 1950 -കള്‍ക്ക് ശേഷം ആദ്യമായാണ് ജനന നിരക്കില്‍ ഇത്രയും കുറവ് സംഭവിക്കുന്നത്. സെന്‍സസ് ഡാറ്റാ ഫലങ്ങള്‍ പുറത്തുവന്നതിനുശേഷം ചൈന തങ്ങളുടെ കുടുംബ നയ നിയമങ്ങളില്‍ ഇളവ് വരുത്തുമെന്ന് പരക്കെ പ്രതീക്ഷിക്കപ്പെട്ടിരുന്നു. കൂടുതല്‍ കുഞ്ഞുങ്ങളുണ്ടാകാന്‍ രാജ്യം ഇപ്പോള്‍ ദമ്പതികളില്‍ സമ്മര്‍ദ്ദം ചെലുത്തുന്നു.