കോവിഡ് മനുഷ്യനിര്‍മ്മിതം; ചൈനയെ പ്രതിക്കൂട്ടിലാക്കുന്ന നിലപാടുമായി ഫേസ്ബുക്ക്

single-img
28 May 2021

ലോകമാകെ ഭീതിപടര്‍ത്തി ഇപ്പോഴും പടര്‍ന്നുകൊണ്ടിരിക്കുന്ന കോവിഡ് 19 മഹാമാരി മനുഷ്യനിര്‍മ്മിതമെന്ന് ഫേസ്ബുക്ക്. കോവിഡ് വൈറസ് മനുഷ്യ നിര്‍മ്മിതമാണെന്നും ഇതുമായി ബന്ധപ്പെട്ട വിവരം ആപ്ലിക്കേഷനില്‍ നിന്ന് നീക്കം ചെയ്യില്ലെന്നും ഫേസ്ബുക്ക് ഇന്ന് വ്യക്തമാക്കി. അതേസമയം, മുന്‍ നാളുകളില്‍ കോവിഡുമായി ബന്ധപ്പെട്ട വിവിധ അശാസ്ത്രീയ സിദ്ധാന്തങ്ങള്‍ ഫേസ്ബുക്ക് നീക്കം ചെയ്തിരുന്നു.

ഇപ്പോള്‍ ഓരോ ദിവസവും എന്ന രീതിയില്‍ കോവിഡിന്റെ മാറി വരുന്ന വകഭേദങ്ങള്‍ക്കെതിരെ ആരോഗ്യ വിദഗ്ധരുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുകയാണെന്ന് ഫേസ്ബുക്ക് അറിയിപ്പില്‍ പറയുന്നു. ഫേസ്ബുക്ക് സ്വീകരിച്ച നിലപാടുവഴി പ്രതിരോധത്തിലായത് ചൈനയാണ് . വൈറസ് മനുഷ്യനിര്‍മ്മിതം എന്ന് ചൈനയെ ഉദ്ദേശിച്ച് അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്‍ നിലപാട് കടുപ്പിച്ചതിന് പിന്നാലെയാണ് ഫേസ്ബുക്കിന്റെ പ്രതികരണമെന്നതും ശ്രദ്ധേയമാണ്.

കോവിഡിന്റെ ഉത്ഭവവുമായി ബന്ധപ്പെട്ട് ചൈനയിലെ വുഹാനില പ്രവര്‍ത്തിക്കുന്ന ലാബിന്റെ സാധ്യതയടക്കം അന്വേഷണത്തിന് വിധേയമാക്കണമെന്ന് അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്‍ രഹസ്യാന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് കഴിഞ്ഞ ദിവസം നിര്‍ദ്ദേശം നല്‍കിയിരുന്നു. തൊട്ടുപിന്നാലെ വുഹാനിലല്ല അന്വേഷണം നടത്തേണ്ടതെന്നും അമേരിക്കയിലെ ലാബുകളിലാണ് അന്വേഷണം വേണ്ടതെന്നുമായിരുന്നു ചൈന നടത്തിയ പ്രതികരണം.