കടല്‍ക്ഷോഭം ദുരിതം വിതച്ച ചെല്ലാനത്ത് അടിഞ്ഞുകൂടിയ മണല്‍ നീക്കാന്‍ അഞ്ച് ലക്ഷം രൂപ

single-img
28 May 2021

ചെല്ലാനത്ത് കടലാക്രമണത്തെത്തുടര്‍ന്ന് അടിഞ്ഞുകൂടിയ മണല്‍ അടിയന്തിരമായി നീക്കം ചെയ്യാന്‍ അഞ്ച് ലക്ഷം രൂപ അനുവദിച്ചതായി എറണാകുളം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഉല്ലാസ് തോമസ് അറിയിച്ചു. ജില്ലാ പഞ്ചായത്ത് യോഗത്തിലാണ് തീരുമാനം.

ഉപ്പത്തിക്കാട് തോട്ടിലാണ് കടലാക്രമണത്തില്‍ മണല്‍ അടിഞ്ഞുകൂടിയത്. ഇത് നീക്കം ചെയ്യാനാണ് തുക അനുവദിച്ചത്. ജില്ല ദുരന്ത നിവാരണ അതോറിറ്റിയുടെ നിര്‍ദ്ദേശം കൂടി പരിഗണിച്ചാണ് ജില്ലാ പഞ്ചായത്ത് പണം അനുവദിച്ചത്. ചെല്ലാനത്ത് നാശനഷ്ടങ്ങള്‍ ഉണ്ടായ പ്രദേശങ്ങളില്‍ ജില്ലാ പഞ്ചായത്ത് അംഗങ്ങള്‍ സന്ദര്‍ശനം നടത്തി. വൈസ് പ്രസിഡന്റ് ,ഷൈനി ജോര്‍ജ്, സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ എം.ജെ.ജോമി, അംഗങ്ങളായ ദീപു കുഞ്ഞികുട്ടി, അനുമോള്‍ ബേബി, ഇറിഗേഷന്‍ ഡിപ്പാര്‍ട്ട്മെന്റ് ഉദ്യോഗസ്ഥര്‍ എന്നിവരാണ് പ്രസിഡന്റിനൊപ്പം സ്ഥലം സന്ദര്‍ശിച്ചത്.

ചെല്ലാനം കായലോര പ്രദേശങ്ങളില്‍ ദുരിതം അനുഭവിക്കുന്നവര്‍ക്ക് സാന്ത്വനമായി കഴിഞ്ഞ ദിവസം ജില്ലാ പഞ്ചായത്തിന്റെ നേര്യമംഗലത്തെ ജില്ലാ കൃഷി ഫാമില്‍ നിന്നും ഒരു ലോറി നിറയെ പച്ചക്കറി വിഭവങ്ങളെത്തിച്ചിരുന്നു. മാങ്ങ, കപ്പ, ചക്ക ,കപ്പങ്ങ, വിവിധ ഇനം പച്ചക്കറികള്‍ എന്നിവയുമായിട്ടാണ് സ്നേഹവണ്ടി ചെല്ലാനം ദുരിത പ്രദേശങ്ങളില്‍ എത്തിച്ചത്. ദുരിതമേഘലയില്‍ കൂടുതല്‍ ജില്ലാ പഞ്ചായത്തിന്റെ സഹായമെത്തിക്കുമെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഉല്ലാസ് തോമസ് പറഞ്ഞു.