ഒരു തുള്ളി രക്തം പോലും ഈ മണ്ണില്‍ വീഴാതെ എങ്ങനെ പ്രതിപക്ഷ പ്രവര്‍ത്തനം നടത്താമെന്ന് ഞാന്‍ തെളിയിച്ചു, പക്ഷേ പ്രതീക്ഷിച്ച പിന്തുണ ആരും നല്‍കിയില്ല; രമേശ് ചെന്നിത്തല

single-img
26 May 2021

കഴിഞ്ഞ അഞ്ച് വര്‍ഷം പ്രതിപക്ഷ നേതാവ് എന്ന നിലയിലുള്ള തന്റെ പ്രവര്‍ത്തനം കാലം വിലയിരുത്തുമെന്ന് കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല. തക്രിയാത്മക പ്രതിപക്ഷമായിരുന്നു. നിര്‍ണായക ഘട്ടത്തില്‍ സര്‍ക്കാരുമായി സഹകരിച്ചിട്ടുണ്ട്. എതിര്‍ക്കേണ്ടവ ശക്തമായി എതിര്‍ത്തു. അതേസമയം, തനിക്ക് എത്രമാത്രം പിന്തുണ തന്നിട്ടുണ്ടെന്ന് ആലോചിക്കണമെന്നും കോണ്‍ഗ്രസ് നേതാക്കളോടായി ചെന്നിത്തല പറഞ്ഞു. തന്റെ പ്രവര്‍ത്തനങ്ങളെ വേണ്ടവിധം ജനങ്ങളിലേക്ക് എത്തിച്ചില്ല. പ്രതിപക്ഷ നേതാവ് സ്ഥാനത്തുനിന്ന് ഒഴിഞ്ഞ്, നന്ദി പ്രകാശിപ്പിച്ചുകൊണ്ടുള്ള ഫെയ്സ്ബുക്ക് കുറിപ്പിലാണ് ഒപ്പമുള്ള കോണ്‍ഗ്രസ് നേതാക്കളെ ഉള്‍പ്പെടെ പൊള്ളിക്കുന്ന ചോദ്യങ്ങളുമായി ചെന്നിത്തല രംഗത്തുവന്നത്.

‘അഞ്ചുവര്‍ഷം പ്രതിപക്ഷ നേതാവ് എന്നനിലയില്‍ മുന്‍നിരയില്‍നിന്നു നയിച്ച ഞാന്‍ ഇന്ന് രണ്ടാം നിരയിലാണ്. കഴിഞ്ഞ അഞ്ചു വര്‍ഷക്കാലം എല്‍ഡിഎഫ് സര്‍ക്കാരിന്റെ അഴിമതിക്കെതിരെയുള്ള പോരാട്ടമാണ് ഞാന്‍ നടത്തിയത്. സര്‍ക്കാരിന്റെ നല്ല ചെയ്തികളെ പിന്തുണയ്ക്കുന്നതിനൊപ്പം സംസ്ഥാന താല്‍പ്പര്യങ്ങള്‍ക്കുവേണ്ടി യോജിച്ച പ്രവര്‍ത്തനങ്ങള്‍ കാഴ്ചവച്ച വേദിയാണ് ഈ സഭയുടേത്. ക്രിയാത്മക പ്രതിപക്ഷമെന്ന നിലയില്‍ കൃത്യമായി പ്രവര്‍ത്തിക്കാന്‍ സാധിച്ചു എന്ന ചാരിതാര്‍ഥ്യമുണ്ട്.

ഒരു തുള്ളി രക്തംപോലും ഈ മണ്ണില്‍ ചൊരിയിക്കാതെ, ഒരു കെഎസ്ആര്‍ടിസി ബസിന്റെ ചില്ല് പോലും ഉടയാതെ, എങ്ങനെ പ്രതിപക്ഷപ്രവര്‍ത്തനം നടത്താന്‍ കഴിയുമെന്ന് തെളിയിച്ച കാലഘട്ടമാണ് കടന്നുപോയത്. തെരഞ്ഞെടുപ്പ് പരാജയത്തിന് പൂര്‍ണ ഉത്തരവാദിത്തം ഏറ്റെടുത്തുകൊണ്ടാണ് സ്ഥാനം ഒഴിയുന്നത്. എന്റെ പ്രവര്‍ത്തനങ്ങള്‍ എത്രമാത്രം ശരിയായിരുന്നുവെന്ന് കാലം വിലയിരുത്തട്ടെ. എത്രമാത്രം പിന്തുണ എന്റെ പ്രവര്‍ത്തനങ്ങളില്‍ ലഭിച്ചിരുന്നു എന്നതും കാലം കണക്കെടുക്കട്ടെ. സംസ്ഥാന താല്‍പ്പര്യത്തിനും ജനങ്ങള്‍ക്കുവേണ്ടിയും നടത്തിയ പ്രവര്‍ത്തനങ്ങള്‍ എത്രമാത്രം ജനങ്ങളിലേക്ക് എത്തിക്കാന്‍ സാധിച്ചു എന്നത് പഠനാര്‍ഹമാകട്ടെ. സഹകരിച്ച എല്ലാവരോടും നന്ദി.