രാജ്യത്തെ ഒരു സംസ്ഥാനത്തിനും കേന്ദ്രം ഭക്ഷ്യക്കിറ്റ്‌ അനുവദിക്കുന്നില്ല; വിവരാവകാശ നിയമപ്രകാരം മറുപടി നല്‍കി കേന്ദ്രസര്‍ക്കാര്‍

single-img
31 May 2021

സംസ്ഥാന സര്‍ക്കാര്‍ കേരളത്തിൽ വിതരണം ചെയ്യുന്ന സൗജന്യ ഭക്ഷ്യകിറ്റ് കേന്ദ്രസർക്കാർ നൽകുന്നതെന്ന രീതിയില്‍ ബി ജെ പി നടത്തുന്ന അവകാശവാദത്തിന് തിരിച്ചടി. രാജ്യത്തെ ഒരു സംസ്ഥാനത്തിനും കേന്ദ്രസര്‍ക്കാര്‍ ഭക്ഷ്യക്കിറ്റ്‌ അനുവദിക്കുന്നില്ലെന്ന്‌ വിവരാവകാശ ചോദ്യത്തിന് മറുപടി ലഭിച്ചു.

കേന്ദ്രത്തിന്റെ വിവിധ പദ്ധതികള്‍ വഴി അരിയും ഗോതമ്പും നല്‍കുന്നുണ്ടെങ്കിലും ഭക്ഷ്യക്കിറ്റ് നല്‍കുന്നില്ലെന്ന് തിരുവനന്തപുരം സ്വദേശി അജയ്‌ എസ്‌ കുമാറിന്‌ വിവരാവകാശ നിയമപ്രകാരം കേന്ദ്ര ഭക്ഷ്യ–-പൊതുവിതരണ മന്ത്രാലയം നൽകിയ മറുപടിയിലാണ്‌ വ്യക്തമാക്കിയത്‌.

രാജ്യത്തെ ഏതെല്ലാം സംസ്ഥാനത്തിന്‌ കേന്ദ്ര സർക്കാർ ഭക്ഷ്യക്കിറ്റ്‌ നൽകുന്നുണ്ട്‌, ഉണ്ടെങ്കില്‍ ഇതുവരെ എത്ര വിതരണം ചെയ്‌തു എന്നായിരുന്നു ചോദ്യം.ഈ ചോദ്യത്തിന് മുൻഗണനാ വിഭാഗങ്ങൾക്ക്‌ നൽകാൻ അഞ്ചു കിലോ അരിയും അന്ത്യോദയ അന്നയോജന വിഭാഗക്കാർക്ക്‌ 35 കിലോ അരിയും പ്രതിമാസം അനുവദിക്കാറുണ്ടെന്ന് മറ്റ് കിറ്റുകൾ ഒന്നും നൽകുന്നില്ല എന്നുമായാണ് കേന്ദ്രം മറുപടി നൽകിയത്.