വാക്സിന്‍ ക്ഷാമം രൂക്ഷം; ഡല്‍ഹിയില്‍ 18 മുതല്‍ 44 വരെ പ്രായമുള്ളവര്‍ക്ക് വാക്സിനേഷന്‍ നിര്‍ത്തിവച്ചു

single-img
22 May 2021

ഡല്‍ഹിയില്‍ 18 മുതല്‍ 44 വയസ് വരെ പ്രായമുള്ളവര്‍ക്ക് കൊവിഡ് വാക്സിനേഷന്‍ നിര്‍ത്തിവച്ചതായി മുഖ്യമന്ത്രി അരവിന്ദ് കെജരിവാള്‍. വാക്സിന്‍ ക്ഷാമത്തെ തുടര്‍ന്നാണ് നടപടി. ‘ഡല്‍ഹി വാക്സിന്‍ ക്ഷാമം നേരിടുകയാണ്. അവശേഷിക്കുന്ന വാക്സിന്‍ ഡോസുകള്‍ ഇന്ന് വൈകുന്നേരത്തോടെ തീരും. നാളെ മുതല്‍ എല്ലാ വാക്സിനേഷന്‍ സെന്ററുകളും അടച്ചിടും’. മുഖ്യമന്ത്രി പറഞ്ഞു.

കൂടുതല്‍ വാക്സിന്‍ ഡോസുകള്‍ ആവശ്യപ്പെട്ട് കേന്ദ്രത്തിന് കത്തയച്ചിട്ടുണ്ട്. പ്രതിമാസം ഡല്‍ഹിക്ക് വേണ്ടത് 60 ലക്ഷം ഡോസ് വാക്സിനാണ്. എന്നാല്‍ മെയ് മാസം ലഭിച്ചത് 16 ലക്ഷം മാത്രമാണ്. ജൂണില്‍ 8 ലക്ഷം ഡോസ് വാക്സിന്‍ മാത്രമേ നല്‍കൂ എന്നാണ് കേന്ദ്രം അറിയിച്ചിരിക്കുന്നത്. 18മുതല്‍ 44വരെ പ്രായമുള്ളവര്‍ക്ക് 2.5 കോടി വാക്സിന്‍ ആവശ്യമുണ്ട്. പ്രതിമാസം 8 ലക്ഷം മാത്രം തന്നാല്‍ വാക്സിനേഷന്‍ പൂര്‍ത്തിയാക്കാന്‍ 30 മാസമെങ്കിലും എടുക്കും.അപ്പോഴേക്കും നിരവധി പേര്‍ കൊവിഡ് ബാധിച്ച് മരിക്കും’. മുഖ്യമന്ത്രി പറഞ്ഞു.
കേന്ദ്രസര്‍ക്കാര്‍ കൂടുതല്‍ ഉത്തരവാദിത്വം കാണിക്കണമെന്നും വിദേശ മരുന്ന് കമ്പനികള്‍ക്ക് ഇന്ത്യയില്‍ വാക്സിന്‍ നിര്‍മിക്കാനുള്ള അനുമതി നല്‍കണമെന്നും അരവിന്ദ് കെജരിവാള്‍ ആവശ്യപ്പെട്ടു.