കേരളത്തിന്റെ മനസ്സ് ലക്ഷദ്വീപിനൊപ്പം: നിയമസഭയില്‍ സംയുക്ത പ്രമേയം പാസാക്കും, ഭരണപക്ഷവും പ്രതിപക്ഷവും പിന്തുണയ്ക്കും

single-img
27 May 2021

ലക്ഷദ്വീപ് അഡ്മിനിസ്‌ട്രേറ്ററുടെ വിവാദനടപടികളെ തുടര്‍ന്ന് പ്രതിഷേധം നടത്തുന്ന ദ്വീപു നിവാസികള്‍ക്ക് പിന്തുണയുമായി കേരളം. കേരള നിയമസഭയുടെ നിലവില്‍ നടക്കുന്ന സമ്മേളനത്തിനിടയില്‍ ലക്ഷദ്വീപ് ജനതയ്ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചു കൊണ്ട് പ്രമേയം പാസാക്കിയേക്കും. ഇതിനുള്ള നടപടി ക്രമങ്ങള്‍ സ്പീക്കറുടെ ഓഫീസ് പരിശോധിച്ചു തുടങ്ങി.

ഗവര്‍ണറുടെ നയപ്രഖ്യാപന പ്രസംഗത്തിനായി അടുത്ത ദിവസം കേരള നിയമസഭ വീണ്ടും ചേരുന്നുണ്ട്. അതിന് അടുത്ത ദിവസം നയപ്രഖ്യാപന പ്രസംഗത്തിന്‍മേല്‍ ചര്‍ച്ച നടക്കും. ഇതിന് ശേഷം ലക്ഷദ്വീപുകാര്‍ക്ക് പിന്തുണ പ്രഖ്യാപിച്ചു കൊണ്ടുള്ള പ്രമേയം പാസാക്കാനുള്ള സാധ്യതയാണ് സ്പീക്കര്‍ പരിശോധിക്കുന്നത്. ലക്ഷദ്വീപുകാരുടെ പോരാട്ടത്തെ പിന്തുണച്ച് കൊണ്ട് നിയമസഭ പ്രമേയം പാസാക്കാണമെന്ന് നേരത്തെ ഷാഫി പറമ്പില്‍ എംഎല്‍എ ആവശ്യപ്പെട്ടിരുന്നു. കേരളത്തില്‍ ബിജെപി ഒഴികെ മറ്റു പ്രധാന പാര്‍ട്ടികളെല്ലാം ലക്ഷദ്വീപിലെ പ്രക്ഷോഭത്തെ പിന്തുണയ്ക്കുന്നുണ്ട്. ബിജെപിക്ക് സഭയില്‍ അംഗമില്ലാത്തതിനാല്‍ ഭരണപക്ഷത്തേയും പ്രതിപക്ഷത്തേയും മുഴുവന്‍ എംഎല്‍എമാരും ചേര്‍ന്ന് സംയുക്തമായിട്ടാവും പ്രമേയം പാസാക്കുക.

അതേസമയം അഡ്മിനിസ്‌ട്രേറ്റര്‍ പ്രഫുല്‍ കോഡാ പാട്ടീലിനെ പിന്തുണച്ച് കൊണ്ട് ബിജെപി കേന്ദ്രനേതൃത്വം രംഗത്ത് എത്തി. ബിജെപി ഐടി സെല്‍ മേധാവി അമിത് മാളവ്യയാണ് ഇക്കാര്യത്തില്‍ ഇന്ന് പ്രതികരിച്ചത്.