ശ്രീലങ്കയിലേക്ക് മൂന്നാം നിര ടീമിനെ അയച്ചാലും ഇന്ത്യ പരമ്പര നേടും: കമ്രാൻ അക്മൽ

single-img
29 May 2021

ഇന്ത്യയുടെ ക്രിക്കറ്റ് ടീം ഇപ്പോൾ അവരുടെ ഏറ്റവും മികച്ച സമയത്തിലൂടെയണ് കടന്നു പോകുന്നതെന്ന് പാകിസ്ഥാന്റെ മുൻ ഓപ്പണറും വിക്കറ്റ് കീപ്പറുമായ കമ്രാന്‍ അക്മല്‍ . ഇന്ത്യൻ ടീമിൽ അവസരം കിട്ടുന്ന താരങ്ങൾ അവരുടെ കഴിവുകൾ വളരെ മികച്ച രീതിയിൽ പുറത്തെടുത്ത് ടീമിന് വിജയങ്ങൾ നേടി കൊടുക്കുവാൻ ശ്രമിക്കുന്നു.ഇന്ത്യയ്ക്ക് അന്താരാഷ്ട്ര ക്രിക്കറ്റില്‍ ഒരേ സമയത്തു മൂന്നു ടീമുകളെ അണിനിരത്താന്‍ സാധിക്കുമെന്നും അക്മല്‍ പറയുന്നു.

നിലവിൽ ഇന്ത്യ രണ്ടു വിത്യസ്ത ടീമുകളെ ഒരേസമയം രണ്ട് വിത്യസ്ത വിദേശ പരമ്പരകൾക്കായി അയക്കാൻ തയ്യാറെടുക്കവെയാണ് അക്മൽ അഭിപ്രായ പ്രകടനം നടത്തിയത്. കോലിയുടെ കീഴില്‍ ഇന്ത്യന്‍ ടെസ്റ്റ് ടീം ഇംഗ്ലണ്ടില്‍ പര്യടനം നടത്തുമ്പോള്‍ മറ്റൊരു ടീം ഇതേ സമയത്തു ശ്രീലങ്കൻ പര്യടനം നടത്തും. ഇന്ത്യയ്ക്കുള്ള ക്രിക്കറ്റ് സംസ്‌കാരം വളരെ ശക്തമാണ്,അതിനാൽ ഇന്ത്യ ശ്രീലങ്കയിലേക്ക് ഒരു മൂന്നാം നിര ടീമിനെ അയച്ചാൽ പോലും അനായാസം ജയിക്കാൻ കഴിയും.

ക്രിക്കറ്റിന്റെ ഏറ്റവും താഴേത്തട്ടില്‍ അവര്‍ വിട്ടുവീഴ്ചകളൊന്നും ചെയ്യാതിരുന്നതാണ് ഇതിനു കാരണമെന്നും ഇന്ത്യയിൽ അഭ്യന്തര ക്രിക്കറ്റിലൂടെ ഒരുപാട് മികച്ച താരങ്ങൾ ഉയർന്ന് വരുന്നത് ഇതുകൊണ്ടാണേന്നും അക്മൽ ചൂണ്ടിക്കാട്ടുന്നു.ഈ രീതിയിൽ ഇന്ത്യൻ ക്രിക്കറ്റ് കൈവരിച്ച മികവിന് കാരണക്കാരനായി മുന്‍ ഇന്ത്യൻ ക്യാപ്റ്റന്‍ രാഹുല്‍ ദ്രാവിഡിനെയാണ് അദ്ദേഹം ചൂണ്ടിക്കാണിക്കുന്നത്.

അക്മലിന്റെ വാക്കുകൾ:” കഴിഞ്ഞ ഏഴ്- എട്ടു വര്‍ഷങ്ങളായി ദ്രാവിഡ് ബിസിസിഐയ്‌ക്കൊപ്പം പ്രവര്‍ത്തിച്ചു കൊണ്ടിരിക്കുകയാണെന്നാണ് ഞാന്‍ കരുതുന്നത്. ഇന്ത്യന്‍ ക്രിക്കറ്റിനെ ഇപ്പോള്‍ ഈ തലത്തില്‍ എത്തിച്ചിരിക്കുന്നതും അദ്ദേഹമാണ്. താഴേത്തട്ട് മുതല്‍ തന്നെ ദ്രാവിഡ് യുവതാരങ്ങളെ അന്താരാഷ്ട്ര ക്രിക്കറ്റിന് വേണ്ടി വളർത്തി കൊണ്ടുവന്നു. പിന്നീട് ഈ യുവതാരങ്ങൾ സീനിയർ ടീമിലേക്ക് എത്തിയപ്പോൾ പരിശീലകനായ രവി ശാസ്ത്രി അവർക്ക് വേണ്ട പ്രോത്സാഹനവും മാർഗനിർദേശങ്ങളും നൽകി അവരുടെ കഴിവുകൾ മിനുക്കിയെടുക്കുകയും ചെയ്തു”