വിദേശത്ത് പോകുന്നവര്‍ക്ക് രണ്ടാം ഡോസ് വാക്സിന്‍ നേരത്തെ നല്‍കുമെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ്

single-img
28 May 2021

വിദേശ രാജ്യങ്ങളില്‍ പോകുന്നവര്‍ക്ക് കൊവിഷീല്‍ഡ് രണ്ടാം ഡോസ് വാക്സിന്‍ 4 മുതല്‍ 6 ആഴ്ചയ്ക്കുള്ളില്‍ നല്‍കാനും പ്രത്യേക വാക്സിനേഷന്‍ സര്‍ട്ടിഫിക്കറ്റ് നല്‍കാനും ആരോഗ്യ വകുപ്പ് മാര്‍ഗനിര്‍ദേശങ്ങള്‍ പുറത്തിറക്കിയതായി ആരോഗ്യ വകുപ്പ് മന്ത്രി വീണ ജോര്‍ജ് അറിയിച്ചു. വിദേശരാജ്യങ്ങളിലേക്ക് ജോലിക്കോ പഠനത്തിനു ആയി പോകുന്നവര്‍ക്ക് വാക്‌സിനേഷന്‍ സര്‍ട്ടിഫിക്കറ്റ് പ്രത്യേക ഫോര്‍മാറ്റില്‍ നല്‍കും. ഈ സര്‍ട്ടിഫിക്കറ്റില്‍ പാസ്‌പോര്‍ട്ട് നമ്പര്‍ രേഖപ്പെടുത്തും. ജില്ലാ മെഡിക്കല്‍ ഓഫീസറുടെ ആണ് ഈ സര്‍ട്ടിഫിക്കറ്റ് നല്‍കാനായി ചുമതലപ്പെടുത്തിയിട്ടുള്ളത്.

കൂടാതെ ഇങ്ങനെ പോകുന്നവര്‍ക്ക് രണ്ടാമത്തെ ഡോസ് കൊവിഷീല്‍ഡ് വാക്സിന്‍ നാല് മുതല്‍ ആറാഴ്ചയ്ക്കുള്ളില്‍ എടുക്കുവാനും കഴിയും. പോര്‍ട്ടലില്‍ ഇത് രേഖപ്പെടുത്തുവാന്‍ സാധിക്കാത്തതിനാല്‍ ജില്ലകള്‍ ഇത് പ്രത്യേകമായി രേഖപ്പെടുത്തും. ഇങ്ങനെ നല്‍കുന്ന വാക്സിന്‍ സംസ്ഥാന സര്‍ക്കാര്‍ വാങ്ങിയിട്ടുള്ള വാക്സിന്‍ സ്റ്റോക്കില്‍ നിന്നും നല്‍കും.
ജില്ലാ അധികാരികള്‍ വിസ, വിദ്യാര്‍ഥികളുടെ അഡ്മിഷന്‍ രേഖകള്‍, ജോലി/ വര്‍ക്ക് പെര്‍മിറ്റ് തുടങ്ങിയ രേഖകള്‍ പരിശോധിച്ച് വേണം വാക്സിന്‍ നല്‍കാന്‍. വാക്സിന്‍ നല്‍കുമ്പോള്‍ യാത്ര പോകുന്ന രാജ്യങ്ങളിലെ വാക്സിനേഷന്‍ പോളിസി കൂടി പരിശോധിച്ച് വാക്സിനേഷന്‍ നിര്‍ബന്ധമാക്കിയിട്ടുണ്ടോ എന്നുകൂടി ഉറപ്പാക്കും.

അതേ സമയം കേരളത്തില്‍ ഇന്ന് 22,318 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,36,068 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 16.4 ആണ്.