ദാമനീസ് എന്ന ആദിവാസികളായ മുക്കുവരെ ഒറ്റ രാത്രി കൊണ്ട് ഒഴിപ്പിച്ച പ്രഫുൽ പട്ടേൽ

single-img
24 May 2021

രഞ്ജിത്ത് ആന്റണി

ദാമനും, ദിയു വും പോർച്ചുഗീസ് കോളനികളായിരുന്നു. പിന്നീട് ഇൻഡ്യൻ യൂണിയൻ ടെറിറ്ററി പ്രദേശങ്ങളായി. മുഖ്യമന്ത്രിയൊ, നിയമസഭയൊ ഇല്ല. കേന്ദ്രം നിയമിക്കുന്ന ഒരു അഡ്മിനിസ്ട്രേറ്ററാണ് അവിടുത്തെ പ്രധാനി. ദാമനും, ദിയുവും, നാഗർ ഹവേലിയുമൊക്കെ ചെറിയ ഡിസ്ട്രിക്റ്റുകളാണ്. അതിനാൽ അതിന്റെ ഒക്കെ അഡ്മിനസ്ട്രേറ്റർമ്മാർ ഐഎഎസ് ഉദ്യോഗസ്ഥരാണ്.

ആദ്യമായി ദാമനിൽ അഡ്മിനിസ്ട്രേറ്റർ പദവിയിൽ എത്തുന്ന ഒരു പൊളിറ്റിക്കൽ അപ്പോയിന്റീ അഡ്മിനിസ്ട്രേറ്റർ പ്രഫുൽ കോഡ പട്ടേൽ എന്നൊരു വിദ്വാനായിരുന്നു. 2016 ലാണ് ആശാൻ ദാമനിൽ കാലു കുത്തുന്നത്.

വന്നിറങ്ങിയ ഉടൻ കോഡ പട്ടേൽ പണി തുടങ്ങി. ആദ്യം ചെയ്തത്. ദാമന്റെ ഒരരുകിൽ കടലിനഭിമുഖമായി കിടക്കുന്ന ഒരു കിലോമീറ്റർ നീളമുള്ള പ്രകൃതി മനോഹരമായ വാട്ടർ ഫ്രണ്ട് ഒഴുപ്പിച്ചെടുക്കുക എന്നതായിരുന്നു. ദാമനീസ് എന്ന ആദിവാസികളായ മുക്കുവരെ ആണ് 2019 നവമ്പറിൽ ഒറ്റ രാത്രി കൊണ്ട് ഒഴിപ്പിച്ചത്. 1000 ത്തിലേറെ വർഷങ്ങൾ അവർ ജീവിച്ചിരുന്നു ചുറ്റുപാടുകളിൽ നിന്ന് അവർ ആട്ടിയിറക്കപ്പെട്ടു. അന്താരാഷ്ട്ര ശ്രദ്ധയൊക്കെ നേടിയ ഒഴിപ്പിക്കലായിരുന്നു.

ദാമനികളുടെ ഒരു വലിയ പോപ്പുലേഷൻ ഇംഗ്ലണ്ടിലോട്ട് കുടിയേറിയിട്ടുണ്ട്. ഏകദേശം 12,000 പേർ ഇംഗ്ലണ്ടിലെ ലീസ്റ്ററിൽ താമസിക്കുന്നുണ്ട്. അവരുടെ എം.പി കീത്ത് വാസ് ദാമനിൽ പറന്നെത്തി പ്രഫുൽ കോഡ പട്ടേലിനെ കണ്ട് ഒഴിപ്പിക്കുന്ന പരിപാടികൾ നിർത്തണം എന്നൊക്കെ ആവശ്യപ്പെട്ടിരുന്നു. അങ്ങോരെ സ്ഥലമൊക്കെ കാണിച്ചു ചുറ്റി നടത്തി അടുത്ത പ്ലെയിനിൽ കയറ്റി പറഞ്ഞു വിട്ടു. എന്നിട്ട് നേരെ വന്ന് ബുൾഡോസർ കൊണ്ട് വന്ന് കൊച്ച് പിച്ച് കുട്ടികളേം അമ്മമാരെയും വീട്ടീന്നിറക്കി വീട് നെരപ്പാക്കി കൊടുത്തു.

ഒറ്റ രാത്രികൊണ്ട് ആ മുക്കുവർ തെരുവിലായി. അവർ ഇന്ന് മോട്ടി ഡാമനിലെ ഒരു ചേരിയിൽ കുടിൽ കെട്ടി താമസിക്കുന്നു. 500 കൊല്ലം പോർച്ചുഗീസ് കൈവശം വെച്ച സ്ഥലമാണ്. ക്രൂരമായ അധിനിവേശങ്ങളുടെ മുറിവുകൾ ഇനിയും മാറിയിട്ടില്ല. ആ അധിനിവേശക്കാർക്ക് കഴിയാത്തതാണ് പ്രഫുൽ പട്ടേൽ സാധിച്ചെടുത്ത്.


കുറ്റം പറയരുത്. ആ സ്ഥലം ഇന്ന് ബിനോദ് ചൌധരി എന്ന നേപ്പാളീസ് കോടീശ്വരന്റെ സിജി കോര്‍പ് ഗ്ലോബലിന്റെ കയ്യിലാണ്. അവിടെ മുക്കുവ കുടിലുകൾ പോലെ കോട്ടേജുകൾ കെട്ടിയിട്ടിട്ടുണ്ട്. ദിവസം $60 തൊട്ട് $80 ഡോളർ കൊടുത്താൽ നിങ്ങക്ക് ആ കോട്ടേജിൽ കിടന്ന് ടെന്റ ടൂറിസം ആസ്വദിക്കാം. ഒരു 2 കിലോമീറ്റർ അപ്പറത്ത് ആ സ്ഥലത്തിന്റെ ഒറിജിനൽ അവകാശികൾ ടെന്റ് കെട്ടി വേറെ താമസിക്കുന്നുണ്ട്.

ഈ പ്രഫുൽ കോഡ പട്ടേലാണ് ലക്ഷദീപിൽ ചെന്നിറങ്ങിയിരിക്കുന്നത്. ദാമനിൽ ചെന്നത് ബിനോദ് ചൌധരിയുടെ കൊട്ടേഷനുമായാണ്. ഇവിടെ എത്തിയിരിക്കുന്നത് ആരുടെ കൊട്ടേഷനാണെന്ന് വഴിയെ നമ്മൾ അറിയും.