സംസ്ഥാനത്ത് കെ.പി.സി.സി പ്രസിഡന്റിന് മാറ്റമുണ്ടെങ്കില്‍, അത് തീരുമാനിക്കാന്‍ പാര്‍ട്ടി ഉണ്ടെന്ന് പ്രതിപക്ഷനേതാവ് വി.ഡി സതീശന്‍

single-img
27 May 2021

സംസ്ഥാനത്ത് കെ.പി.സി.സി പ്രസിഡന്റിനെ മാറ്റണം എന്ന് ആവശ്യപ്പെട്ട് ആരും ഇറങ്ങിയിട്ടില്ലെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍. അങ്ങനെ മാറ്റണമെന്നുണ്ടെങ്കില്‍ അത് തീരുമാനിക്കാന്‍ പാര്‍ട്ടി ഉണ്ടെന്നും അദ്ദേഹം പറഞ്ഞു. മുല്ലപ്പള്ളി രാമചന്ദ്രനെ അനുകൂലിച്ച രമേശ് ചെന്നിത്തലയുടെ എഫ്ബി പോസ്റ്റിനെ പൂര്‍ണ്ണമായി പിന്തുണക്കുന്നതായും വി.ഡി സതീശന്‍ വ്യക്തമാക്കി. നിയമസഭാ തെരഞ്ഞെടുപ്പ് തോല്‍വിയുടെ ഉത്തരവാദിത്തം ഉമ്മന്‍ചാണ്ടിയും രമേശ് ചെന്നിത്തലയും മുല്ലപ്പള്ളിയും ചേര്‍ന്നാണ് ഏറ്റെടുത്തത്. ആരും ഒളിച്ച് പോയില്ലല്ലോ എന്ന് വി.ഡി സതീശന്‍ ചോദിച്ചു. എന്നാല്‍ അധ്യക്ഷ സ്ഥാനത്ത് നിന്ന് മാറുമോ എന്ന ചോദ്യത്തോട് മുല്ലപ്പള്ളി പ്രതികരിച്ചില്ല.

വിവാദങ്ങളുടെ പശ്ചാത്തലത്തില്‍ ലക്ഷദ്വീപ് അഡ്മിനിസ്ട്രേറ്ററെ പിന്‍വലിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ തയ്യാറാകണമെന്ന് മുല്ലപ്പള്ളി രാമചന്ദ്രന്‍ ആവശ്യപ്പെട്ടു. ഫാസിസ്റ്റ് കിരാത ഭരണം അനുവദിച്ച് നല്‍കാനാകില്ല. ദ്വീപില്‍ നടക്കുന്നത് സാംസ്‌കാരിക ഫാസിസം ആണെന്നും മുല്ലപ്പള്ളി ആരോപിച്ചു.

സമീപകാലത്ത് വളരെയേറെ തെറ്റിദ്ധരിക്കപ്പെട്ടിട്ടുള്ള വ്യക്തിത്വമാണ് മുല്ലപ്പള്ളി രാമചന്ദ്രനെന്നും വാസ്തവത്തില്‍ ഇന്ന് അദ്ദേഹത്തിനെതിരെ ഉയര്‍ന്ന പല വിമര്‍ശനങ്ങളും അസ്ഥാനത്താണെന്നും ചെന്നിത്തല ഫെയ്‌സ്ബുക്കില്‍ കുറിച്ചു. ഒരു വ്യക്തിയെന്ന നിലയിലും നേതാവെന്ന നിലയിലും മുല്ലപ്പള്ളിയെ ശരിയായി വിലയിരുത്താന്‍ കേരള സമൂഹത്തിന് സാധിച്ചിട്ടില്ല എന്നുള്ളതാണ് യാഥാര്‍ത്ഥ്യം. നിയമസഭ പരാജയത്തിനു ശേഷം അദ്ദേഹം കൂടുതല്‍ വേട്ടയാടപ്പെട്ടു കൊണ്ടിരിക്കുന്നു. ഈ പരാജയത്തിന് ഉത്തരവാദിത്തം മുല്ലപ്പള്ളിക്ക് മാത്രമാണെന്ന് വിശ്വസിക്കുന്നില്ല. ഈ തോല്‍വിയുടെ ഉത്തരവാദിത്വം മുല്ലപ്പള്ളിയെക്കാള്‍ കൂടുതല്‍ തനിക്കും ഉമ്മന്‍ ചാണ്ടിക്കും മറ്റു നേതാക്കള്‍ക്കും ഉണ്ടെന്ന് വിശ്വസിക്കുന്നുവെന്നും ചെന്നിത്തല കൂട്ടിച്ചേര്‍ത്തു.