ദാമൻ ദിയുവിൽ തദ്ദേശവാസികളെ ഒഴിപ്പിച്ച അതേ തന്ത്രമാണ് ഇപ്പോള്‍ ലക്ഷദ്വീപില്‍ നടപ്പാക്കാന്‍ നോക്കുന്നത്: തോമസ്‌ ഐസക്

single-img
26 May 2021

ദാമൻ ദിയുവിൽ പ്രഫുല്‍ പട്ടേല്‍ തദ്ദേശവാസികളെ ഒഴിപ്പിച്ച അതേ തന്ത്രമാണ് ഇപ്പോള്‍ ലക്ഷദ്വീപില്‍ നടപ്പാക്കാന്‍ നോക്കുന്നതെന്ന് സിപിഎം നേതാവും മുന്‍ ധനമന്ത്രിയുമായിരുന്ന തോമസ്‌ ഐസക്. ദാമൻ ദിയുവിൽ കുടിയൊഴിപ്പിക്കപ്പെട്ടവർക്കു പുറകോട്ടുമാറി ചേരികൾ നിർമ്മിക്കാനാകും. വെറും 32 ചതുരശ്ര കിലോമീറ്റർ വരുന്ന ലക്ഷദ്വീപിലെ നിവാസികൾ എങ്ങോട്ടുപോകുമെന്നും തന്റെ ഫേസ്ബുക്കില്‍ എഴുതിയ കുറിപ്പില്‍ തോമസ്‌ ഐസക് ചോദിക്കുന്നു.

ലക്ഷദ്വീപില്‍ നടക്കുന്ന ഈ വംശഹത്യയെ ന്യായീകരിക്കുന്നതിനു കുമ്മനം രാജശേഖരനും സുരേന്ദ്രനുമെല്ലാം ഇറങ്ങിയിരിക്കുകയാണ്. സംഘപരിവാർ എന്നത് കേരളീയ സംസ്കാരത്തിനും പാരമ്പര്യത്തിനും എത്രയോ അകന്നുനിൽക്കുന്നവരാണെന്ന് ഓരോ ദിവസവും പിന്നിടുമ്പോഴും തെളിഞ്ഞുകൊണ്ടിരിക്കുകയാണെന്നും തിമസ് ഐസക് എഴുതുന്നു.

ടൂറിസവുമാകാം. പക്ഷെ ബംഗറാം ദ്വീപിലെ പോലെ പൂർണ്ണമായും കോർപ്പറേറ്റുകളുടെ കീഴിലുള്ള ടൂറിസം വളർച്ചകൊണ്ടു നാട്ടുകാർക്കു ഗുണമുണ്ടാകുമോ? കേരളത്തിൽ നാം നടപ്പാക്കാൻ ശ്രമിക്കുന്ന ഉത്തരവാദിത്വ ടൂറിസമാണ് വേണ്ടതെന്നും അദ്ദേഹം പറയുന്നു.

പോസ്റ്റിന്റെ പൂര്‍ണ്ണരൂപം:

കഴിഞ്ഞ 75 വർഷമായി ലക്ഷദ്വീപിൽ വികസനം ഉണ്ടായിട്ടില്ലായെന്നു പ്രഫുൽ ഖോട പട്ടേൽ പ്രസ്താവിച്ചിരിക്കുന്നു. കണക്കു നോക്കാം. ലക്ഷദ്വീപിലെ ശിശുമരണ നിരക്ക് 2016 ൽ 19 ആണ്. ബിജെപിക്കു മേധാവിത്വമുള്ള ‘ബിമാരു’ സംസ്ഥാനങ്ങളുടേത് 38നും 47നും ഇടയിലാണ്. ദേശീയ ശരാശരി 34 ആണ്. ലക്ഷദ്വീപിലെ ജീവിതായുസ്സ് സ്വാഭാവികമായും ദേശീയ ശരാശരിയേക്കാൾ ഉയർന്നതാണ്. സാക്ഷരതാ നിരക്ക് 93 ശതമാനമാണ്. രണ്ട് കുട്ടികളിൽ കൂടുതലുണ്ടെങ്കിൽ മത്സരിക്കാൻ പാടില്ലായെന്ന നിയമം പാസ്സാക്കിയിട്ടുള്ള ലക്ഷദ്വീപിൽ ഒരു സ്ത്രീയ്ക്ക് 1.9 കുട്ടി വീതമാണ് ശരാശരിയുള്ളത്. ദേശീയ പ്രജനനനിരക്ക് 2.2 ആണ്. കേരളത്തിൽ 1.6 ഉം. ബിജെപിയുടെ ബിമാരു സംസ്ഥാനങ്ങളിൽ 2.7 മുതൽ 3.1 വരെയാണ്. ജീവിത ഗുണമേന്മയെടുത്താൽ ലക്ഷദ്വീപിലെ ജനങ്ങളുടെ ജീവിതം ബിജെപി ഭരിക്കുന്ന വടക്കേ ഇന്ത്യൻ സംസ്ഥാനങ്ങളേക്കാൾ മെച്ചമാണ്.

കൃത്യമായ കണക്ക് ഇല്ലെങ്കിലും പ്രതിശീർഷ വരുമാനമെടുത്താൽ ദേശീയ ശരാശരിയേക്കാൾ ലക്ഷദ്വീപിന്റെ വരുമാനം താഴ്ന്നതായിരിക്കും. കാരണം സർക്കാർ ഉദ്യോഗം കഴിഞ്ഞാൽ പിന്നെ ജനങ്ങളുടെ തൊഴിൽ മത്സ്യം, തേങ്ങ, കൊപ്ര എന്നിവ മാത്രമാണ്. ടൂറിസം ഒരു ദ്വീപിൽ ഒതുങ്ങിയിരിക്കുന്ന കോർപ്പറേറ്റുകാരുടെ വകയാണ്. നൂറ്റാണ്ടുകളായി മത്സ്യവും നാളികേര ഉൽപ്പന്നങ്ങളും കേരളത്തിലെ തുറമുഖങ്ങളിൽ ഇറക്കി ഇവിടെനിന്നും അരി, പലവ്യഞ്ജനങ്ങൾ, മണ്ണെണ്ണ, തുണികൾ തുടങ്ങിയവ വാങ്ങിക്കൊണ്ടുപോവുകയാണ് പതിവ്. പുറത്തു നിന്നും വാങ്ങുന്നതിനേക്കാൾ കൂടുതൽ പുറത്തേയ്ക്കു വിൽക്കുന്നുണ്ട്.

ഈ മിച്ചം സമ്പാദ്യത്തിൽ കാണാം. ഇവിടെ സ്വീകരിക്കേണ്ട ജനോപകാരപ്രദമായ വികസനതന്ത്രത്തെക്കുറിച്ച് ദ്വീപ് അതോറിറ്റി തന്നെ പഠനങ്ങൾ നടത്തിയിട്ടുണ്ട്. മത്സ്യസമ്പത്തിന്റെ 10 ശതമാനമേ ഉപയോഗപ്പെടുത്തുന്നുള്ളൂ. കേരള സർക്കാർ രണ്ടു വർഷം മുമ്പ് തദ്ദേശീയരുമായി ചേർന്ന് മത്സ്യം സൂക്ഷിക്കുന്നതിനും സംസ്കരിച്ചു വിപണനം നടത്തുന്നതിനും ഒരു ധാരണാപത്രം ഒപ്പുവച്ചിട്ടുണ്ട്. നാളികേരത്തിന്റെ ഉൽപ്പാദനക്ഷമത ഇപ്പോൾ തന്നെ വളരെ ഉയർന്നതാണ്. കേരളത്തിൽ ഒരു ഹെക്ടറിൽ 6,000 തേങ്ങ ഉൽപ്പാദിപ്പിക്കുമ്പോൾ ലക്ഷദ്വീപിൽ ഇത് 20,000 ആണ്. കയർ വ്യവസായം വികസിപ്പിക്കുന്നതിനു മറ്റൊരു ധാരണാപത്രം ചർച്ച ചെയ്തുകൊണ്ടിരിക്കുകായിരുന്നു.


ടൂറിസവുമാകാം. പക്ഷെ ബംഗറാം ദ്വീപിലെ പോലെ പൂർണ്ണമായും കോർപ്പറേറ്റുകളുടെ കീഴിലുള്ള ടൂറിസം വളർച്ചകൊണ്ടു നാട്ടുകാർക്കു ഗുണമുണ്ടാകുമോ? കേരളത്തിൽ നാം നടപ്പാക്കാൻ ശ്രമിക്കുന്ന ഉത്തരവാദിത്വ ടൂറിസമാണ് വേണ്ടത്.

എന്നാൽ പുതിയ ഭരണാധികാരിയായ പ്രഫുൽ പട്ടേൽ ലക്ഷദ്വീപുകളെയാകെ ഒരു ടൂറിസം ചൂതാട്ടകേന്ദ്രമാക്കി മാറ്റാനുള്ള പദ്ധതി നടപ്പാക്കാനാണ് ഉദ്ദേശിക്കുന്നത്. ബീച്ചിൽ മത്സ്യഷെഡ്ഡുകൾ പാടില്ല. ഇപ്പോൾ ആവശ്യമൊന്നും ഇല്ലെങ്കിലും വമ്പൻ റോഡുകൾ വേണം. തദ്ദേശീയരല്ലാത്തവർക്കു ഭൂമി വാങ്ങാൻ അവസരം കൊടുക്കണം. ഏതാനും ദശാബ്ദങ്ങൾ മുമ്പുവരെ ഭൂസ്വത്തിൽ സ്വകാര്യ ഉടമസ്ഥത ഉണ്ടായിരുന്നില്ല. ആരാണോ നാളികേരം നടുന്നത് അയാൾക്കാണ് തേങ്ങയുടെ അവകാശം. ഇപ്പോൾ ഈ സമ്പ്രദായമെല്ലാം മാറിയിട്ടുണ്ട്. പഴയതത്വം പറഞ്ഞ് സാധാരണക്കാരുടെ ഭൂമി പൊതു ആവശ്യത്തിനായി പിടിച്ചെടുക്കുന്നതിനുള്ള നിയമമാണ് ഉണ്ടാക്കിയിട്ടുള്ളത്. ഭൂവുടമസ്ഥർ തങ്ങളുടെ രേഖ എല്ലാ മൂന്നുവർഷവും പുതുക്കണം. ഇല്ലെങ്കിൽ താങ്ങാനാവാത്ത പിഴ. പിഴ ഒടുക്കിയില്ലെങ്കിൽ ഭൂമിയും നഷ്ടപ്പെടും. ദാമൻ ദിയുവിൽ തദ്ദേശവാസികളെ ഒഴിപ്പിച്ചു കോർപ്പറേറ്റുകൾക്കു ടൂറിസം വികസനത്തിന് ഏൽപ്പിച്ചുകൊടുത്ത അതേ തന്ത്രമാണ് ഇവിടെയും നടപ്പാക്കുന്നത്.

ലക്ഷദ്വീപിലെ വികസന ചേരുവയിൽ മുസ്ലിംവിരുദ്ധ വർഗ്ഗീയതയും ചേർത്തിട്ടുണ്ട്. വേറൊരു അടിസ്ഥാനവ്യത്യാസവുമുണ്ട്. ദാമൻ ദിയുവിൽ കുടിയൊഴിപ്പിക്കപ്പെട്ടവർക്കു പുറകോട്ടുമാറി ചേരികൾ നിർമ്മിക്കാനാകും. വെറും 32 ചതുരശ്ര കിലോമീറ്റർ വരുന്ന ലക്ഷദ്വീപിലെ നിവാസികൾ എങ്ങോട്ടുപോകും? ഇതൊരു വംശഹത്യയാണ്. വടക്കേ ഇന്ത്യയിലും മറ്റും ആദിവാസികളുടെ ഭൂമി ഖനനത്തിനും മറ്റും വേണ്ടി കോർപ്പറേറ്റുകൾ കൈയ്യേറുന്നപോലെ ഇവിടെ അരക്ഷിതാവസ്ഥ സൃഷ്ടിച്ച് ദ്വീപ് നിവാസികളെ മുഴുവൻ ഒന്നോ രണ്ടോ ദ്വീപുകളിലേയ്ക്ക് ഒതുക്കാനാണോ ശ്രമമെന്ന് സംശയിക്കേണ്ടിയിരിക്കുന്നു.

ഈ വംശഹത്യയെ ന്യായീകരിക്കുന്നതിനു കുമ്മനം രാജശേഖരനും സുരേന്ദ്രനുമെല്ലാം ഇറങ്ങിയിരിക്കുകയാണ്. സംഘപരിവാർ കേരളീയ സംസ്കാരത്തിനും പാരമ്പര്യത്തിനും എത്രയോ അകന്നുനിൽക്കുന്നവരാണെന്ന് ഓരോ ദിവസവും പിന്നിടുമ്പോഴും തെളിഞ്ഞുകൊണ്ടിരിക്കുകയാണ്.