മഴക്കാലമാണ്, അതീവ ശ്രദ്ധ പുലര്‍ത്തണം; സംസ്ഥാനത്ത് ജൂണ്‍ 5, 6 തീയതികളില്‍ ശുചീകരണ യജ്ഞം

single-img
26 May 2021

മഴക്കാലപൂര്‍വ ശുചീകരണവും പകര്‍ച്ചവ്യാധി പ്രതിരോധവും ശക്തിപ്പെടുത്താന്‍ തദ്ദേശസ്വയംഭരണ വകുപ്പ് മന്ത്രി എം.വി. ഗോവിന്ദന്‍ മാസ്റ്റര്‍, ആരോഗ്യ വകുപ്പ് മന്ത്രി വീണ ജോര്‍ജ് എന്നിവരുടെ നേതൃത്വത്തില്‍ ഉന്നതതല യോഗം ചേര്‍ന്നു. സംസ്ഥാനത്ത് വേനല്‍മഴ ശക്തമായ സാഹചര്യത്തിലും തുടര്‍ന്ന് വരുന്ന മഴക്കാലത്തിന് മുന്നോടിയായി പകര്‍ച്ചവ്യാധി പ്രതിരോധ നിയന്ത്രണ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജ്ജിതമാക്കുവാനുമാണ് യോഗം സംഘടിപ്പിച്ചത്.

കോവിഡ് സാഹചര്യത്തിലും പകര്‍ച്ചവ്യാധി പ്രതിരോധം ഊര്‍ജിതമാക്കാന്‍ തീരുമാനം. എല്ലാ വകുപ്പുകളും ഏകോപിച്ച് പകര്‍ച്ചവ്യാധി പ്രതിരോധം ശക്തിപ്പെടുത്തുന്നതാണ്. ഇതിനായി കര്‍മ്മപദ്ധതി തയ്യാറാക്കുന്നതാണ്. മുഖ്യമന്ത്രിയുടെ നിര്‍ദേശ പ്രകാരം ജൂണ്‍ 5, 6 തീയതികളില്‍ എല്ലാ വകുപ്പുകളുടെയും നേതൃത്വത്തില്‍ ശുചീകരണ യജ്ഞം നടത്താനും തീരുമാനിച്ചു. ബോധവത്ക്കരണ പ്രവര്‍ത്തനങ്ങളും ഇതോടൊപ്പം നടത്തും.

വാര്‍ഡുതല ആരോഗ്യ ശുചിത്വ പോഷണ സമിതികളുടെയും തദ്ദേശ ഭരണ സ്ഥാപനങ്ങളുടെയും നേതൃത്വത്തില്‍ ആര്‍.ആര്‍.ടി. ടീം, സന്നദ്ധ സേനാ പ്രവര്‍ത്തകര്‍, റെസിഡന്റ്സ് അസോസിയേഷനുകള്‍, യുവജന സംഘടനകള്‍, രാഷ്ട്രീയ പാര്‍ട്ടികള്‍, വിദ്യാര്‍ത്ഥികള്‍, കുടുംബശ്രീ പ്രവര്‍ത്തകര്‍ എന്നിവര്‍ ഉള്‍പ്പെടെയുള്ളവരെ ഏകോപിപ്പിച്ചായിരിക്കും ശുചീകരണ പ്രവര്‍ത്തനങ്ങള്‍ നടക്കുക.