ശബരിമല വിഷയത്തില്‍ അക്കാദമിക്കായ ചര്‍ച്ചയ്ക്കാണ് കോണ്‍ഗ്രസ് ശ്രമിച്ചത്: വി ഡി സതീശന്‍

single-img
24 May 2021

കേരളത്തില്‍ ഒരിക്കലും ആചാരസംരക്ഷണ നിയമമെന്ന തീരുമാനം യുഡിഎഫ് എടുത്തിട്ടില്ലെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. അത്തരത്തില്‍ ഒരു നിയമം പല വ്യക്തികളുടെ നിര്‍ദേശമായിരുന്നു. മതപരമായ കാര്യങ്ങള്‍ ഏതറ്റം വരെ പോകാമെന്ന കാര്യത്തില്‍ സ്‌റ്റേറ്റിന് ഏത് വരെ പോകാമെന്ന ഡിബേറ്റിനാണ് കോണ്‍ഗ്രസ് ശ്രമിച്ചത്.ഇക്കാര്യത്തില്‍ അക്കാദമിക്കായ ചര്‍ച്ചക്ക് വേണ്ടിയായിരുന്നു കോണ്‍ഗ്രസ് ശ്രമമെന്നും ശബരിമല വിഷയത്തില്‍ എല്‍ഡിഎഫ് സംഘപരിവാറിന് വളം വച്ചുകൊടുത്തുവെന്നും അദ്ദേഹം പറഞ്ഞു.

ശബരിമല വിഷയത്തില്‍ സര്‍ക്കാര്‍ ഒരു വാശിയോടെ വിശ്വാസികളെ വെല്ലുവിളിച്ച് സുപ്രീം കോടതി വിധി നടപ്പാക്കാന്‍ ശ്രമിച്ചാല്‍ വര്‍ഗീയ രാഷ്ട്രീയത്തിന് വിത്ത് വിതക്കുന്നതിന് തുല്യമെന്നായിരുന്നു കോണ്‍ഗ്രസ് സ്വീകരിച്ചിരുന്ന നിലപാട്.

ശരിക്കും ശബരിമലയില്‍ സര്‍ക്കാര്‍ നിലപാട് കൊണ്ട് ഗുണം കിട്ടിയത് സംഘപരിവാറിനാണ്.മുന്നോട്ടുപോകാന്‍ കോണ്‍ഗ്രസില്‍ പ്രൊഫഷണലിസം കൊണ്ടുവരണമെന്നും വി ഡി സതീശന്‍ അഭിപ്രായപ്പെട്ടു. ഒരിക്കലും നായര്‍ ബ്രാന്‍ഡ് ചെയ്യേണ്ടയാളല്ല രമേശ് ചെന്നിത്തലയെന്നും വി ഡി സതീശന്‍ പറഞ്ഞു. അതേസമയം, സംസ്ഥാനത്തെ ക്ഷേത്രങ്ങളിലെ ഭണ്ഡാരത്തിലെത്തുന്ന തുക സര്‍ക്കാര്‍ കൊണ്ടുപോകുന്നുവെന്ന പ്രചരണം കോണ്‍ഗ്രസിലും സിപിഎമ്മിലും ഉള്ളവര്‍ പോലും വിശ്വസിച്ചിരുന്നു.

കോണ്‍ഗ്രസ് ഒരു മാസം ഗവേഷണം നടത്തിയാണ് സംഘപരിവാറിന്റെ ആ പ്രചരണം പാടെ ഇല്ലാതാക്കിയത്. സംസ്ഥാനത്തെ വര്‍ഗീയവല്‍ക്കരിക്കാന്‍ ശബരിമല ഉപയോഗിക്കരുതെന്നായിരുന്നു കോണ്‍ഗ്രസ് നിലപാട്. വിശ്വാസ സംരക്ഷണ ജാഥയല്ല, പൂര്‍ണ്ണമായ രാഷ്ട്രീയ ജാഥയാണ് ശബരിമലയില്‍ കോണ്‍ഗ്രസ് നടത്തിയതെന്നും സതീശന്‍ പറഞ്ഞു.