തെക്കന്‍ ജില്ലകളില്‍ കനത്ത മഴ, 11 ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

single-img
26 May 2021

യാസ് ചുഴലിക്കാറ്റിന്റെ പ്രഭാവം സംസ്ഥാനത്തും. തെക്കന്‍ജില്ലകളില്‍ കനത്ത മഴ തുടരുകയാണ്. ഇന്ന് 11 ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. മലപ്പുറം, വയനാട്, കാസര്‍കോട് ഒഴികെയുളള ജില്ലകളിലാണ് ജാഗ്രതാനിര്‍ദ്ദേശം. കാലവര്‍ഷം കേരളത്തോട് കൂടുതല്‍ അടുത്തതായി കേന്ദ്ര കാലാവസ്ഥാവകുപ്പ് അറിയിച്ചു. ജൂണ്‍ ഒന്നിന് മുന്‍പുതന്നെ കാലവര്‍ഷം കേരളത്തില്‍ എത്തിയേക്കും. ഇത്തവണ മികച്ച മഴ തന്നെ ലഭിക്കുമെന്നാണ് പ്രവചനം.

ജല നിരപ്പ് ഉയര്‍ന്നതോടെ മൂഴിയാര്‍, മണിയാര്‍, കല്ലാര്‍കുട്ടി, അരുവിക്കര ഡാമുകളുടെ ഷട്ടറുകള്‍ തുറന്നു. നദികളുടെ കരകളില്‍ താമസിക്കുന്നവര്‍ ജാഗ്രതാ പാലിക്കണമെന്ന് അധികൃതര്‍ നിര്‍ദ്ദേശിച്ചു. മൂഴിയാര്‍ അണക്കെട്ടിന്റെ മൂന്ന് ഷട്ടറുകള്‍ 30 സെന്റി മീറ്റര്‍ ഉയര്‍ത്തി. മണിയാര്‍ അണക്കെട്ടിന്റെ നാല് ഷട്ടറുകള്‍ 50 സെന്റിമീറ്റര്‍ ഉയര്‍ത്തി. പമ്പയുടെയും കക്കാട്ടാറിന്റെയും തീരത്ത് താമസിക്കുന്നവര്‍ ജാഗ്രത പാലിക്കന്നമെന്ന് ജില്ലാ ഭരണകൂടം മുന്നറിയിപ്പ് നല്‍കി. ജലനിരപ്പ് ക്രമീകരിക്കുന്നതിന്റെ ഭാഗമായി ഇടുക്കി കല്ലാര്‍കുട്ടി അണക്കെട്ടിന്റെ ഒരു ഷട്ടര്‍ തുറന്നു. മുതിരപ്പുഴയാര്‍, പെരിയാര്‍ തീരങ്ങളില്‍ ഉള്ളവര്‍ ജാഗ്രത പാലിക്കണമെന്ന് അധികൃതര്‍ അറിയിച്ചു.

എറണാകുളം ജില്ലയിലെ വിവിധ ഭാഗങ്ങള്‍ രാവിലെ മുതല്‍ കനത്ത മഴയാണ് പെയ്യുന്നത്. മലയോരമേഖലയില്‍ താമസിക്കുന്നവര്‍ അതീവ ജാഗ്രത പാലിക്കണമെന്ന് കാലാവസ്ഥാ കേന്ദ്രം മുന്നറിയിപ്പ് നല്‍കി.