ലോക്ക്ഡൗൺ നിയന്ത്രണങ്ങളിൽ ഇളവ് വരുത്തിയെങ്കിലും നിർദ്ദേശങ്ങള്‍ പാലിക്കാത്തവർക്ക് എതിരെ കർശന നടപടിയുണ്ടാകും: മുഖ്യമന്ത്രി

single-img
29 May 2021

കേരളത്തില്‍ പ്രഖ്യാപിച്ച ലോക്ക്ഡൗണിൽ കൂടുതൽ ഇളവുകൾ അനുവദിച്ചു. പുതിയ തീരുമാന പ്രകാരം മെയ് 30 മുതൽ മലപ്പുറത്തെ ട്രിപ്പിൾ ലോക്ഡൗൺ ഒഴിവാക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഇതോടൊപ്പം വ്യവസായ മേഖലകളിലേക്ക് കെഎസ്ആർടിസി സർവ്വീസുകൾ അനുവദിക്കും.

ഇനിമുതല്‍ തുണിക്കടകൾ, ചെരിപ്പ് കടകൾ എന്നിവ ആഴ്ചയിൽ മൂന്ന് ദിവസം തുറക്കാം. രാവിലെ 9 മുതൽ വൈകിട്ട് 5 വരെയായിരിക്കും പ്രവർത്തനസമയമെന്നും മുഖ്യമന്ത്രി അറിയിച്ചു.സംസ്ഥാനത്ത് പൊതുവെ രോഗവ്യാപനം കുറയുന്നുണ്ടെങ്കിലും നിയന്ത്രണം ഒഴിവാക്കാറായിട്ടില്ല എന്നും മുഖ്യമന്ത്രി അറിയിച്ചു.

കേരളത്തില്‍ മെയ് 31 മുതൽ ജൂൺ ഒൻപത് വരെ ലോക്ക്ഡൗൺ തുടരും.എന്നാല്‍ പോലും എല്ലാ വ്യവസായ സ്ഥാപനങ്ങളും ആവശ്യമായ മിനിമം ജീവനക്കാരെ ഉപയോഗിച്ച് തുറക്കാം. ജീവനക്കാരുടെ എണ്ണം 50 ശതമാനം കവിയരുതെന്നും വ്യവസായ സ്ഥാപനങ്ങൾക്ക് അസംസ്കൃത വസ്തുക്കൾ നൽകുന്ന കടകൾ ചൊവ്വ, വ്യാഴം ശനി ദിവസങ്ങളിൽ അഞ്ച് മണി വരെ പ്രവർത്തിക്കാമെന്നും അദ്ദേഹം അറിയിച്ചു.

ബാങ്കുകൾ തിങ്കൾ മുതൽ വെള്ളി വരെ വൈകുന്നേരം അഞ്ച് മണി വരെ പ്രവർത്തിക്കാം. വിദ്യാഭ്യാസ ആവശ്യത്തിന് പുസ്തകം വിൽക്കുന്ന കടകൾ തുണി, സ്വർണം, ചെരിപ്പ് കടകൾ എന്നിവ തിങ്കൾ ബുധൻ വെള്ളി ദിവസങ്ങളിൽ അഞ്ച് മണി വരെ പ്രവർത്തിക്കും. കള്ള് ഷാപ്പുകളിൽ കൊവിഡ് പ്രോട്ടോക്കോൾ അനുസരിച്ച് പാഴ്സൽ നൽകാം. പാഴ്വസ്തുക്കൾ സൂക്ഷിക്കുന്ന കടകൾ ആഴ്ചയിൽ രണ്ട് ദിവസം പ്രവർത്തിക്കാം.

സ്ഥാപനത്തിന്റെ വലിപ്പത്തിനനുസരിച്ച് മാത്രമേ ആളുകളെ പ്രവേശിപ്പിക്കാവൂ. സാനിറ്റൈസർ ഉപയോഗിക്കണം, മാസ്ക് ധരിക്കണം. നിയന്ത്രണങ്ങള്‍ പാലിക്കാത്ത കടയുടമകൾക്കും ഉപഭോക്താക്കൾക്കുമെതിരെ അറസ്റ്റ് അടക്കമുള്ള നടപടി സ്വീകരിക്കും. സംസ്ഥാനത്ത് ലോക്ക്ഡൗൺ നിയന്ത്രണങ്ങളിൽ ഇളവ് വരുത്തിയെങ്കിലും ഇത് സംബന്ധിച്ച് നിർദ്ദേശം പാലിക്കാത്തവർക്ക് എതിരെ കർശന നടപടിയുണ്ടാകുമെന്നും മുഖ്യമന്ത്രി അറിയിച്ചു.