ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങൾ പാലിക്കാതെ നടന്ന വിവാഹങ്ങൾ നിയമവിരുദ്ധമായി പ്രഖ്യാപിക്കാന്‍ മധ്യപ്രദേശ്

single-img
27 May 2021

ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങൾ നിലവില്‍ക്കവേ അതിനെ മാനിക്കാതെ നടന്ന വിവാഹങ്ങൾ നിയമവിരുദ്ധമായി പ്രഖ്യാപിക്കാനൊരുങ്ങി മധ്യപ്രദേശ്. നേരത്തെ തന്നെ കോവിഡ് വ്യാപന പശ്ചാത്തലത്തിൽ ലോക്ക് ഡൗൺ ഉണ്ടായിരുന്ന സംസ്ഥാനത്ത് വിവാഹച്ചടങ്ങുകൾക്ക് വിലക്കേർപ്പെടുത്തിയിരുന്നു.

പക്ഷെ ഈ നിയന്ത്രണങ്ങളെയും മറികടന്ന് രഹസ്യമായി നടന്ന വിവാഹങ്ങൾ നിയമ വിരുദ്ധമായി പ്രഖ്യാപിക്കാനാണ് സംസ്ഥാനത്തെ വിവിധ ജില്ലാഭരണകൂടത്തിന്‍റെ നീക്കം. അതേപോലെ തന്നെ മേയ് മാസം വിവാഹിതരായ ദമ്പതികൾക്ക് വിവാഹസർട്ടിഫിക്കറ്റ് നൽകില്ലെന്നും അധികൃതര്‍ അറിയിച്ചിട്ടുണ്ട്. ലോക്ക്ഡൗൺ കാലത്ത് സംസ്ഥാനത്ത് വിവാഹച്ചടങ്ങുകൾക്കും അനുമതി ഉണ്ടായിരുന്നില്ല. പക്ഷെ ഇത് ലംഘിച്ച് നിരവധി വിവാഹങ്ങളാണ് സംസ്ഥാനത്ത് നടന്നത്.

ഈ സംഭവത്തില്‍ മുപ്പതോളം പേർക്കെതിരെ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ടെന്നും സംസ്ഥാന ആഭ്യന്തര വകുപ്പ് അധികൃതർ വ്യക്തമാക്കിയിരുന്നു. അതിന്റെ പിന്നാലെയാണ് ഈ കാലയളവിൽ നടന്ന വിവാഹങ്ങൾ നിയമവിരുദ്ധമായി പ്രഖ്യാപിക്കുമെന്ന് ചില ജില്ലാ അധികൃതർ അറിയിച്ചിരിക്കുന്നത്.

വിലക്ക് നിലനിന്ന കാലയളവിൽ വിവാഹിതരായ ദമ്പതികൾക്ക് വിവാഹസര്‍ട്ടിഫിക്കറ്റ് അനുവദിക്കരുതെന്ന് രജിസ്ട്രാർ ഓഫീസുകൾക്കും ജില്ലാ ഭരണകൂടം നിർദേശം നൽകിയിരിക്കുകയാണ്. ഈ നിർദേശം ലംഘിച്ചാൽ ഉദ്യോഗസ്ഥർക്കെതിരെ നടപടിയുണ്ടാകുമെന്നും ഡിസ്ട്രിക്റ്റ് മജിസ്ട്രേറ്റ് പുറത്തിറക്കിയ ഉത്തരവിൽ പറയുന്നു. മധ്യപ്രദേശില്‍ ലോക്ക്ഡൗണ്‍ മാനദണ്ഡങ്ങൾ ലംഘിച്ച് 130 ഓളം വിവാഹങ്ങളാണ് രഹസ്യമായി നടന്നതെന്നാണ് റിപ്പോർട്ട്.