പ്രതിപക്ഷത്തെ ഇനി വിഡി സതീശന്‍ നയിക്കും; കൊവിഡ് മഹാമാരിയില്‍ പോരാടാന്‍ സര്‍ക്കാരിന് പൂര്‍ണപിന്തുണയെന്ന് വിഡി സതീശന്‍

single-img
22 May 2021

വി ഡി സതീശനെ പ്രതിപക്ഷ നേതാവായി തെരഞ്ഞെടുത്ത് ഹൈക്കമാന്‍ഡ്. ദേശീയ നേതൃത്വം തീരുമാനം കേരള നേതാക്കളെ അറിയിച്ചു. ഇതോടെ നേതൃമാറ്റം വേണമെന്ന ആവശ്യം ഹൈക്കമാന്‍ഡ് അംഗീകരിച്ചിരിക്കുകയാണ്. എംഎല്‍എമാരുടെ പിന്തുണ ആദ്യ ഘട്ടത്തില്‍ തന്നെ സതീശനായിരുന്നു. യുവ എംഎല്‍എമാരുടെ ഗ്രൂപ്പിന് അതീതമായ പിന്തുണയാണ് നിര്‍ണായകമായ തീരുമാനത്തിന് കാരണം.

ഭരണപക്ഷം യുവനേതൃത്വത്തെ രംഗത്തിറക്കുമ്പോള്‍ പ്രതിപക്ഷം പഴയ തലമുറയില്‍ നില്‍ക്കുന്നത് പ്രതിച്ഛായയെ ബാധിക്കുമെന്നായിരുന്നു ഭൂരിപക്ഷ അഭിപ്രായം. രാഹുല്‍ ഗാന്ധിയുടെ നിലപാട് ഇക്കാര്യത്തില്‍ നിര്‍ണായകമായി. യുവ എംഎല്‍എമാരുടെ നിലപാട് കാണാതെ പോകരുത്. കേരളത്തില്‍ ഇപ്പോള്‍ എടുക്കുന്ന നിലപാട് ദേശീയ തലത്തിലും ഒരു സന്ദേശമാവും. അതുകൊണ്ട് തന്നെ എത്രയും വേഗം വിഡി സതീശനെ പ്രതിപക്ഷ നേതാവായി പ്രഖ്യാപിക്കണമെന്നായിരുന്നു രാഹുല്‍ ഗാന്ധിയുടെ നിലപാട്.

കൊവിഡ് മഹാമാരിയില്‍ പോരാടാന്‍ സര്‍ക്കാരിന് പൂര്‍ണ പിന്തുണ നല്‍കുമെന്ന് വി.ഡി സതീശന്‍ പറഞ്ഞു. ഏല്‍പ്പിച്ചിരിക്കുന്നത് വെല്ലുവിളികള്‍ നിറഞ്ഞ ചുമതലയാണെന്നും ജനങ്ങള്‍ ആഗ്രഹിക്കുന്നത് പോലെ പ്രവര്‍ത്തിക്കുമെന്നും വി.ഡി സതീശന്‍ പ്രതികരിച്ചു.

‘യുഡിഎഫിന്റെയും ഇന്റര്‍നാഷണല്‍ കോണ്‍ഗ്രസിന്റെയും ഏറ്റവും പ്രതിസന്ധി നിറഞ്ഞ സമയത്ത് വളരെ പ്രധാനപ്പെട്ട ചുമതല എന്നെ ഏല്‍പ്പിച്ച കോണ്‍ഗ്രസ് പ്രസിഡന്റ് സോണിയാ ഗാന്ധിയോടും രാഹുല്‍ഗാന്ധിയോടും കെ. സി വേണുഗോപാലിനോടും താരിഖ് അന്‍വറിനോടും പ്രത്യേകമായി നന്ദി അറിയിക്കുന്നു. കോണ്‍ഗ്രസ് പാര്‍ലമെന്ററി പാര്‍ട്ടി അംഗങ്ങളോടും കേരളത്തില്‍ നിന്നുള്ള എംപിമാരോടും മുതിര്‍ന്ന നേതാക്കളോടും കടപ്പെട്ടിരിക്കുകയാണ്. കെ. കരുണാകരനും ഉമ്മന്‍ചാണ്ടിയും രമേശ് ചെന്നിത്തലയും അടക്കം മഹാരഥന്മാര്‍ ഇരുന്ന സ്ഥാനത്ത് എന്നെ അനുവദിച്ച തീരുമാനത്തില്‍ വിസ്മയം തോന്നുന്നു. വെല്ലുവിളികള്‍ ഉണ്ടെന്ന തികഞ്ഞ ബോധ്യത്തോടുകൂടി കേരളത്തിലെ കോണ്‍ഗ്രസിനെയും യുഡിഎഫിനെയും ഐതിഹാസികമായ തിരിച്ചുവരിവിലേക്ക് നയിക്കാന്‍ കഴിയുമെന്ന ആത്മവിശ്വാസത്തോടെ പ്രതിപക്ഷ നേതാവ് പദവി ഏറ്റെടുക്കുകയാണ്- പ്രതിപക്ഷനേതാവ് പറഞ്ഞു.