കൊവിഡ് ഇന്ത്യന്‍ വകഭേദം എന്നത് അശാസ്ത്രീയ പരാമര്‍ശം; ശശി തരൂരിനെ അയോഗ്യനാക്കണമെന്ന് ബിജെപി നേതാവ്

single-img
25 May 2021

കൊവിഡ് വൈറസിന്റെ ഇന്ത്യന്‍ വകഭേദം എന്ന് പരാമർശം നടത്തിയതിൽ ശശി തരൂര്‍ എം പിയെ പാര്‍ലമെന്റില്‍ അയോഗ്യനാക്കണമെന്ന് ആവശ്യപ്പെട്ട് ബി ജെ പി നേതാവ് നിഷാന്ത് ദുബേ. ഈ ആവശ്യവുമായി അദ്ദേഹം ലോക്‌സഭാ സ്പീക്കര്‍ ഓം ബിര്‍ളയ്ക്ക് നിഷാന്ത് കത്തയച്ചു.വൈറസിന്റെ ബി.1.617 എന്ന കൊവിഡ് വകഭേദത്തെ ‘ഇന്ത്യന്‍ വകഭേദം’ എന്ന് വിശേഷിപ്പിച്ച് ശശിതരൂര്‍ സോഷ്യല്‍ മീഡിയയില്‍ ട്വീറ്റ് ചെയ്തിരുന്നു.

തരൂരിന്റെ ഈ ട്വീറ്റിനെതിരെയാണ് ദുബേ കത്തയച്ചിരിക്കുന്നത്. ഒരു പാര്‍ലമെന്റ് അംഗത്തില്‍ നിന്നുള്ള ഉത്തരവാദിത്തമില്ലാത്ത പെരുമാറ്റത്തിന്റെ അങ്ങേയറ്റം എന്നാണ് ദുബേ ഇതിനെവിശേഷിപ്പിച്ചത്. ഇതേവരെ ലോകാരോഗ്യ സംഘടന തന്നെഈ രീതിയില്‍ ഒരു വകഭേദമുണ്ടെന്ന് പറഞ്ഞിട്ടില്ലെന്നും അങ്ങിനെയുള്ളപ്പോഴാണ് തരൂരിനെ പോലെയുള്ള ഒരാള്‍ അശാസ്ത്രീയമായ ഒരു കാര്യം പറഞ്ഞിരിക്കുന്നതെന്നും ദുബേ കത്തില്‍ ചൂണ്ടിക്കാട്ടി.

അതേസമയം, വൈറസിന് ഇന്ത്യന്‍ വകഭേദമില്ലെന്ന് അടുത്തിടെ കേന്ദ്ര സര്‍ക്കാര്‍ തന്നെ പറഞ്ഞിരുന്നു. മാത്രമല്ല, സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകളില്‍ വരുന്ന അത്തരം പോസ്റ്റുകള്‍ നീക്കം ചെയ്യാന്‍ ആവശ്യപ്പെടുകയും ചെയ്തിരുന്നു.