പൂന്തുറയില്‍ നിന്ന് കാണാതായ രണ്ട് മത്സ്യത്തൊഴിലാളികളുടെ മൃതദേഹം കണ്ടെത്തി

single-img
27 May 2021

തിരുവനന്തപുരം ജില്ലയിലെ പൂന്തുറയില്‍ ബോട്ടപകടത്തില്‍ കാണാതായ മത്സ്യത്തൊഴിലാളികളുടെ മൃതദേഹം കണ്ടെത്തി. കോസ്റ്റ് ഗാര്‍ഡ് നടത്തിയ തെരച്ചിലില്‍ പൂന്തുറ സ്വദേശികളായ ജോസഫ് (47), സേവ്യര്‍ (55) എന്നിവരുടെ മൃതദേഹമാണ് കണ്ടെത്തിയത്. ജോസഫിന്റെ മൃതദേഹം പൂവാറില്‍ നിന്നും സോവ്യറിന്റെ മൃതദേഹം അടിമലത്തുറയില്‍ നിന്നുമാണ് കാണാതായത്.

അതേ സമയം അഞ്ചുതെങ്ങില്‍ നിന്ന് ഫൈബര്‍ വള്ളത്തില്‍ മത്സ്യബന്ധനത്തിന് പോയ ഷാജു (34) എന്നയാളെ കാണാതായി. തിരയില്‍പെട്ട് വള്ളം മുങ്ങുകയായിരുന്നു എന്നാണ് പ്രാഥമിക നിഗമനം. തെരച്ചില്‍ തുടരുകയാണ്.

ചൊവ്വാഴ്ചയാണ് പൂന്തുറയിലെ മത്സ്യത്തൊഴിലാളികളുടെ ബോട്ടുകള്‍ അപകടത്തില്‍പെട്ടത്. കടല്‍ക്ഷോഭത്തെ തുടര്‍ന്ന് ബോട്ടുകള്‍ ഹാര്‍ബറുകളിലേക്ക് പ്രവേശിക്കാന്‍ ശ്രമിക്കുന്നതിനിടെ അപകടമുണ്ടാവുകയായിരുന്നു. 14 പേരെ കോസ്റ്റ്ഗാര്‍ഡും തൊഴിലാളികളും ചേര്‍ന്ന് രക്ഷപെടുത്തിയിരുന്നു. കാണാതായവരില്‍ പൂന്തുറ സ്വദേശി ഡേവിഡ്സണ്‍ എന്നയാളുടെ മൃതദേഹം കഴിഞ്ഞ ദിവസം കണ്ടെത്തിയിരുന്നു.

അതേ സമയം സംസ്ഥാനത്ത് ഇന്നും ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് മുന്നറിയിപ്പുണ്ട്.
തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂര്‍, പാലക്കാട്, കോഴിക്കോട്, കണ്ണൂര്‍ ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. ശനി, ഞായര്‍ ദിവസങ്ങളിലും ഈ 11 ജില്ലകളില്‍ മഴ മുന്നറിയിപ്പുണ്ട്.കേരള തീരത്ത് 40 മുതല്‍ 50 കിലോമീറ്റര്‍ വേഗതയില്‍ ശക്തമായ കാറ്റിനും ഉയര്‍ന്ന തിരമാലയ്ക്കും സാധ്യതയുള്ളതിനാല്‍ മത്സ്യ തൊഴിലാളികള്‍ കടലില്‍ പോകുന്നതിന് വിലക്ക് ഏര്‍പ്പെടുത്തി.