കോവിഡ്​ ബാധിച്ച്‌​ മാതാപിതാക്കള്‍ മരിച്ച കുട്ടികള്‍ക്കായി പ്രത്യേക കേന്ദ്ര പാക്കേജ്

single-img
29 May 2021

കോവിഡ് വൈറസ്​ ബാധിച്ച്‌​ മാതാപിതാക്കളെ നഷ്​ടപ്പെട്ട കുട്ടികൾക്കായി പ്രത്യേക പാക്കേജ്​ അവതരിപ്പിച്ച്‌​ കേന്ദ്രസർക്കാർ. ഈ വിഭാഗത്തിലെ കുട്ടികൾക്ക്​ പൂർണമായും സൗജന്യ വിദ്യാഭ്യാസം നൽകും. കേന്ദ്രത്തിന്റെ ആയുഷ്​മാൻ ഭാരത്​ പദ്ധതിയിൽ ഉൾപ്പെടുത്തി അഞ്ച്​ ലക്ഷം രൂപയുടെ ​ആരോഗ്യ ഇൻഷൂറൻസും ഇതോടൊപ്പം ലഭ്യമാക്കും.

കുട്ടികള്‍ക്ക് കേന്ദ്രീയ, ​നവോദയ, സൈനിക്​ സ്​കൂളുകളിൽ പഠിക്കാനുള്ള സാഹചര്യമാവും സര്‍ക്കാര്‍ ഒരുക്കുക. അതേസമയം, കുട്ടികൾക്ക്​ സ്വകാര്യ സ്​കൂളുകളിലാണ്​ അഡ്​മിഷൻ ലഭിക്കുന്നതെങ്കിൽ ഫീസ്​ സർക്കാർ വഹിക്കും.ഇതിനായി 10 ലക്ഷം രൂപ പി എം കെയേഴ്​സ്​ ഫണ്ടിൽ നിന്നും മാറ്റിവെക്കും. ​18 വയസ്സ് എത്തി പ്രായ ​​ പൂർത്തിയായാൽ ഈ തുകയിൽ നിന്ന്​ സ്​റ്റൈപ്പൻഡ്​ നൽകും. 23ാം വയസ്സിൽ തുക പൂർണമായും കുട്ടികൾക്ക്​ കൈമാറുമെന്നും കേന്ദ്രസർക്കാർ അറിയിച്ചു.

ഉന്നതവിദ്യാഭ്യാസത്തിനായി വായ്​പകൾ നൽകും. വായ്​പ പലിശ കേന്ദ്ര സർക്കാർ വഹിക്കും. കഴിഞ്ഞ ദിവസങ്ങളില്‍ കേരളം ഉള്‍പ്പെടെ വിവിധ സംസ്ഥാന സർക്കാറുകൾ കോവിഡ്​ ബാധിച്ച്‌​ മാതാപിതാക്കളെ നഷ്​ടപ്പെട്ട കുട്ടികൾക്കായി പാക്കേജുകൾ പ്രഖ്യാപിച്ചിരുന്നു. അതിന്റെ​ പിന്നാലെയാണ്​ കേന്ദ്രസർക്കാറിന്റെയും പാക്കേജ് എത്തുന്നത്​.