പ്രതിപക്ഷ സ്ഥാനത്തേക്കുള്ള വിഡി സതീശന്റെ വരവ് യുഡിഎഫിന്റെ തിരിച്ചുവരവിന് സഹായകരമാകും; എകെ ആന്റണി

single-img
22 May 2021

പ്രതിപക്ഷ നേതാവായി വി ഡി സതീശനെ തെരഞ്ഞെടുത്ത തീരുമാനം കോണ്‍ഗ്രസിന്റേയും യുഡിഎഫിന്റേയും ശക്തമായ തിരിച്ചുവരവിന് സഹായകരമാകുമെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും മുന്‍ മുഖ്യമന്ത്രിയുമായ എകെ ആന്റണി. പ്രതിപക്ഷനേതാവായി തിരഞ്ഞെടുക്കപ്പെട്ട വിഡി സതീശന് അഭിനന്ദനങ്ങള്‍. പൂര്‍ണ്ണ പിന്തുണ നല്‍കുമെന്നും ആന്റണി പ്രതികരിച്ചു.

എഐസിസി തീരുമാനം പ്രഖ്യാപിച്ചതിന് പിന്നാലെ അഭിനന്ദിച്ച് രമേശ് ചെന്നിത്തലയടക്കം രംഗത്തെത്തി. കോണ്‍ഗ്രസ് പാര്‍ലമെന്ററി പാര്‍ട്ടി നേതാവിനെ തെരഞ്ഞെടുക്കാനുള്ള യോഗത്തില്‍ നേതാവിനെ തെരെഞ്ഞെടുക്കാന്‍ ഹൈക്കമാന്റിനെ ചുമതലപ്പെടുത്തിരുന്നു. ഇപ്പോള്‍ വി.ഡി സതീശനെ നേതാവായി തെരെഞ്ഞെടുത്ത് കൊണ്ടുള്ള ഹൈക്കമാന്റ് തീരുമാനം വന്നു. അതിനെ അംഗീകരിക്കുന്നുവെന്നും രമേശ് ചെന്നിത്തല പ്രസ്താവനയില്‍ പറഞ്ഞു.

ക്രിയാത്മക പ്രതിപക്ഷത്തിന് നേതൃത്വം നല്‍കാന്‍ സതീശന് കഴിയുമെന്ന് കെസി വേണുഗോപാലും പ്രതികരിച്ചു. കാലഘട്ടത്തിന് അനുയോജ്യമായ തീരുമാനമാണ്. പാര്‍ട്ടിയിലെ എല്ലാവരും അംഗീകരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സംസ്ഥാന കോണ്‍ഗ്രസിലെ തലമുറ മാറ്റത്തിനു കൂടി തുടക്കമിടുകയാണ് പ്രതിപക്ഷ നേതൃപദവിയിലേക്ക് വി ഡി സതീശനെ നിയമിച്ചതോടെ കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ്. ഭരണത്തുടര്‍ച്ചയുമായി രാഷ്ട്രീയ വിജയത്തിന്റെ അത്യുന്നതിയില്‍ നില്‍ക്കുന്ന പിണറായിയെ നേരിടുന്നതിനൊപ്പം സ്വന്തം പാര്‍ട്ടിയിലെ അതൃപ്തരെ അനുനയിപ്പിക്കലും പുതിയ പ്രതിപക്ഷ നേതാവിന് മുന്നിലെ വെല്ലുവിളിയാണ്