ലക്ഷദ്വീപില്‍ ഭരണപരിഷ്‌കാര നടപടികളില്‍ നിന്നും പിന്നോട്ടില്ല, ദ്വീപില്‍ ഗുരുതര സാഹചര്യമില്ലെന്ന് അഡ്മിനിസ്‌ട്രേറ്റര്‍

single-img
26 May 2021

ലക്ഷദ്വീപില്‍ ഭരണപരിഷ്‌കാര നടപടികളില്‍ നിന്നും പിന്നോട്ടില്ലെന്ന് അഡ്മിനിസ്‌ട്രേറ്റര്‍ പ്രഫുല്‍ ഖോഡ പട്ടേല്‍. ഉദ്യോഗസ്ഥരുമായി ഇന്നലെ ഓണ്‍ലൈനായി ചര്‍ച്ച നടത്തിയിരുന്നു. പ്രതിഷേധങ്ങള്‍ മുഖവിലയ്‌ക്കെടുക്കേണ്ടതില്ലെന്നാണ് അഡ്മിനിസ്‌ട്രേറ്റര്‍ ഉദ്യോഗസ്ഥര്‍ക്ക് നല്‍കിയ നിര്‍ദേശം. പരിഷ്‌കരണ നടപടികളുമായി മുന്നോട്ട് പോകാന്‍ നിര്‍ദ്ദേശം നല്‍കിയ പ്രഫുല്‍ പട്ടേല്‍, ദ്വീപില്‍ ഗുരുതര സാഹചര്യമില്ലെന്നും വിലയിരുത്തി. ഈ മാസം 30ന് ദ്വീപിലെത്തിയ ശേഷം രാഷ്ട്രീയ നേതാക്കളുമായടക്കം ചര്‍ച്ച ചെയ്യുമെന്നും പ്രഫുല്‍ പട്ടേല്‍ അറിയിച്ചു. അതിനിടെ ശക്തമായ നടപടികളിലേക്ക് കടക്കുകയാണ് ലക്ഷദ്വീപ് പൊലീസ്. കൂടുതല്‍ പ്രതിഷേധക്കാരുടെ ഫോണുകള്‍ പിടിച്ചെടുത്തു. കല്‍പേനി ദ്വീപ് നിവാസികളായ നാല് പേരുടെ ഫോണുകളാണ് പിടിച്ചെടുത്തത്. അഡ്മിനിസ്‌ട്രേറ്റര്‍ക്കെതിരെ പോസ്റ്റിട്ടതാണ് ഫോണുകള്‍ പിടിച്ചെടുക്കാന്‍ കാരണം.

അതേസമയം, ഭരണകൂടത്തിന്റെ നീക്കത്തിനെതിരെ ശക്തമായി പ്രതിഷേധിക്കുമെന്നാണ് ലക്ഷ്ദ്വീപ് എംപി മുഹമ്മദ് ഫൈസര്‍. അഡ്മിനിസ്‌ട്രേറ്ററെ തിരിച്ചുവിളിക്കണമെന്ന് കാണിച്ച് ഭീമ ഹര്‍ജി നല്‍കാനാണ് നീക്കമെന്നും, ഇതിനായി ഒപ്പ് ശേഖരണം നടക്കുന്നുണ്ടെന്നും അദ്ദേഹം അറിയിച്ചു. ലക്ഷദ്വീപ് നിവാസികളുടെ പ്രശ്‌നത്തില്‍ കേന്ദ്രം ഇടപെടണമെന്ന ആവശ്യവും ശക്തമായി മുന്നിലുണ്ട്.സാമൂഹിക സാംസ്‌കാരിക രാഷ്ട്രീയ രംഗത്തെ നിരവധി പേരാണ് ലക്ഷ്വദീപ് പ്രശ്‌നങ്ങളില്‍ അഭിപ്രായവുമായി രംഗത്തെത്തിയത്.

അതേ സമയം ലക്ഷദ്വീപില്‍ വരുത്തുന്ന മാറ്റങ്ങള്‍ക്ക് പിന്നില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ വലിയ സ്വപ്നങ്ങളുണ്ടെന്ന് വ്യക്തമാക്കി ബിജെപി ദേശീയ ഉപാധ്യക്ഷന്‍ എ.പി. അബ്ദുല്ലക്കുട്ടി രംഗത്തെത്തിയിരിക്കുകയാണ്. ലക്ഷദ്വീപിനെ ലോകോത്തര ടൂറിസം കേന്ദ്രമാക്കാനാണ് മോദിയുടെ നീക്കം. ഈ പരാമര്‍ശത്തിനെതിരെ വലിയ പ്രതിഷേധമാണ് ഉയരുന്നത്.