യാസ് ചുഴലിക്കാറ്റിന്റെ പശ്ചാത്തലത്തില്‍ പ്രധാനമന്ത്രി ഇന്ന് ഉദ്യോഗസ്ഥരുമായി ചര്‍ച്ച നടത്തും

single-img
23 May 2021
narendra modi twitter

രാജ്യത്തെ യാസ് ചുഴലിക്കാറ്റിനെതിരായ തയാറെടുപ്പുകള്‍ വിലയിരുത്തുന്നതിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് വകുപ്പുതല ഉദ്യോഗസ്ഥരുമായി ചര്‍ച്ച നടത്തും. സര്‍ക്കാര്‍ ഉദ്യോഗസ്ഥരും ദുരന്തനിവാരണ, ടെലികോം, പവര്‍, സിവില്‍ ഏവിയേഷന്‍ ഉദ്യോഗസ്ഥരും പങ്കെടുക്കും. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്ഷായും മറ്റ് മന്ത്രിമാരും യോഗത്തില്‍ പങ്കെടുക്കും.

ദുരന്ത നിവാരണ പ്രവര്‍ത്തനങ്ങള്‍ക്കായി ഒഡിഷ, പശ്ചിമ ബംഗാള്‍ തീരങ്ങളില്‍ അടക്കം ഇന്ത്യന്‍ സൈന്യം സജ്ജമാണ്. യാസ് ചുഴലിക്കാറ്റ് മുന്നറിയിപ്പിനെ തുടര്‍ന്ന് ഒഡിഷയില്‍ പന്ത്രണ്ടോളം ട്രെയിനുകള്‍ റദ്ദാക്കി. ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജിയും ഒഡിഷ മുഖ്യമന്ത്രി നവീന്‍ പട്നായിക്കും രക്ഷാ പ്രവര്‍ത്തനങ്ങള്‍ക്കുള്ള മുന്നൊരുക്കല്‍ വിലയിരുത്തി.

മധ്യകിഴക്കന്‍ ബംഗാള്‍ ഉള്‍ക്കടലില്‍ ശനിയാഴ്ച രാവിലെയാണ് ന്യൂനമര്‍ദം രൂപപ്പെട്ടത്. സഞ്ചാരപഥത്തില്‍ കേരളമില്ല.

കേരളം അടക്കമുള്ള സംസ്ഥാനങ്ങളില്‍ 26 വരെ വിവിധ ജില്ലകളില്‍ ഒറ്റപ്പെട്ട ശക്തമായ മഴയുണ്ടാകും. 26ന് രാവിലെ പശ്ചിമ ബംഗാളിനും വടക്കന്‍ ഒഡീഷ തീരത്തിനുമിടയില്‍ ചുഴലിക്കാറ്റ് എത്തിച്ചേരും. വൈകിട്ട് കര തൊടും. ന്യൂനമര്‍ദത്തിന്റെ പ്രതീക്ഷിക്കുന്ന സഞ്ചാര പഥത്തില്‍ കേരളം ഇല്ലെങ്കിലും ബുധനാഴ്ച വരെ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്നു മുന്നറിയിപ്പുണ്ട്.