കർഷക ബില്ലുകൾ പിൻവലിക്കാതെ ബിജെപിയെയും ആർ‌എസ്എസിനെയും പ്രവർത്തിക്കാൻ അനുവദിക്കില്ലെന്ന് കർഷകർ

single-img
21 May 2021

പഞ്ചാബിലെ റോപാർ ജില്ലയില്‍ ആർഎസ്‌എസിന്റെ ആഭിമുഖ്യത്തിൽ നടത്തിവന്ന രക്തദാന ക്യാമ്പ് അലങ്കോലപ്പെടുത്തി കർഷക ബില്ലിനെതിരെ സമരം ചെയ്യുന്ന കർഷകർ. വിവാദമായ കർഷക ബില്ലുകൾ പിൻവലിക്കാതെ ബിജെപിയെയും ആർ‌എസ്എസിനെയും പ്രവർത്തിക്കാൻ അനുവദിക്കില്ലെന്ന് പറഞ്ഞുകൊണ്ട് കീ‌ർത്തി കിസാൻ മോർച്ച, സംയുക്ത് കിസാൻ മോ‌ർച്ച എന്നീ കർഷക സംഘടനകളാണ് പഞ്ചാബിലെ റോപാർ ജില്ലയിലെ ക്യാമ്പിലെത്തി തടസം ഉണ്ടാക്കിയത്.

കർഷകർ എത്തുന്നത് മുന്‍കൂട്ടി അറിഞ്ഞതിനാല്‍ വൻ പൊലീസ് സംഘമാണ് സ്ഥലത്ത് ക്യാമ്പ് ചെയ്‌തിരുന്നത്. പക്ഷെ മുന്നൂറോളം വരുന്ന കർഷകർ രക്തദാന ക്യാമ്പിന്റെ വേദിയിലെത്തി പരിപാടി തടസപ്പെടുത്തുകയായിരുന്നു. ക്യാമ്പ് ആരംഭിച്ചതോടെ ഇവരെ തടഞ്ഞ് സ്ഥാപിച്ചിരുന്ന ബാരിക്കേഡുകൾ ചാടിക്കടന്ന് അകത്ത് കയറിയ സംഘം സ്ഥലത്ത് വലിയ രീതിയില്‍ നാശമാണുണ്ടാക്കിയത്.

ഇവിടെ ക്യാമ്പ് തടസപ്പെടുത്തിയ പിന്നാലെ ഡൽഹി അതിർത്തിയായ തരാൻ തരാനിലേക്ക് യുവാക്കളും വനിതകളും ഉള്‍പ്പെടുന്ന ഒരുകൂട്ടം കര്‍ഷകര്‍ നീങ്ങുകയും ചെയ്തു. നേരത്തെ തന്നെ എടുത്ത തീരുമാനമനുസരിച്ച് ഇവർ പ്രതിഷേധിക്കാൻ പോകുകയാണെന്ന് കർഷകസംഘടനയായ കിസാൻ മജ്‌ദൂ സംഘർഷ് കമ്മി‌റ്റി അറിയിച്ചു.തുടര്‍ന്ന് എല്ലാ കർഷകരും പുതിയ കർഷക ബില്ലുകൾക്കെതിരെ വീടുകളിലും വാഹനങ്ങളിലും കരിങ്കൊടി കെട്ടി പ്രതിഷേധിക്കും.