പ്രഫുല്‍ പട്ടേലിനെ നീക്കണമെന്ന ആവശ്യവുമായി പ്രതിപക്ഷ പാര്‍ട്ടികള്‍ ഒരുമിച്ച് രാഷ്ട്രപതിയെ കാണണം: എ എം ആരിഫ്

single-img
26 May 2021

അധികാര ദുര്‍വിനിയോഗം നടത്തി ലക്ഷദ്വീപില്‍ സംഘപരിവാര്‍ അജണ്ടകള്‍ നടപ്പാക്കാന്‍ ശ്രമിക്കുന്ന ദ്വീപ് അഡ്മിനിസ്‌ട്രേറ്റര്‍ പ്രഫുല്‍ പട്ടേലിനെ മാറ്റണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷ പാര്‍ട്ടികള്‍ ഒരുമിച്ച് രാഷ്ട്രപതിയെ സന്ദര്‍ശിക്കണമെന്ന് എ എം ആരിഫ് എം പി. ലക്ഷ ദ്വീപിലെ ജനതയ്ക്ക് പിന്തുണയുമായി പി ഡി പി നടത്തുന്ന പ്രതിഷേധ പരിപാടി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ലക്ഷദീപിനെ പറ്റി സംസാരിക്കുന്നവരെ തീവ്രവാദികളാക്കി ചിത്രീകരിക്കുകയാണെന്നും ലക്ഷദ്വീപിന് വേണ്ടി സംസാരിച്ച രാഷ്ട്രീയമായോ സംഘടനാപരമായോ യാതൊരു ബന്ധമില്ലാത്ത നടനായ പൃഥ്വിരാജിനെ പോലും ബി ജെ പിയുടെ സൈബര്‍ ഗുണ്ടകള്‍ ആക്രമിക്കുകയാണെന്നും അദ്ദേഹം തന്റെ പ്രസംഗത്തില്‍ പറഞ്ഞു. ദ്വീപില്‍ ഇപ്പോള്‍ നടപ്പാക്കുന്ന ടൂറിസം ബിസിനസിലൂടെ കോടികള്‍ കൊയ്യാനും ഒരു ഭൂപ്രദേശം തങ്ങളുടേതാക്കാനുമാണ് അവര്‍ ശ്രമിക്കുന്നത് എന്ന് വേണം മനസ്സിലാക്കാന്‍.

ദക്ഷിണേന്ത്യയുടെ കശ്മീരാക്കുകയാണ് ലക്ഷ ദീപിനെ കേന്ദ്രസര്‍ക്കാര്‍. തെരഞ്ഞെടുപ്പില്‍ നേടിയപാര്‍ലമെന്റിലെ ഭൂരിപക്ഷത്തിന്റെ ബലത്തില്‍ കൊവിഡിന്റെ പ്രത്യെക സാഹചര്യത്തിലും ലക്ഷദീപിനെ മതരാഷ്ട്രവാദത്തിന്റെ പരീക്ഷണശാലയാക്കാനുള്ള ശ്രമങ്ങളെ ജനാധിപത്യവിശ്വാസികള്‍ ഒന്നിച്ച് ചെറുത്ത് തോല്പിക്കണമെന്ന് അദ്ദേഹം ആഹ്വാനം ചെയ്തു.