ഇഎംസിസി ഡയറക്ടറുടെ വാഹനത്തിന് നേര്‍ക്ക് ബോംബാക്രമണം; നടി പ്രിയങ്കയെ പോലീസ് ചോദ്യംചെയ്തു

single-img
31 May 2021

ഇ എം സി സി ഡയറക്ടർ ഷിജു വർഗീസിന്റെ വാഹനത്തിന്റെ നേര്‍ക്ക് നടന്ന ബോംബാക്രമണ കേസിന്റെ അന്വേഷണവുമായി ബന്ധപ്പെട്ട് നടി പ്രിയങ്കയെ പോലീസ് ചോദ്യം ചെയ്തു. സംസ്ഥാന നിയമസഭാ തെരഞ്ഞെടുപ്പിൽ താൻ സ്ഥാനാർത്ഥിയായത് നാട്ടുകാർക്ക് നല്ലത് ചെയ്യാമെന്ന് കരുതിയാണെന്ന് പ്രിയങ്ക പോലീസിനോട് പറഞ്ഞു. ഷിജു വർഗീസ് ഡിഎസ്ജെപി സ്ഥാനാർഥിയായി കുണ്ടറയിൽ മേഴ്സിക്കുട്ടിയമ്മയ്ക്ക് എതിരെയും മത്സരിച്ചു.

സംസ്ഥാനത്തെ തെരഞ്ഞെടുപ്പ് ദിനത്തിൽ ഷിജു വർഗീസിൻ്റെ വാഹനത്തിനുനേരെ, സ്വന്തം കൂട്ടാളികൾ തന്നെ പെട്രോൾ ബോംബെറിഞ്ഞ സംഭവത്തിലാണ് നടിയെ പോലീസ് ചോദ്യം ചെയ്തത്. തെരഞ്ഞെടുപ്പില്‍ പ്രിയങ്ക അരൂരിൽ ഡി എസ്ജെ പി സ്ഥാനാർത്ഥിയായാണ് മത്സരിച്ചത്.

ഇന്ന് വൈകുന്നേരം ചാത്തന്നൂർ പോലീസ് സ്റ്റേഷനിൽ രണ്ടു മണിക്കൂറിലേറെയാണ് നടിയെ പോലീസ് ചോദ്യം ചെയ്തത്.മണ്ഡലത്തിലെ തീരദേശത്തെ 30 മണ്ഡലങ്ങളിലെങ്കിലും തെരഞ്ഞെടുപ്പിനെ സ്വാധീനിക്കാനായിരുന്നു ബോംബേറ് നാടകം. വിവാദ ദല്ലാൾ നന്ദകുമാറാണ് ആസൂത്രണത്തിന് പിന്നിലെന്നും പോലീസ് കണ്ടെത്തി.

അതേസമയം, തനിക്ക് ഗൂഢാലോചനയെക്കുറിച്ച് അറിയില്ലായിരുന്നുവെന്ന് ചോദ്യം ചെയ്യലിനു ശേഷം പ്രിയങ്ക മാധ്യമങ്ങളോട് പറഞ്ഞു. നന്ദകുമാറുമായി വ്യക്തിപരമായി ഉണ്ടായിരുന്ന പരിചയമാണ് സ്ഥാനാർത്ഥിത്വത്തിന് കാരണം. ജനങ്ങൾക്ക് നല്ല കാര്യങ്ങൾ ചെയ്യാമെന്നും കരുതി. നന്ദകുമാറിൽ നിന്ന് മാനസികമായ ബുദ്ധിമുട്ട് നേരിടേണ്ടി വന്നുവെന്നും പ്രിയങ്ക പറഞ്ഞു.