വായ്പ തട്ടിപ്പ് നടത്തി രാജ്യം വിട്ട വജ്ര വ്യാപാരി മെഹുല്‍ ചോക്‌സിയെ ഒളിവില്‍ കഴിഞ്ഞിരുന്ന ആന്റിഗ്വ ബര്‍ബുഡയില്‍ നിന്നും കാണാതായതായി റിപ്പോർട്ട്

single-img
25 May 2021

പഞ്ചാബ് നാഷണല്‍ ബാങ്കില്‍ നിന്ന് 14,000 കോടി രൂപയുടെ വായ്പ തട്ടിപ്പ് നടത്തി രാജ്യം വിട്ട വജ്ര വ്യാപാരി മെഹുല്‍ ചോക്‌സി (61) യെ ഒളിവില്‍ കഴിഞ്ഞിരുന്ന കരീബിയന്‍ രാജ്യമായ ആന്റിഗ്വ ബര്‍ബുഡയില്‍ നിന്നും കാണാതായതായി റിപ്പോര്‍ട്ട്.

ബാങ്ക് തട്ടിപ്പിലും കളളപ്പണം വെളുപ്പിച്ചതിലും സി.ബി.ഐയും എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റും അന്വേഷിക്കുന്ന കുറ്റവാളിയാണ് മെഹുല്‍ ചോക്‌സി. 2018ലാണ് ചോക്‌സിക്കെതിരെ കേസെടുത്തിരിക്കുന്നത്. ചോക്‌സിയെ കാണാനില്ലെന്ന് അദ്ദേഹത്തിന്റെ അഭിഭാഷകന്‍ വിജയ് അഗര്‍വാള്‍ പറഞ്ഞു. കുടുംബവും അന്റിഗ്വന്‍ പോലീസും അദ്ദേഹത്തിനായി തിരച്ചില്‍ നടത്തുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.

ചോക്‌സിക്കായി അന്വേഷണം നടക്കുന്ന വിവരം പോലീസ് കമ്മീഷണര്‍ ആറ്റ്‌ലീ റോഡ്‌നീയെ ഉദ്ധരിച്ച് പ്രദേശി വാര്‍ത്ത ഏജന്‍സി ആന്റിഗ്വ ന്യുസ്‌റൂം റിപ്പോര്‍ട്ട് ചെയ്തു. അതേസമയം, ഇക്കാര്യത്തില്‍ ആന്റിഗ്വയില്‍ നിന്ന് ഔദ്യോഗികമായ ഒരു അറിയിപ്പും ലഭിച്ചിട്ടില്ലെന്നാണ് സി.ബി.ഐയുടെ നിലപാട്. ഇക്കാര്യത്തില്‍ ഇന്ത്യയിലെ ആന്റിഗ്വന്‍ എംബസിയോട് സ്ഥിരീകരണം തേടുമെന്ന് സി.ബി.ഐ അറിയിച്ചു.

കഴിഞ്ഞ ദിവസം വൈകിട്ട് ഭക്ഷണം കഴിക്കുന്നതിനായി ദ്വീപിലെ ദക്ഷിണ മേഖലയിലുള്ള ഒരു ഭക്ഷണശാലയിലേക്ക് പോയതായിരുന്നു ചോക്‌സി. പിന്നീട് ഇയാളെ ആരും കണ്ടിട്ടില്ല. ഇദ്ദേഹത്തിന്റെ കാര്‍ പിന്നീട് കണ്ടെത്തിയെങ്കിലും ആളെ കുറിച്ച് വിവരമില്ല.
ആന്റിഗ്വന്‍ പൗരത്വമുള്ള ചോക്‌സി ഇന്ത്യയിലേക്ക് നാടുകടത്തുന്നത് തടയാനുള്ള നിയമപോരാട്ടത്തിലാണ്. വിവിധ രാജ്യങ്ങളില്‍ നിന്നും നികുതി വെട്ടിച്ച് എത്തുന്നവര്‍ക്ക് അധികകാലം സുരക്ഷിത താവളമാകില്ലെന്ന് ആന്റിഗ്വന്‍ പ്രധാനമന്ത്രി ഗാസ്റ്റണ്‍ ബ്രൗണി കഴിഞ്ഞയിടെ വ്യക്തമാക്കിയിരുന്നു.