ഇന്ത്യയിലെ കോവിഡ്മരണങ്ങള്‍ മൂന്നു ലക്ഷമെന്ന് ഔദ്യോഗിക കണക്ക്; പത്തുലക്ഷത്തിലേറെ എന്ന് വിദേശ മാധ്യമങ്ങള്‍

single-img
26 May 2021

രാജ്യത്ത് രണ്ടാം തരംഗം തീവ്രമായി തുടരുമ്പോള്‍ കോവിഡ് രോഗബാധിതരുടെ മരണസംഖ്യ മൂന്നു ലക്ഷം കടന്നെന്നാണ് ഇന്ത്യ പുറത്തുവിട്ട ഔദ്യോഗിക കണക്ക്. പക്ഷെ ഇപ്പോൾ അന്താരാഷ്ട്ര പഠനങ്ങളെ കൂട്ടുപിടിച്ച് വിദേശമാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത് ഇന്ത്യ കടന്നുപോകുന്ന സ്ഥിതി ഇതിലും ഇരട്ടി ഭീകരമാണെന്നാണ്. പുറത്തുവിട്ട മരണസംഖ്യയുടെ ഇരട്ടിപേർ ഏറ്റവും ചുരുങ്ങിയത് രാജ്യത്ത് കോവിഡ് ബാധിച്ച് മരിച്ചിട്ടുണ്ടാകുമെന്ന് ന്യൂയോർക്ക് ടൈംസ് റിപ്പോർട്ട് ചെയ്യുന്നു.

ഇതേവരെ ഇന്ത്യയില്‍ പത്തുലക്ഷത്തിനു മീതെ ആളുകള്‍ രണ്ടുഘട്ടങ്ങളിലായി വൈറസ് ബാധയുടെ ഇരകളായി ജീവൻ നഷ്ടപ്പെട്ടിട്ടുണ്ടെന്നാണ് ന്യൂയോർക്ക് ടൈംസ് റിപ്പോർട്ടില്‍ പറയുന്നത്. ഒന്നിലധികം അന്താരാഷ്ട്ര പഠനങ്ങളെ ആധാരമാക്കിയാണ് പത്രം ഇത്തരത്തില്‍ ഒരു നിഗമനത്തിലെത്തിയിരിക്കുന്നത്.

റിപ്പോര്‍ട്ട് തയ്യാറാക്കാന്‍ പത്തിലേറെ വിദഗ്ധരുമായി ഇവര്‍ ഉപദേശങ്ങൾ തേടുകയും ചെയ്തിട്ടുണ്ട്. എന്തായാലും ഫോബ്‌സ് പോലെയുള്ള വിവിധ പ്രസിദ്ധീകരണങ്ങളും ന്യൂയോർക്ക് ടൈംസ് റിപ്പോർട്ട് പ്രസിദ്ധീകരിച്ചിട്ടുണ്ട്. സാധാരണയായി കോവിഡ് ബാധിതരുടെ എണ്ണം വ്യക്തമാക്കുന്ന രക്തപരിശോധനയുടെ കണക്കിന്റെ അടിസ്ഥാനത്തിലാണ് ചുരുങ്ങിയത് ഇത്ര പേരെങ്കിലും മരിച്ചിട്ടുണ്ടാകുമെന്നു കണക്കുകൂട്ടുന്നത്. എന്നാല്‍ രേഖകൾ എല്ലായിടത്തും ഒരുപോലെ കൃത്യമായി സൂക്ഷിക്കാത്തതിനാൽ കോവിഡ് ബാധിതരുടെ നിരക്ക് തന്നെ ഇപ്പോൾ പുറത്തുവന്നതിലും എത്രയോ ഇരട്ടിയാകുമെന്ന് റിപ്പോർട്ട് സൂചിപ്പിക്കുന്നു.